മലയാളത്തിൽ ഈ വർഷം പുറത്തിറങ്ങിയ വിജയ സിനിമകളിൽ ഒന്നായിരുന്നു 'പ്രേമലു'. ആഗോളതലത്തില്‍ 130 കോടിയില്‍ അധികം 'പ്രേമലു'വിന് നേടാൻ കഴിഞ്ഞിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകൾ. നസ്‌ലനും മമിത ബൈജുവും ശ്രദ്ധേയ പ്രകടനം കാഴ്‌ചവച്ച ഈ സിനിമ എപ്പോൾ ഒടിടിയിൽ എത്തുമെന്ന ചോദ്യമാണ് പ്രേക്ഷകർ നാളേറെയായി ഉയർത്തുന്നത്. ഇപ്പോഴിതാ 'പ്രേമലു'വിന്‍റെ ഒടിടി റിലീസ് സംബന്ധിച്ച ഏറ്റവും പുതിയ അപ്‌ഡേറ്റാണ് പുറത്തുവരുന്നത്.
വൈകാതെ തന്നെ ചിത്രം ഒടിടിയില്‍ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഡിസ്‌നി പ്ലസ് ഹോട്‍സ്റ്റാറിലൂടെ വിഷു റിലീസായിട്ടായിരിക്കും 'പ്രേമലു' ഒടിടിയില്‍ പ്രദര്‍ശനത്തിനെത്തുക എന്നും റിപ്പോർട്ടുകൾ പറയുന്നു. ഔദ്യോഗിക പ്രഖ്യാപനം ഉടൻ പുറത്തുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹൈദരാബാദിന്‍റെ പശ്ചാത്തലത്തിൽ പ്രണയ കഥ പറഞ്ഞ ചിത്രമായിരുന്നു 'പ്രേമലു'. പൊട്ടിച്ചിരിപ്പിക്കുന്ന രസകരമായ തമാശകള്‍ തന്നെയാണ് പ്രേക്ഷകരെ ഈ സിനിമയിലേക്ക് ആകർഷിച്ചത് എന്നാണ് വിലയിരുത്തൽ. ഒപ്പം താരങ്ങളുടെ പ്രകടനവും കയ്യടി നേടി. സംഗീത് പ്രതാപ്, ശ്യാം മോഹൻ, അഖില ഭാർഗവൻ, മീനാക്ഷി രവീന്ദ്രൻ എന്നിവരാണ് നസ്‌ലനും മമിതയ്‌ക്കും ഒപ്പം ഈ ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
ഗിരീഷ് എ ഡി ആണ് ഈ ചിത്രം സംവിധാനം ചെയ്‌തത്. മലയാളത്തിന് പുറമെ തെലുഗുവിലും തമിഴിലും 'പ്രേമലു'വിന് വൻ സ്വീകാര്യത ലഭിച്ചു. 'ബാഹുബലി', 'ആര്‍ആര്‍ആര്‍' തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകന്‍ എസ്എസ് രാജമൗലിയുടെ മകന്‍ എസ്എസ് കാര്‍ത്തികേയയുടെ ഉടമസ്ഥതയിലുള്ള ഷോയിംഗ് ബിസിനസ് എന്ന വിതരണ കമ്പനിയാണ് 'പ്രേമലു' തെലുഗുവിൽ വിതരണത്തിനെത്തിച്ചത്.
അതേസമയം ഡിഎംകെ നേതാവും അഭിനേതാവും നിര്‍മാതാവുമായ ഉദയനിധി സ്റ്റാലിന്‍റെ റെഡ് ജയന്‍റ് മുവീസാണ് ഈ സിനിമയുടെ തമിഴ് തിയേറ്ററിക്കല്‍ റിലീസ് റൈറ്റ്സ് നേടിയത്. 'ബീസ്റ്റ്', 'വിക്രം', 'പൊന്നിയിന്‍ സെല്‍വന്‍', 'വാരിസ്', 'തുനിവ്' തുടങ്ങിയ വമ്പന്‍ ചിത്രങ്ങളുടെ വിതരണക്കാരായ റെഡ് ജയന്‍റ് മുവീസ് ഒരു മലയാള സിനിമയുടെ തമിഴ് പതിപ്പിന്‍റെ വിതരണം ഏറ്റെടുത്തത് ആദ്യമായിരുന്നു.
ദിലീഷ് പോത്തന്‍, ഫഹദ് ഫാസില്‍, ശ്യാം പുഷ്‌കരന്‍ എന്നിവര്‍ ചേര്‍ന്നാണ് ഭാവന സ്റ്റുഡിയോസിന്‍റെ ബാനറിൽ ഈ റൊമാന്‍റിക് കോമഡി എന്‍റെര്‍ടെയിനർ നിര്‍മിച്ചത്. സിനിമയ്‌ക്കായി തിരക്കഥ ഒരുക്കിയത് സംവിധായകൻ ഗിരീഷ് എഡിയും കിരണ്‍ ജോസിയും ചേര്‍ന്നാണ്. അജ്‌മല്‍ സാബു ക്യാമറയും ആകാശ് ജോസഫ് വര്‍ഗീസ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്നു.
ALSO READ:'തരളിത രാവിൽ മയങ്ങിയോ'.... ശ്യാം മോഹന്‍റെ പാട്ടിന് കീരവാണിയുടെ കൈയ്യടി