എറണാകുളം: മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രത്തിലെ 'ലൂസ് അടിക്കടാ' എന്ന ഒരൊറ്റ ഡയലോഗ് കൊണ്ട് പ്രേക്ഷക ഹൃദയങ്ങളിൽ ചിരപ്രതിഷ്‌ഠ നേടിയ നടനാണ് ചന്തു സലിംകുമാർ. ഇടിയൻ ചന്തു, നടികർ, ഇപ്പോൾ തീയറ്ററുകളിൽ പ്രദർശനം തുടരുന്ന പൈങ്കിളി എന്നീ ചിത്രങ്ങളിൽ ചന്തു സലിം കുമാറിന്‍റെ പ്രകടനം ശ്രദ്ധേയമായിരുന്നു. സിനിമാ ജീവിത വിശേഷങ്ങൾ പങ്കുവച്ച് ചന്തു സലിംകുമാർ ഇടിവി ഭാരതിനോട് സംസാരിക്കുന്നു...
മലയാളത്തിന്‍റെ അതുല്യ നടൻ സലീം കുമാറിനേക്കാൾ പ്രശസ്‌തനാണോ മകൻ ചന്തു?
കേരളത്തിന്‍റെ അതിർത്തി കടന്നാൽ അച്ഛനേക്കാൾ പ്രശസ്‌തൻ ഞാൻ തന്നെയാണെന്നാണ് ചിരിച്ചുകൊണ്ട് ചന്തുവിന്‍റെ ആദ്യ മറുപടി. 'അതിന് പ്രധാനപ്പെട്ട കാരണം മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം തന്നെയാണ്. ഭാഷയുടെ അതിർവരമ്പുകൾ ലംഘിച്ച് ആ ചിത്രം നേടിയത് വലിയ വിജയമാണ്. തമിഴ്‌നാട്ടിൽ സിനിമ ചരിത്ര വിജയം നേടി. എല്ലാ ഭാഷയിലും മഞ്ഞുമ്മൽ ബോയ്‌സ് എന്ന സിനിമയ്ക്ക് വലിയ ആരാധകരെ സൃഷ്‌ടിക്കാൻ സാധിച്ചു.
സിനിമയുടെ വിജയാഘോഷങ്ങൾക്ക് എല്ലാ നാട്ടിലും ഞങ്ങൾ പോയിരുന്നു. കമൽഹാസനെയും രജനീകാന്തിനെയും ഒക്കെ ഈ സിനിമയുടെ ഭാഗമായി സന്ദർശിക്കാൻ സാധിച്ചു. സ്വാഭാവികമായും ചിത്രത്തിലെ 'ലൂസ് അടിക്കടാ' എന്ന ഡയലോഗ് സിനിമ കണ്ടിരുന്ന പ്രേക്ഷകരുടെ ഹൃദയത്തിൽ സ്‌പർശിച്ചതാണ്. അതുകൊണ്ടുതന്നെ പ്രേക്ഷകർ ഏതൊക്കെ കഥാപാത്രങ്ങളെ മറന്നാലും എന്നെ മറക്കാൻ ഇടയില്ല.
പിന്നെ ഒടിടി യുഗം മലയാള സിനിമയെ കൂടുതൽ ജനപ്രിയമാക്കിയിട്ടുണ്ട്. പഴയ കാലത്തേക്കാൾ സിനിമയുടെ ക്വാളിറ്റി കൂടി എന്ന് ഞാൻ വിശ്വസിക്കുന്നില്ല. മലയാള സിനിമയ്ക്ക് ആശയപരമായി എക്കാലവും ഗുണമേന്മയുണ്ടായിരുന്നു. ഒടിടിയുടെ അതിപ്രസരം തന്നെയാണ് എന്നെപ്പോലുള്ളവരെ അന്യഭാഷ പ്രേക്ഷകരുടെ സുപരിചിത വ്യക്തിത്വം ആക്കിത്തീർത്തതെന്ന്' ചന്തു സലിംകുമാർ പറഞ്ഞു.
പൈങ്കിളി മലയാള സിനിമ പ്രേക്ഷകർക്ക് ഇഷ്‌ടപ്പെട്ട ഫോർമുലയിൽ ഒരുക്കിയ സിനിമയാണെന്ന് ചന്തു സലിംകുമാർ.
'ജഗദീഷേട്ടനും ജയറാമേട്ടനും ഒക്കെ ഒരുകാലത്ത് പരീക്ഷിച്ച ഫോർമുലയിലൂടെ തന്നെയാണ് പൈങ്കിളിയും സഞ്ചരിക്കുന്നത്. അത്തരം കോമഡികൾ മലയാളികൾക്ക് ഇപ്പോഴും ഇഷ്‌ടമാണ്. പക്ഷേ പൂർണമായും പഴയകാല രീതി പിന്തുടരാതെ ആധുനിക കാലത്ത് ആവശ്യമായ എല്ലാ ചേരുവകളും ഈ സിനിമയിലുണ്ട്.
സിനിമയുടെ ഈ വ്യത്യസ്‌തത പ്രേക്ഷകർക്കിടയിൽ വിഭിന്നാഭിപ്രായം സൃഷ്‌ടിക്കുന്നുണ്ടെങ്കിലും ഭൂരിഭാഗം പേർക്കും ചിത്രം ഇഷ്‌ടപ്പെടുന്നുണ്ട്. സോഷ്യൽ മീഡിയയിലെ അഭിപ്രായങ്ങൾ വിലയ്ക്ക് എടുക്കുന്നില്ല. സോഷ്യൽ മീഡിയ അല്ല യഥാർഥ ലോകം. സോഷ്യൽ മീഡിയയിൽ സിനിമയെ പറ്റിയുള്ള ചില നെഗറ്റീവ് കാര്യങ്ങളൊക്കെ കണ്ടിട്ടാകും ഞങ്ങൾ തിയേറ്റർ വിസിറ്റിന് എത്തുക.
സിനിമയെക്കുറിച്ച് മോശം ആരെങ്കിലും എഴുതിയാൽ മാനസികമായി ചില വിഷമങ്ങൾ സ്വാഭാവികമായും ഉണ്ടാകുമല്ലോ. പക്ഷേ തിയേറ്റർ എത്തുമ്പോൾ ഞങ്ങൾ കാണുന്നത് പ്രേക്ഷകർ ഒന്നടങ്കം പൊട്ടിച്ചിരിക്കുന്നതാണ്. സിനിമ കഴിയുമ്പോൾ കയ്യടിക്കുന്നു. പ്രേക്ഷകരെ കാണാൻ എത്തിയ ഞങ്ങളോട് വളരെ സന്തോഷമായി അവർ പ്രതികരിക്കുന്നു.'
സോഷ്യൽ മീഡിയയെ പൂർണമായി വിശ്വസിച്ചുകൊണ്ട് ഒരു സിനിമയെ വിലയിരുത്തരുതെന്ന് ചന്തു സലിംകുമാർ
സോഷ്യൽ മീഡിയ പകുതിമുക്കാലും കാപട്യങ്ങളുടെ ലോകമാണ്. ഒരു മനുഷ്യൻ മനുഷ്യനോട് ആത്മാർഥതയോടെ പെരുമാറുന്നത് യഥാർഥ ജീവിതത്തിൽ മാത്രമാണ്. യഥാർഥ ജീവിതത്തിൽ കാണുന്നതും കേൾക്കുന്നതും സോഷ്യൽ മീഡിയയേക്കാൾ കുറച്ചുകൂടി വിശ്വസിക്കാം.
അങ്ങനെ ഒരു തിരിച്ചറിവ് ഇക്കാലത്തെ പ്രേക്ഷകർക്കുണ്ടാകണം പൈങ്കിളിയിലെ കഥാപാത്രങ്ങളുടെ പ്രകടനങ്ങൾ കുറച്ച് ലൗഡ് ആണ് അതുകൊണ്ട് സിനിമയുടെ ആസ്വാദന തലം മോശമാണ് എന്ന് പറയുന്നവരൊക്കെ ഉണ്ട്. സിനിമ കാണാത്തവരുടെ അഭിപ്രായമാണത്.
സിനിമ കണ്ട് ഇറങ്ങുന്നവർ ആരും തന്നെ പൈങ്കിളി എന്ന ചിത്രത്തെക്കുറിച്ച് മോശം പറഞ്ഞതായി കേട്ടില്ലെന്നും ചന്തു സലിംകുമാർ പറയുന്നു. പൈങ്കിളി ഒരു പരീക്ഷണ ചിത്രമാണെന്നും ചന്തു പറയുന്നു. പരീക്ഷണ ചിത്രങ്ങളെ പ്രോത്സാഹിപ്പിച്ചാൽ മാത്രമേ മലയാളത്തിൽ വ്യത്യസ്‌തതയുള്ള സിനിമകൾ സംഭവിക്കുകയുള്ളൂ.
സംവിധായകർക്ക് മാറി ചിന്തിക്കാൻ എങ്കിൽ മാത്രമേ സ്പെയ്‌സ് ലഭിക്കുകയുള്ളൂ. അല്ലാത്തപക്ഷം സിനിമകൾക്ക് മാറ്റം സംഭവിക്കാൻ കാലങ്ങളേറെ എടുക്കും. പരീക്ഷണ ചിത്രങ്ങൾക്ക് എന്തെങ്കിലും തട്ടുകേട് സംഭവിച്ചാൽ സംവിധായകനും തിരക്കഥാകൃത്തുക്കളും നിർമാതാക്കളും പുതുമയോട് വിമുഖത കാണിക്കും. അങ്ങനെ സംഭവിക്കാൻ പാടില്ല ചന്തു പറഞ്ഞു.
ജീവിതത്തിലെ സലിംകുമാർ മൊമെന്‍റ്
ഉദയനാണ് താരം എന്ന ചിത്രത്തിൽ പ്രസിദ്ധമായ ഒരു രംഗമുണ്ട്. മോഹൻലാലിന്‍റെ കഥാപാത്രമായ ഉദയഭാനു സംവിധാനം ചെയ്യുന്ന ആദ്യ സിനിമയിൽ സലിംകുമാറിന്‍റെ കഥാപാത്രമായ റഫീഖ്, തന്നെ സ്ക്രീനിൽ കാണിക്കുമ്പോൾ ആനന്ദ പുളകിതനാകുന്നുണ്ട്. സോഷ്യൽ മീഡിയയിൽ വ്യാപകമായി ഉപയോഗിക്കുന്ന വളരെ പ്രസിദ്ധമായി ഒരു മീം ആണിത്. ഇതേ രീതിയിൽ ഒരു സലിം കുമാർ മീം ജീവിതത്തിൽ സംഭവിച്ചിട്ടുണ്ട് എന്ന് ചന്തു തുറന്നുപറഞ്ഞു.
'ബാലതാരമായിട്ടാണ് സിനിമയിലേക്ക് കടന്നുവരുന്നത്. മമ്മൂട്ടി ചിത്രം ലവ് ഇൻ സിംഗപ്പൂരിൽ അച്ഛന്‍റെ കുട്ടിക്കാലം അവതരിപ്പിച്ചത് ഞാനാണ്. അതുപോലെ മാലിക് എന്ന ചിത്രത്തിലും അച്ഛന്‍റെ കുട്ടിക്കാലം ഞാൻ അവതരിപ്പിച്ചിരുന്നു. അച്ഛന്‍റെ അഡ്രസിൽ നിന്ന് മാറി ആദ്യമായി ചെയ്യുന്ന സിനിമ മഞ്ഞുമ്മൽ ബോയ്‌സ് ആണ്.
ഒരുപക്ഷേ ക്ലൈമാക്‌സ് രംഗത്തിലെ 'ലൂസ് അടിക്കടാ' എന്ന രംഗം കണ്ട് ഉദയനാണ് താരം സിനിമയിലെ ഫേമസ് സലിംകുമാർ മീം ജീവിതത്തിൽ സംഭവിച്ചിട്ടുണ്ടാകണം'- ചന്തു സലിംകുമാർ പറഞ്ഞു. ലൂസ് അടിക്കടാ എന്ന സീൻ മാത്രമല്ല ആ സിനിമയിൽ തന്നെ സ്ക്രീനിൽ കാണുമ്പോഴൊക്കെ ഉദയനാണ് താരം സിനിമയിലെ റഫീഖ് തീയേറ്ററിൽ ഇരുന്ന് നിർവൃതി അടയുന്നതുപോലെ അനുഭവപ്പെട്ടെന്നും ചന്തു കൂട്ടിച്ചേർത്തു.
അച്ഛനുമായി താരതമ്യം ചെയ്യപ്പെടുമ്പോൾ...
സലിംകുമാറുമായി ഒരു താരതമ്യം പ്രേക്ഷകരുടെ ഭാഗത്തുനിന്നും എപ്പോഴും സംഭവിക്കുന്നുണ്ടെന്ന് ചന്തു സലിംകുമാർ പറഞ്ഞു. 'പരമാവധി അച്ഛന്‍റെ മാനറിസങ്ങൾ പിടിക്കാതിരിക്കാനുള്ള ശ്രമം നടത്തും. പക്ഷേ ഞാൻ എത്രയൊക്കെ വ്യത്യസ്‌തമായി പ്രകടനം കാഴ്‌ചവയ്ക്കാൻ ശ്രമിച്ചാലും പ്രേക്ഷകർ സാമ്യം തോന്നുന്നതായി പറയും.
ഒന്നാമത് അച്ഛന്‍റെ അതേ രൂപഭാവമാണ് എനിക്ക്. എന്‍റെ നോട്ടവും ചിരിയും കണ്ണുകളും ഒക്കെ അച്ഛന്‍റേതിന് സമാനമാണ്. അതുകൊണ്ടൊക്കെ തന്നെ സ്വാഭാവികമായും മലയാളിയെ ഏറ്റവും അധികം സ്വാധീനിച്ച സലിംകുമാർ എന്ന നടനെ മലയാളിക്ക് എന്നെ കാണുമ്പോൾ ഓർമ്മ വരും.
ഞാൻ മനപ്പൂർവ്വം അച്ഛനെ അനുകരിക്കാൻ ശ്രമിക്കാറില്ല. പിന്നെ സ്വാഭാവികമായി വരുന്ന ഭാവങ്ങളെ എനിക്ക് ഒന്നും ചെയ്യാൻ സാധിക്കുകയുമില്ല. അച്ഛന്‍റെ കഥാപാത്രങ്ങളെ എല്ലാവർക്കും ഇഷ്‌ടമാണ്. അച്ഛന്‍റെ അഭിനയത്തിന്‍റെ മീറ്റർ മറ്റൊരു നടനും അവകാശപ്പെടാൻ ഇല്ലാത്തതുമാണ്. അച്ഛനെപ്പോലെ ആകാൻ എനിക്ക് ഒരിക്കലും സാധിക്കില്ല. അച്ഛന്‍റെ ഛായ എന്‍റെ തെറ്റല്ലല്ലോ....! ചന്തു സലിംകുമാർ വ്യക്തമാക്കി.
മലയാള സിനിമയിലെ റിയലിസ്റ്റിക് അപ്രോച്ച്
ഒരു കാലഘട്ടത്തിൽ റിയലിസ്റ്റിക് സിനിമകൾ മാത്രമായിരുന്നു മലയാള സിനിമയുടെ സംഭാവന. എന്നാൽ റിയലിസ്റ്റിക് സിനിമ സംവിധാനം ചെയ്യാനും അഭിനയിക്കാനും വളരെ എളുപ്പമാണെന്ന് അച്ഛൻ സലിംകുമാർ അടക്കമുള്ള കലാകാരന്മാർ പറയുന്നത് കേട്ടിട്ടുണ്ടെന്ന് ചന്തു പറഞ്ഞു.
'റിയലിസ്റ്റിക് സിനിമകളിൽ അഭിനയിക്കാൻ എളുപ്പമാണെന്ന് അച്ഛനൊക്കെ പറയുന്നത് കേൾക്കുമ്പോൾ എനിക്ക് യോജിക്കാൻ സാധിച്ചിരുന്നില്ല. റിയലിസ്റ്റിക് അല്ലേ ഏറ്റവും പാട് എന്ന് ചിന്തിച്ചിരുന്നു. പക്ഷേ അഭിനയ മേഖലയിലേക്ക് കടന്നു വന്നപ്പോഴാണ് അവരൊക്കെ പറഞ്ഞതിന്‍റെ യാഥാർഥ്യം ബോധ്യപ്പെടുന്നത്.
നാച്ചുറൽ ആയിട്ട് അഭിനയിക്കാൻ വളരെ എളുപ്പമാണ്. ഒരു ലൗഡ് ആയുള്ള കഥാപാത്രത്തെ അഭിനയിച്ചു ഫലിപ്പിക്കാൻ വളരെ പ്രയാസമാണ്. നാച്ചുറൽ ആക്റ്റിങ്ങിൽ കഥാപാത്രത്തെ ഉൾക്കൊണ്ട് വളരെ സാധാരണമായി പെർഫോം ചെയ്‌താൽ മതിയാകും.
എന്നാൽ പുലിവാൽ കല്യാണം പോലുള്ള സിനിമകളിൽ അച്ഛൻ ചെയ്‌തത് പോലുള്ള കഥാപാത്രങ്ങൾ ചെയ്‌തു ഫലിക്കുക അത്ര എളുപ്പമല്ല. കഥാപാത്രം കൈയിൽ നിന്ന് പോകാൻ വളരെയധികം സാധ്യതയുണ്ട്.'- ചന്തു വ്യക്തമാക്കി.
സലിംകുമാർ ഒരുപാട് അഭിനയ മുഹൂർത്തങ്ങൾ കാഴ്‌ചവച്ച കഥാപാത്രങ്ങൾ ഉണ്ടെങ്കിലും അദ്ദേഹത്തിന്‍റെ സ്രാങ്കും മണവാളനും ഒക്കെയാണ് ഇപ്പോഴും ജനപ്രിയം. അച്ഛന് നാഷണൽ അവാർഡ് വരെ ലഭിച്ചിട്ടുണ്ട്. പക്ഷേ ആദാമിന്‍റെ മകൻ അബു എന്ന സിനിമയിലെ കഥാപാത്രത്തെക്കാൾ പ്രശസ്‌തനാണ് ചട്ടമ്പിനാട് എന്ന സിനിമയിലെ മാക്രി ഗോപാലൻ. സുരാജ് വെഞ്ഞാറമൂടിന്‍റെ കാര്യമെടുത്ത് പരിശോധിച്ചാലും സ്ഥിതി വ്യത്യസ്‌തമല്ല. ഇപ്പോഴത്തെ എത്രയോ സിനിമകളിൽ അദ്ദേഹം ഗംഭീര കഥാപാത്രങ്ങളെ അവതരിപ്പിച്ചു. പക്ഷേ സുരാജ് അങ്കിളിന്‍റെ മുഖം പ്രേക്ഷകരുടെ മനസിലേക്ക് എത്തുമ്പോൾ ആദ്യം ഓടി വരിക ദശമൂലം ദാമുവിനെ ആയിരിക്കും.
നാച്ചുറൽ സിനിമകൾ മാത്രം സംഭവിക്കുന്നതുകൊണ്ട് മലയാളം സിനിമയുടെ മൂല്യം വർധിക്കുകയൊന്നുമില്ല. എല്ലാത്തരം സിനിമകളും ഇവിടെ സംഭവിക്കണം. എപ്പോഴും ലൗഡ് ആയ സിനിമയും ലൗഡായ കഥാപാത്രങ്ങളും ആകും പ്രേക്ഷകരെ ഏറ്റവും കൂടുതൽ സ്വാധീനിക്കുക എന്നും ചന്തു വ്യക്തമാക്കി.
സലിംകുമാറിന്‍റെ സിനിമ ടേസ്റ്റ്
നടൻ സലിംകുമാറിന് പുലിവാൽ കല്യാണം, ചതിക്കാത്ത ചന്തു പോലുള്ള സിനിമകൾ മലയാളത്തിൽ എക്കാലവും സംഭവിക്കണമെന്നാണ് ആഗ്രഹം എന്ന് ചന്തു വെളിപ്പെടുത്തി.
അതുകൊണ്ടുതന്നെ പൈങ്കിളി പോലുള്ള സിനിമകൾ അദ്ദേഹം ആവേശത്തോടെ കാണും. നാച്ചുറൽ അഭിനയം കാഴ്‌ചവയ്ക്കുന്നതിനേക്കാൾ ഓവർ ദ ടോപ്പ് പ്രകടനം കാഴ്‌ചവയ്ക്കുന്നവരെ മാത്രമാണ് അച്ഛൻ യഥാർഥ കലാകാരനായി വിലയിരുത്തുന്നത്.
ഇപ്പോഴത്തെ റിയലിസ്റ്റിക് അഭിനേതാക്കളെ അംഗീകരിക്കാൻ അച്ഛൻ സലിം കുമാർ തയ്യാറല്ലെന്നും ചന്തു പറഞ്ഞു.
അച്ഛാ ഒരു സിനിമ ഇറങ്ങി നല്ല റിയലിസ്റ്റിക് സിനിമയാണ് അഭിനേതാക്കളുടെ പ്രകടനം ഒക്കെ നാച്ചുറൽ ആണ് എന്ന് പറഞ്ഞാൽ ഓക്കേ.. ഓക്കേ.. നന്നായി വരട്ടെ എന്നുമാത്രം പറഞ്ഞു അച്ഛൻ ആ വഴിയങ്ങ് പോകും. അച്ഛൻ ഒരുകാലത്ത് ചെയ്‌തതുപോലുള്ള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന വരെ ബഹുമാനത്തോടെയാണ് കാണുന്നത്.
നടൻ ബാലു വർഗീസിനെ അതുകൊണ്ടുതന്നെ അദ്ദേഹത്തിന് വളരെ ഇഷ്‌ടമാണ്. സൗബിൻ ഷാഹിറിന്‍റെ പ്രകടനം അദ്ദേഹത്തിന് വളരെ ഇഷ്‌ടമാണ്. സൗബിൻ ഇക്ക ഓവർ ദ ടോപ്പ് പ്രകടനവും ചെയ്യും നാച്ചുറൽ ആയിട്ടും അഭിനയിക്കും.
പൈങ്കിളി എന്ന സിനിമയെ കുറിച്ച് അച്ഛനോട് ആദ്യം അഭിപ്രായം പറയുന്നത് നാദിർഷ അങ്കിളാണ്. അച്ഛൻ സിനിമ കണ്ടിട്ടില്ല. നമ്മുടെ പഴയ ഒരു മീറ്റർ ആണ് ഇവർ ഇപ്പോൾ പിടിച്ചിരിക്കുന്നത് എന്ന് നാദിർഷാ അങ്കിൾ അച്ഛനോട് പറഞ്ഞു. അത് കേട്ട ശേഷമാണ് പൈങ്കിളി സിനിമയെ കുറിച്ച് അച്ഛൻ എന്നോട് കാര്യമായി സംസാരിച്ചു തുടങ്ങുന്നത് എന്നും ചന്തു വ്യക്തമാക്കി. ചന്തു അഭിനയിച്ച മഞ്ഞുമ്മൽ ബോയ്‌സ് എന്ന ചിത്രം മാത്രമാണ് തിയേറ്ററിൽ പോയി സലിംകുമാർ കണ്ടിട്ടുള്ളത് എന്നും ചന്തു പറഞ്ഞു.
അതും സിനിമ റിലീസ് ചെയ്‌ത് ഒരു മാസം കഴിഞ്ഞ ശേഷം. കേരളത്തിലുള്ള പല സുഹൃത്തുക്കളും സിനിമയെക്കുറിച്ച് നല്ല അഭിപ്രായം പറഞ്ഞിട്ടും അച്ഛൻ സിനിമ കാണാൻ കൂട്ടാക്കിയില്ല. സലിംകുമാറിന്‍റെ ചില തമിഴ് സുഹൃത്തുക്കൾ അദ്ദേഹത്തെ വിളിച്ച് സിനിമയെക്കുറിച്ച് മികച്ച അഭിപ്രായം പറഞ്ഞപ്പോഴാണ് സലിംകുമാർ മഞ്ഞുമ്മൽ ബോയ്‌സ് കാണാൻ തയ്യാറായതെന്ന് ചന്തു പറഞ്ഞു. സിനിമയുടെ കാര്യത്തിലേക്ക് വരുമ്പോൾ സലിംകുമാറിന് അച്ഛൻ മകൻ ബന്ധമൊന്നുമില്ല എന്നാണ് ചന്തുവിനെ അഭിപ്രായം.
അച്ഛനോടൊപ്പം സിനിമയിൽ അഭിനയിക്കണമെന്നില്ല
അച്ഛനോടൊപ്പം ഒരേ സിനിമയിൽ അഭിനയിക്കണമെന്ന് ഒരിക്കലും ആഗ്രഹം തോന്നിയിട്ടില്ല എന്ന് ചന്തു സലീം കുമാർ പറഞ്ഞു.'മമ്മൂക്കയുടെ കൂടെ വേണമെങ്കിൽ ഞാൻ അഭിനയിക്കും. അങ്ങനെ ഒരു ആഗ്രഹവും ഉണ്ട്. പക്ഷേ അച്ഛന്‍റെ കൂടെ... ഒരു സാധ്യതയുമില്ല എന്ന് ചന്തു അടിവരയിട്ട് പറയുന്നു. ഭയങ്കര പേടിയാണ് എനിക്ക് അച്ഛനെ. അച്ഛന്‍റെ മീറ്റർ ഒന്നും കൂടെ പിടിച്ചു നിൽക്കാൻ സാധിക്കില്ല. അങ്ങനെ ഒരു ആഗ്രഹം ജീവിതത്തിൽ തോന്നിയിട്ടില്ലെന്നും ചന്തു പറയുന്നു.
വക്കീലാകണമെന്ന് ആഗ്രഹിച്ചു സിനിമ നടനായി...
പിജി വിദ്യാഭ്യാസത്തിനു ശേഷം വീട്ടിൽ വെറുതെ നിൽക്കാൻ ആഗ്രഹമില്ലാത്തതിന്‍റെ അടിസ്ഥാനത്തിലാണ് മൂന്ന് വർഷം എൽഎൽബി കോഴ്‌സിന് ചേരാൻ തീരുമാനിക്കുന്നത്. പഠനത്തിന് സലിംകുമാർ സമ്മതം മൂളി. സിവിൽ സർവീസ് ഒരു മോഹമായി ഉണ്ടായിരുന്നു മനസിൽ അപ്പോഴും. തിരുവനന്തപുരത്ത് വന്ന് കോഴ്‌സ് അറ്റൻഡ് ചെയ്യണം എന്നൊക്കെ ആഗ്രഹിക്കുന്നതിനിടയിലാണ് എൽഎൽബിക്ക് ചേരുന്നത്. പഠനം പൂർത്തിയാക്കുന്നതിനു മുൻപ് തന്നെ മഞ്ഞുമ്മൽ ബോയ്‌സിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഒരുപക്ഷേ നേരത്തെ എത്തിയിരുന്നുവെങ്കിൽ എൽഎൽബി പഠിക്കാൻ പോകില്ലായിരുന്നുവെന്ന് ചന്തു പറഞ്ഞു.
സലിംകുമാറിന് മകനെ ഒരു സിനിമാ നടനാക്കുന്നതിനേക്കാൾ മികച്ച വിദ്യാഭ്യാസം നൽകി ഒരു ജോലിയ്ക്ക് അയക്കുവാനാണ് താത്പര്യം. പക്ഷേ ചന്തുവിനെ സിനിമ മോഹങ്ങൾക്ക് അച്ഛൻ സലിംകുമാർ മുടക്കം പറഞ്ഞില്ല. എൽഎല്‍ബിയുടെ ഫൈനൽ എക്‌സാം ഇതുവരെയും എഴുതിയിട്ടില്ല. സിനിമയിൽ മികച്ച അവസരങ്ങൾ ലഭിക്കുമ്പോഴും വിദ്യാഭ്യാസം പൂർത്തിയാക്കാനാണ് അച്ഛന്‍ ഇപ്പോഴും ആവശ്യപ്പെടുന്നത്.
സോഷ്യൽ മീഡിയയിലെ കടന്നാക്രമണങ്ങൾ
സോഷ്യൽ മീഡിയയിലൂടെ ഏറ്റവും കൂടുതൽ കടന്നാക്രമങ്ങൾ നേരിടുന്ന വ്യക്തിയാണ് താനെന്ന് ചന്തു പറയുന്നു. എന്നാൽ സോഷ്യൽ മീഡിയയിലെ കടന്നാക്രമണങ്ങൾ തനിക്ക് പുത്തരിയല്ല എന്നും താരം പറയുന്നു. സോഷ്യൽ മീഡിയയിൽ ആളുകൾ മോശം വാക്കുകൾ തനിക്കെതിരെ പ്രയോഗിക്കുമ്പോൾ വലിയ പുതുമ തോന്നാറില്ല. കാരണം ഇത്തരം സമാന സാഹചര്യങ്ങൾ ഞാൻ ആദ്യമായി അല്ല നേരിടുന്നത്. സിനിമയിലേക്ക് വരുന്നതിനു മുമ്പ് അച്ഛൻ സലിംകുമാറിന്‍റെ സോഷ്യൽ മീഡിയ പേജുകൾ കൈകാര്യം ചെയ്‌തിരുന്നത് ഞാനാണ്.
അച്ഛന് സോഷ്യൽ മീഡിയയിലൂടെ ലഭിക്കുന്ന അസഭ്യ വർഷങ്ങൾക്ക് ഒരു കുറവും സംഭവിച്ചിട്ടില്ല. പുള്ളി എന്തെങ്കിലുമൊക്കെ അഭിപ്രായങ്ങൾ പറയും നാട്ടുകാർ സോഷ്യൽ മീഡിയ ഹാൻഡിലിൽ വന്ന് പൊങ്കാലയിട്ടിട്ട് പോകും. അച്ഛൻ എന്തിനാണ് ഇങ്ങനെയുള്ള ആവശ്യമില്ലാത്ത അഭിപ്രായ പ്രകടനങ്ങളൊക്കെ നടത്തുന്നത് എന്ന് ചിന്തിച്ചിട്ടുണ്ട്. അച്ഛന് നേരെയുള്ള സോഷ്യൽ മീഡിയ ആക്രമണങ്ങൾ എന്നെ സംബന്ധിച്ചിടത്തോളം ആസ്വാദ്യകരമായിരുന്നു എങ്കിൽ കാര്യങ്ങൾ എനിക്ക് നേരെ തിരിയുമ്പോൾ അത്ര സുഖമുള്ളതായി തോന്നുന്നില്ല. മിണ്ടിയാലും കുറ്റം മിണ്ടിയില്ലെങ്കിലും കുറ്റം.
സിനിമയിൽ വളരെ സുഗമമായി കടന്നുവന്ന ഒരാളാണ് ഞാൻ. അതുകൊണ്ട് ഇത്തരം സോഷ്യൽ മീഡിയ അസഭ്യ വർഷങ്ങൾ നേരിടാൻ ഞാൻ ബാധ്യസ്ഥനാണ്. ഇതൊരു അഭിനേതാവിന്‍റെ സ്ട്രഗിളിങ് പോയിന്‍റ് ആയി കരുതുന്നു എന്നും ചന്തു സലിംകുമാർ വ്യക്തമാക്കി.