തെലുഗ് സിനിമാലോകത്ത് നിന്നെത്തി പാന്‍ ഇന്ത്യന്‍ വിസ്‌മയമായി മാറിയ പ്രഭാസ് ചിത്രം 'കല്‍ക്കി 2898 എഡി' ജപ്പാനിൽ റിലീസിന്. എപ്പിക്ക് സയന്‍സ് ഫിക്ഷന്‍ വിഭാഗത്തില്‍ പെടുന്ന നാഗ് അശ്വിന്‍ രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രം ജപ്പാൻ പുതുവർഷാഘോഷമായ ഷൊഗാത്സു ഫെസ്റ്റിവലിനോട് അനുബന്ധിച്ചാണ് 2025 ജനുവരി 3ന് റിലീസിനെത്തുന്നത്. 'കൽക്കി'യുടെ സോഷ്യൽ മീഡിയ പേജുകളിലൂടെയാണ് ജപ്പാൻ റിലീസിന് മുന്നോടിയായുള്ള പോസ്റ്റർ എത്തിയിരിക്കുന്നത്.
സംഘർഷവും കാലാവസ്ഥാ ദുരന്തവും മൂലം നശിപ്പിക്കപ്പെട്ട ഒരു ഡിസ്ടോപിയൻ പ്രപഞ്ചത്തിൽ സജ്ജീകരിച്ചിരിക്കുന്ന ഈ ചിത്രം, പ്രവചനങ്ങൾക്കും പുരാതന രഹസ്യങ്ങൾക്കുമിടയിൽ തൻറെ വിധിയുമായി മല്ലിടുന്ന ശക്തനായ യോദ്ധാവായ ഭൈരവയുടെ (പ്രഭാസ്) കഥയാണ് പറയുന്നത്. ഇന്ത്യൻ ഇതിഹാസമായ ‘മഹാഭാരത’ ത്തിലെ അമർത്യനായ അശ്വത്ഥാമ എന്ന കഥാപാത്രമായി അമിതാഭ് ബച്ചനാണ് വേഷമിട്ടത്. നായികാ കഥാപാത്രമായി ദീപിക പദുക്കോണും കൽക്കിയെ നേരിടാൻ തയ്യാറായ വില്ലനായ സുപ്രീം യാസ്ക്കിൻ ആയി കമൽ ഹാസനും വേഷമിട്ടിരിക്കുന്നു.
ജൂണ്‍ 27 ന് ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെത്തിയ ചിത്രം ഇന്ത്യന്‍ സിനിമയിലെ എക്കാലത്തെയും വലിയ വിജയങ്ങളില്‍ ഒന്നായിരുന്നു. 600 കോടി ബഡ്ജറ്റിൽ ഒരുങ്ങിയ ചിത്രം ആഗോള ബോക്സ് ഓഫീസില്‍ നിന്ന് 1200 കോടിയിലേറെയാണ് നേടിയത്. ഇപ്പോഴിതാ ജപ്പാൻ സിനിമാലോകത്തെ പ്രധാനികളിലൊരാളായ കബാറ്റ കെയ്സൊയുടെ കീഴിലുള്ള ട്വിൻ ചിത്രം ജപ്പാനിൽ വിതരണത്തിനെത്തിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇന്ത്യന്‍ സിനിമയിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള താരങ്ങളില്‍ ഒരാളായ പ്രഭാസ് നായകനായെത്തിയ ചിത്രത്തില്‍ അമിതാഭ് ബച്ചന്‍, കമല്‍ ഹാസന്‍, ദീപിക പദുകോണ്‍, ദിഷ പഠാനി, ശാശ്വത ചാറ്റര്‍ജി, ബ്രഹ്മാനന്ദം, രാജേന്ദ്ര പ്രസാദ്, ശോഭന, പശുപതി, അന്ന ബെന്‍ തുടങ്ങി വന്‍ താരനിരയാണ് കൽക്കിയിൽ ഒരുമിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ അടക്കമുള്ളവര്‍ അതിഥി താരങ്ങളായും എത്തിയിരുന്നു.