ഹൈദരാബാദ് : വ്യാജ പതിപ്പുകൾ പ്രചരിപ്പിക്കുന്ന പൈറസി വെബ്‌സൈറ്റുകൾ വിനോദ വ്യവസായത്തിന് വൻ നഷ്‌ടം വരുത്തുന്നുവെന്ന് പഠനം. പൈറസി വെബ്‌സൈറ്റുകൾ വഴി രാജ്യത്തെ ഉപഭോക്താക്കൾക്ക് വ്യക്‌തിഗത ഡാറ്റകൾ നഷ്‌ടപ്പെടുകയും, അവരുടെ കമ്പ്യൂട്ടറുകളിൽ വൈറസ് നിറയാനുമുള്ള സാധ്യത വളരെ കൂടുതലാണെന്നും ഇന്ത്യൻ സ്‌കൂൾ ഓഫ് ബിസിനസ് നടത്തിയ പഠനം പറയുന്നു. 'ദി പൈറസി-മാൽവെയർ നെക്‌സസ് ഇൻ ഇന്ത്യ' എന്ന തലക്കെട്ടിലാണ് ഐഎസ്ബി റിപ്പോർട്ട്.
അലയൻസ് ഫോർ ക്രിയേറ്റിവിറ്റി ആൻഡ് എന്‍റർടൈൻമെന്‍റ് (എസിഇ), യുഎസ് പേറ്റന്‍റ് ആൻഡ് ട്രേഡ്‌മാർക്ക് ഓഫീസ് (യുഎസ്‌പിടിഒ) എന്നിവയുടെ സഹകരണത്തോടെയാണ് റിപ്പോർട്ട് തയ്യറാക്കിയത്. കഴിഞ്ഞ വർഷം മെയ് 23 നും 29 നും ഇടയിൽ 18 വയസിന് മുകളിലുള്ള 1,037 പേരിൽ സർവേ നടത്തിയാണ് ഈ റിപ്പോർട്ട് തയ്യാറാക്കിയത്.
മറ്റുള്ള ഓൺലൈൻ വെബ്സൈറ്റുകളെയും പരസ്യങ്ങളെയും അപേക്ഷിച്ച് പൈറസി വെബ്‌സൈറ്റുകൾ വളരെയേറെ അപകടകരമാണെന്ന് പഠനം പറയുന്നു. പൈറസി സൈറ്റുകൾ തുറക്കുന്നത് വഴി അതത് സിസ്‌റ്റങ്ങളിലേക്ക് വൈറസ് നുഴഞ്ഞുകയറാനുള്ള സാധ്യത 59 ശതമാനത്തോളം ആണ്. വിനോദ മേഖലയ്ക്കാണ് ഡിജിറ്റൽ പൈറസി മൂലം വലിയ നഷ്‌ടമുണ്ടാകുന്നതെന്നാണ് നിഗമനം.