നാദിർഷാ സംവിധാനം ചെയ്യുന്ന ആറാമത്തെ ചിത്രം 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യുടെ ട്രെയിലർ ശ്രദ്ധ നേടുന്നു. കലന്തൂര്‍ എന്‍റര്‍ടെയിൻമെൻസിന്‍റെ ബാനറില്‍ കലന്തൂര്‍ നിർമിച്ച ഈ ചിത്രത്തിന്‍റെ കൗതുകമുണർത്തുന്ന, ഏറെ രസകരമായ ട്രെയിലറാണ് അണിയറ പ്രവർത്തകർ കഴിഞ്ഞ ദിവസം പുറത്തുവിട്ടത്. ഒരു ഇൻവെസ്റ്റിഗേഷൻ ത്രില്ലറാകും 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി' എന്ന് തോന്നിപ്പിക്കുന്ന രീതിയിലാണ് ട്രെയിലർ അണിയിച്ചൊരുക്കിയിരിക്കുന്നത് (Once Upon a Time in Kochi movie's trailer out).
പ്രണയവും പ്രതികാരവും ഗുണ്ട മാഫിയയും അന്വേഷണവുമെല്ലാം ട്രെയിലറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. 17 ലക്ഷത്തിനടുത്ത് കാഴ്‌ചക്കാരെയാണ് യൂട്യൂബിൽ ഇതിനോടകം ട്രെയിലർ സ്വന്തമാക്കിയത്. ഏതായാലും പ്രേക്ഷകർക്ക് മികച്ചൊരു എന്‍റർടെയിനർ തന്നെയാകും ഈ ചിത്രമെന്നാണ് പ്രതീക്ഷ. നിരവധി ഹിറ്റ് സിനിമകളുടെ രചന നിര്‍വഹിച്ച റാഫിയാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയിരിക്കുന്നത്. ഇതാദ്യമായാണ് റാഫി - നാദിർഷാ കൂട്ടുകെട്ടിൽ ഒരു സിനിമ പിറക്കുന്നത്. അതുകൊണ്ടുതന്നെ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ്.
റാഫിയുടെ മകൻ മുബിൻ റാഫിയാണ് 'വൺസ് അപ്പോൺ എ ടൈം ഇൻ കൊച്ചി'യിലെ നായകൻ. മുബിൻ റാഫിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. കോമഡി ത്രില്ലറായി ഒരുക്കിയിരിക്കുന്ന ഈ ചിത്രത്തിൽ ദേവിക സഞ്ജയ് ആണ് നായികയായി എത്തുന്നത്. കൂടാതെ അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും നിർണായക കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.