ആഗോള സിനിമയുടെ ആഘോഷമായ ഓസ്‌കര്‍ പുരസ്‌കാര ചടങ്ങുകള്‍ക്ക് ഇനി മണിക്കൂറുകള്‍ മാത്രമാണ് ശേഷിക്കുന്നത്. ലോസ് ആഞ്ചല്‍സിലെ ഡോള്‍ബി തിയേറ്ററില്‍ നാളെ ഇന്ത്യൻ സമയം രാവിലെ ഏഴ് മണിയോടെ ചടങ്ങുകള്‍ തുടങ്ങും. ഓസ്‌കറിന്‍റെ 96-ാം പതിപ്പിനാണ് നാളെ തിരശീല ഉയരുന്നത്.
ക്രിസ്റ്റഫര്‍ നോളന്‍റെ ഓപ്പണ്‍ഹെയ്‌മര്‍ പ്രധാനപ്പെട്ട 13 വിഭാഗങ്ങളിലാണ് മത്സരിക്കുന്നത്. ഇന്ത്യയില്‍ നിന്നും ഡോക്യുമെന്‍ററി ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 'ടു കില്‍ എ ടൈഗറും' മത്സരരംഗത്തുണ്ട്. ഗ്രാമി, ഗോൾഡൻ ഗ്ലോബ്, എമ്മി തുടങ്ങിയ പുരസ്‌കാര ചടങ്ങുകള്‍ക്ക് ശേഷം ഹോളിവുഡിൻ്റെ ഈ വർഷത്തെ പുരസ്‌കാര നിശകളും ഓസ്‌കറോടെ അവസാനിക്കും.
ഓസ്‌കറുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ നിരന്തരം കേള്‍ക്കുകയും കാണുകയും ചെയ്യുന്നവരാണ് നമ്മള്‍. എന്നാല്‍, എത്രപേര്‍ക്കാണ് ഈ പുരസ്‌കാരത്തിന്‍റെ പ്രാധാന്യവും സവിശേഷതകളും അറിയുന്നത് ?
ഓസ്‌കര്‍ ചരിത്രം ഇങ്ങനെ :1927ലാണ് അക്കാദമി ഓഫ് മോഷൻ പിക്‌ചേഴ്‌സ് ആര്‍ട്‌സ് ആന്‍ഡ് സയൻസ് സ്ഥാപിതമാകുന്നത്. പിന്നീട്, സംഘടനയിലുള്ളവര്‍ ചേര്‍ന്ന് ഒരു അത്താഴ വിരുന്ന് സംഘടിപ്പിക്കുകയുണ്ടായി. അവിടെ തങ്ങളുടെ ലക്ഷ്യങ്ങള്‍ എന്തായിരിക്കണമെന്ന ചര്‍ച്ച ഉയര്‍ന്നു. ഇവിടെ വച്ചാണ് ഇത്തരത്തില്‍ ഒരു പുരസ്‌കാരം എന്ന ആശയം ആദ്യമുണ്ടാകുന്നത്.
എംജിഎം സ്റ്റുഡിയോയിലെ ആര്‍ട്ട് ഡയറക്‌ടറായിരുന്ന സെട്രിക് ഗിബ്ബണ്‍സാണ് പുരസ്‌കാരത്തിന് ആദ്യ രൂപം നല്‍കിയത്. ഫിലിം റീലിന് മുകളില്‍ ഒരു കയ്യില്‍ വാളും മറ്റൊരു കയ്യില്‍ കുരിശും പിടിച്ചിരിക്കുന്ന പുരുഷന്‍റെ രൂപമായിരുന്നു ശില്‍പത്തിന്. അമേരിക്കൻ ശില്‍പിയായ ജോര്‍ജ് സ്റ്റാൻലിയാണ് ശില്‍പത്തിന് ത്രിമാന രൂപം നല്‍കുന്നത്.
റീലിന്‍റെ അഞ്ച് സ്പോക്കുകളും ശില്‍പത്തില്‍ കാണാൻ സാധിക്കും. അഭിനേതാക്കൾ, സംവിധായകർ, നിർമ്മാതാക്കൾ, സാങ്കേതിക വിദഗ്‌ധര്‍, എഴുത്തുകാർ എന്നിവരെയാണ് ഇത് സൂചിപ്പിക്കുന്നത്. ഏകദേശം, നാല് കിലോ ഭാരവും 13 അര ഇഞ്ച് നീളവുമാണ് ഓസ്‌കര്‍ പുരസ്‌കാരത്തിന്.
സ്വര്‍ണം പൂശിയ ഖര വെങ്കലത്തിലായിരുന്നു ആദ്യ കാലങ്ങളില്‍ പുരസ്‌കാരത്തിന്‍റെ നിര്‍മാണം. പിന്നീട്, ബ്രിട്ടാനിയ ലോഹത്തിലേക്ക് ഇവയുടെ നിര്‍മാണം മാറി. ബ്രിട്ടാനിയ ലോഹത്തില്‍ തയ്യാറാക്കിയിരുന്ന ശില്‍പങ്ങളില്‍ ആദ്യം നിക്കലും പിന്നീട് സ്വര്‍ണവുമാണ് പൂശിയിരുന്നത്.
രണ്ടാം ലോകമഹായുദ്ധ കാലത്ത് ലോഹ ദൗര്‍ലഭ്യം മൂലം ശില്‍പങ്ങളുടെ നിര്‍മാണത്തിലും പ്രതിസന്ധിയുണ്ടായി. ഇതേ തുടര്‍ന്ന് മൂന്ന് വര്‍ഷത്തോളം കാലം ചായം പൂശിയ പ്ലാസ്റ്ററുകള്‍ ഉപയോഗിച്ചായിരുന്നു പ്രതിമകളുടെ നിര്‍മാണം.
പേരിന് പിന്നിലെ കഥ :അക്കാദമി അവാര്‍ഡ് ഓഫ് മെറിറ്റ് എന്ന പേരില്‍ രൂപം കൊണ്ട പുരസ്‌കാരമാണ് പിന്നീട് 'ഓസ്‌കര്‍' എന്ന് ലോകത്താകമാനം അറിയപ്പെട്ടത്. പുരസ്‌കാരത്തിന് ഓസ്‌കര്‍ എന്ന പേര് ലഭിച്ചതിന് പിന്നില്‍ രസകരമായ ഒരു കഥയാണ് ഉള്ളതെന്നാണ് അക്കാദമിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ പറയുന്നത്. അക്കാദമി ലൈബ്രേറിയനും പിന്നീട് അതിന്‍റെ എക്‌സിക്യുട്ടീവ് ഡയറക്‌ടറുമായി മാറിയ വ്യക്തിയാണ് മാർഗരറ്റ് ഹെറി.
ആദ്യമായി കണ്ടപ്പോള്‍ പുരസ്‌കാരത്തിന് തന്‍റെ അമ്മാവൻ ഓസ്‌കറുമായി സാമ്യം ഉള്ളതായി അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു. ഇങ്ങനെയാണ് പുരസ്‌കാരത്തിന് ഈ പേര് ലഭിച്ചതെന്നാണ് പ്രചാരത്തിലുള്ള കഥ. കാതറിന്‍ ഹെപ്ബ്രണ്‍സ് ആദ്യമായി മികച്ച നടിയ്‌ക്കുള്ള പുരസ്‌കാരം നേടിയതിന് പിന്നാലെ 1934ല്‍ ഹോളിവുഡ് കോളമിസ്റ്റായിരുന്ന സിഡ്‌നി സ്‌കോള്‍സ്‌കി തന്‍റെ ലേഖനത്തില്‍ ആ വാക്കും ഉപയോഗിച്ചു. 1939 ഓടെ അക്കാദമി ഓസ്‌കര്‍ എന്ന പേര് ഔദ്യോഗികമായി സ്വീകരിച്ചു.