ഇന്ത്യൻ സിനിമാലോകം ഒന്നടങ്കം ഏറെ കൗതുകത്തോടെ കാത്തിരിക്കുന്ന ചിത്രമാണ് 'കല്‍ക്കി 2898 എഡി'. പ്രഭാസ്, കമൽഹാസന്‍, അമിതാഭ് ബച്ചന്‍, ദീപിക പദുക്കോണ്‍ തുടങ്ങി വൻ താരനിര അണിനിരക്കുന്ന ഈ സിനിമ ഇന്ത്യന്‍ ഇതിഹാസങ്ങളിലും പുരാണങ്ങളിലും ഊന്നിക്കൊണ്ട്, ഭാവിയില്‍ നടക്കുന്ന കഥയാണ് പറയുന്നത്. നാഗ് അശ്വിന്‍ ആണ് കല്‍ക്കി 2898 എഡി എന്ന ഈ സയന്‍സ് ഫിക്ഷന്‍ ചിത്രത്തിന്‍റെ സംവിധായകൻ.
കഴിഞ്ഞ ദിവസങ്ങളിൽ പ്രഭാസും കൽക്കിയുമെല്ലാം വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ സിനിമയുമായി ബന്ധപ്പെട്ട പ്രഭാസിന്‍റെ ഒരു പോസ്റ്റാണ് സമൂഹ മാധ്യമങ്ങളിൽ ചൂടൻ ചർച്ചകൾക്ക് വഴിവച്ചത്. ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ കുറിച്ചുള്ള 'പ്രിയപ്പെട്ടൊരാൾ' എന്ന പ്രഭാസിന്‍റെ പോസ്റ്റ് താരത്തിന്‍റെ വ്യക്തിജീവിതവുമായി ബന്ധപ്പെട്ടതാണെന്ന് ആരാധകരടക്കം തെറ്റിദ്ധരിക്കുകയായിരുന്നു.
ഇപ്പോഴിതാ ആ കഥാപാത്രം മറനീക്കി പുറത്തുവരികയാണ്. ചിത്രത്തില്‍ പ്രഭാസ് അവതരിപ്പിക്കുന്ന ഭൈരവ എന്ന കഥാപാത്രത്തിന്‍റെ ഉറ്റ ചങ്ങാതിയായ 'ബുജ്ജി'യുടെ രൂപം മെയ് 22ന് പ്രേക്ഷകര്‍ക്ക് മുന്നില്‍ അണിയറ പ്രവര്‍ത്തകര്‍ വെളിപ്പെടുത്തും. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ 'ബില്‍ഡിങ് എ സൂപ്പര്‍സ്റ്റാര്‍ ബുജ്ജി' എന്ന വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
ഒരു കൊച്ചു റോബോട്ട് ആയ ബുജ്ജിയ്‌ക്ക് മറ്റൊരു രൂപം നല്‍കാന്‍ ചിത്രത്തിന്‍റെ അണിയറ പ്രവര്‍ത്തകര്‍ ശ്രമിക്കുന്നത് വീഡിയോയിൽ കാണാം. എന്നാല്‍ അവരുടെ ശ്രമങ്ങളെല്ലാം ഫലിക്കാതെ വന്നതോടെ നിരാശപ്പെട്ട് നിൽക്കുന്ന ബുജ്ജിയെ സഹായിക്കാന്‍ പ്രഭാസിന്‍റെ കഥാപാത്രമായ സാക്ഷാല്‍ ഭൈരവ തന്നെ എത്തുകയാണ്. ബുജ്ജിയ്‌ക്ക് പുതിയൊരു രൂപവും വാഹനവും ഭൈരവ ഒരുക്കിയിട്ടുണ്ട്. അതാണ് മെയ് 22-ന് അനാവരണം ചെയ്യപ്പെടുക. ബുജ്ജിയുടെ പുതിയ രൂപം എന്താകുമെന്നും ആരാണ് ബുജ്ജിയുടെ വേഷം ചെയ്യുക എന്നുമെല്ലാം ഉടൻ വെളിവാകും.