വിവാദങ്ങള്‍ക്കിടെ നയന്‍താരയുടെ വിവാഹ വീഡിയോ ഡോക്യുമെന്‍ററി ഒ.ടി.ടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്ലിക്‌സില്‍ പ്രദര്‍ശനം ആരംഭിച്ചു. 'നയന്‍താര: ബിയോണ്ട് ദി ഫെയറി ടെയില്‍' എന്ന ഡോക്യുമെന്‍ററിയാണ് നയന്‍താരയുടെ പിറന്നാള്‍ ദിനത്തില്‍ പ്രേക്ഷകര്‍ക്ക് മുന്നിലെത്തിയത്. വിവാദങ്ങള്‍ക്ക് കാരണമായ 'നാനും റൗഡി താന്‍' ചിത്രത്തിലെ ബിഹൈന്‍ഡ് ദി സീന്‍ ദൃശ്യങ്ങളും ഉള്‍പ്പെടുത്തിയാണ് ഡോക്യുമെന്‍ററി പ്രദര്‍ശനത്തിന് എത്തിയത്.
വിവാഹം മാത്രമല്ല നയന്‍താരയുടെ ജീവിത കഥകൂടി പറയുന്നതാണ് ഡോക്യുമെന്‍ററി. 1.22 മണിക്കൂറാണ് ദൈര്‍ഘ്യം. അമിത് കൃഷ്‌ണനാണ് ഡോക്യുമെന്‍ററി സംവിധാനം ചെയ്‌തിരിക്കുന്നത്. നേരത്തെ ഗൗതം വാസുദേവ മോനോന്‍റെ പേരാണ് സംവിധായക സ്ഥാനത്ത് കേട്ടിരുന്നത്.
സിനിമാ ജീവിതത്തിന്‍റെ തുടക്കം മുതല്‍ മക്കളുടെ വിശേഷങ്ങള്‍ വരെയാണ് ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടെത്തിയിട്ടുള്ളത്. വിവാഹത്തിന്‍റെ ഇതുവരെ പുറത്തുവരാത്ത ദൃശ്യങ്ങളും ഡോക്യുമെന്‍ററിയിലുണ്ട്.
മികച്ച പ്രതികരണമാണ് ഡോക്യുമെന്‍ററിക്ക് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നത്. പ്രണയത്താല്‍ പലതവണ മുറിവേറ്റിട്ടും അതില്‍ നിന്നെല്ലാം ഊര്‍ജസ്വലതയോടെ തിരിച്ചുവന്ന് വിക്കിയുമായുള്ള യഥാര്‍ത്ഥ പ്രണയം കണ്ടെത്തുകയായിരുന്നുവെന്നാണ് പ്രേക്ഷകര്‍ നയന്‍താരയെ കുറിച്ച് പറയുന്നത്.
ചിലര്‍ ഡോക്യുമെന്‍ററിയുടെ ആദ്യ പകുതിയേയാണ് പ്രശംസിക്കുന്നത്. പ്രേത്യേകിച്ച് തമിഴ് സിനിമാ വ്യവസായത്തില്‍ നയന്‍താരയുടെ വളര്‍ച്ച. സാധാരണ വേഷത്തില്‍ നിന്ന് ലേഡി സൂപ്പര്‍സ്റ്റര്‍ എന്നതിയേക്കുള്ള മാറ്റം. താരത്തിന്‍റെ വ്യക്തിഗത വളര്‍ച്ചയും കുടുംബവും സിനിമാ ലോകത്തേക്കുള്ള യാത്രയുമൊക്കെയാണ് ആദ്യഭാഗങ്ങളിലുള്ളത്.
കുടുംബഭാഗങ്ങളും സിനിമയാ യാത്രകളും മികച്ചതായിരുന്നുവെന്നാണ് ഒരു ആരാധകന്‍ കുറിച്ചിരിക്കുന്നത്. ആദ്യ പകുതി മികച്ചതാണ് രണ്ടാം പകുതി മോശമാണ് എന്നാണ് ചിലര്‍ പറയുന്നത്.
ഒരു സിനിമ കാണുന്നത് പോലെയാണ് നിങ്ങളുടെ പ്രണയവും വിവാഹവുമൊക്കെ കണ്ടത് എന്നാണ് ഒരാള്‍ കുറിച്ചിരിക്കുന്നത്. നയന്‍താരയുടെ പ്രണയകഥയുടെ ഹൃദയസ്‌പര്‍ശിയായ ചിത്രമാണ് ഈ ഡോക്യുമെന്‍ററിയെന്നാണ് മറ്റൊരാള്‍ പറഞ്ഞിരിക്കുന്നത്.
രണ്ട് പതിറ്റാണ്ടായ ജനങ്ങളുടെ ഹൃദയത്തില്‍ ജീവിക്കുന്ന നടിയാണ് നയന്‍താര. സ്വയം ഉയര്‍ന്നുവന്ന താരമാണ് നയന്‍താര എന്നാണ് ഒരാള്‍ തന്‍റെ എക്സ് പോസ്‌റ്റില്‍ കുറിച്ചിരിക്കുന്നത്. അവളുടെ വിജയത്തിന് അവള്‍ മാത്രമാണ് കാരണം. നയന്‍ നിങ്ങളാണ് മികച്ച രാജ്ഞി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
നയന്‍താര -വിഘ്നേഷ് ശിവന്‍ വിവാഹ വീഡിയോ ഡോക്യുമെന്‍ററിയുടെ ട്രെയിലറില്‍ 'നാനും റൗഡി താന്‍' എന്ന സിനിമയുടെ ചില ബി ടി എസ് ദൃശ്യങ്ങള്‍ ഉപയോഗിച്ചെന്ന് കാണിച്ച് ധനുഷ് നയന്‍താരയ്ക്ക് പത്ത് കോടിയുടെ കോപ്പിറൈറ്റ് നോട്ടിസ് അയച്ചതിന് പിന്നാലെ വിമര്‍ശനവുമായി നയന്‍താര രംഗത്ത് എത്തിയിരുന്നു. നയന്‍താര തന്‍റെ സോഷ്യല്‍ മീഡിയ പേജിലൂടെയാണ് പങ്കുവച്ച തുറന്ന കത്തിലൂടെയാണ് രൂക്ഷമായ ഭാഷയില്‍ ധനുഷിനെതിരെ വിമര്‍ശനം ഉന്നയിച്ചത്.
നയന്‍താരയെ നായികയാക്കി വിഗ്നേഷ് ശിവന്‍ സംവിധാനം ചെയ്‌ത നാനും റൗഡി താന്‍ എന്ന ചിത്രം നിര്‍മിച്ചത് ധനുഷ് ആയിരുന്നു. സിനിമയുടെ സെറ്റില്‍ വച്ചാണ് നയന്‍താരയും വിഘ്നേഷ് ശിവനും പ്രണയത്തിലാവുന്നത്. അതുകൊണ്ട് തന്നെ വിവാഹ ഡോക്യുമെന്‍ററിയില്‍ ആ സിനിമയെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ചിത്രത്തിലെ ഗാനം ഡോക്യുമെന്‍ററിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍മാണ കമ്പനിയോട് അനുവാദം ചോദിച്ചെങ്കിലും ലഭിച്ചില്ല. ഇതിനായി രണ്ടുവര്‍ഷം വരെ കാത്തിരുന്നുവെന്നാണ് നയന്‍താര കത്തില്‍ പറയുന്നത്.
ഒടുവില്‍ ട്രെയിലര്‍ പുറത്തുവന്നപ്പോള്‍ നാനു റൗഡി താന്‍ സിനിമയുടെ ബി ടി എസ് ദൃശ്യങ്ങള്‍ ട്രെയിലറില്‍ ഉപയോഗിച്ചത് പകര്‍പ്പ് അവകാശ ലംഘനമാണെന്ന് ചൂണ്ടികാണിച്ച് ധനുഷ് നയന്‍താരയ്ക്ക് നോട്ടീസ് അയയ്ക്കുകയായിരുന്നു. അതേസമയം ഇന്‍റര്‍നെറ്റില്‍ ഇതിനോടകം പ്രചരിച്ച രംഗങ്ങളാണ് ട്രെയിലറില്‍ ഉപയോഗിച്ചതെന്നാണ് നയന്‍താര പറയുന്നത്. മൂന്ന് സെക്കന്‍റ് ദൃശ്യങ്ങള്‍ക്കാണ് 10 കോടി ധനുഷ് ആവശ്യപ്പെട്ടത്. ഇത് ഇരുതാരങ്ങളുടെയും തുറന്ന പോരിലേക്ക് നയിക്കുകയും ചെയ്‌തു. ഇതിനിടയിലാണ് നയന്‍താരയുടെ ഡോക്യുമെന്‍ററി പ്രേക്ഷകരുടെ മുന്നിലേക്ക് എത്തിയത്.
Also Read:'എനിക്ക് സിനിമയില്‍ അഭിനയിക്കാന്‍ താത്പര്യമില്ല സാര്‍, ആലോചിച്ചെടുത്ത തീരുമാനമാണ്'; പിന്നീട് തിരുവല്ലക്കാരി ഡയാന കുര്യന്‍ നയന്‍താരയായി മാറിയതിന് പിന്നില്‍