നാദിര്‍ഷാസംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി'യിലെ പുതിയ ഗാനം ശ്രദ്ധനേടുന്നു. ചിത്രത്തിലെ 'കണ്ടേ ഞാനാകശത്തൊരു' എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവന്നത്. കഴിഞ്ഞ ദിവസം പ്രേക്ഷകരിലേക്ക് എത്തിയ ഗാനം മികച്ച പ്രതികരണമാണ് നേടുന്നത് (Kande Njanaakaashathoru song from Once Upon a Time in Kochi movie).
അഭിനേതാക്കളായ നമിത പ്രമോദും ദിലീപും ചേർന്നാണ് പാട്ടിന്‍റെ ഔദ്യോഗിക പ്രകാശനം നിർവഹിച്ചത്. കൊച്ചി ലുലു മാളിൽ വച്ചായിരുന്നു ചടങ്ങ്. നിർമാതാവ് കലന്തൂര്‍, വിഷ്‌ണു ഉണ്ണികൃഷ്‌ണൻ, കോട്ടയം നസീർ, സംവിധായകൻ റാഫി, ഷാഫി, നിർമാതാവ് ആൽവിൻ ആന്‍റണി തുടങ്ങിയവരും ചടങ്ങിൽ സന്നിഹിതരായിരുന്നു.
വിവാഹത്തോട് അനുബന്ധിച്ച് നടക്കുന്ന ആഘോഷങ്ങളുടെ കാഴ്‌ചകളാണ് ഗാനം പ്രേക്ഷകർക്ക് മുന്നിൽ എത്തിക്കുന്നത്. സുഹൈൽ കോയയുടെ വരികൾക്ക് ഈണമൊരുക്കിയത് ഹിഷാം അബ്‌ദുൽ വഹാബാണ്. ഹിഷാമിനൊപ്പം നാദിർഷായും മുഹമ്മദ് അനസും ചേർന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്.
ഫെബ്രുവരി 23ന് 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' പ്രദർശനത്തിനെത്തും. കലന്തൂര്‍ എന്‍റര്‍ടെയിൻമെൻസിന്‍റെ ബാനറിലാണ് ഈ ചിത്രം ഒരുങ്ങുന്നത്. സംവിധായകനും തിരക്കഥാകൃത്തുമായ റാഫിയുടെ മകൻ മുബിൻ റാഫിയാണ് 'വൺസ് അപോൺ എ ടൈം ഇൻ കൊച്ചി' സിനിമയിൽ നായകനായെത്തുന്നത്.
മുബിൻ റാഫിയുടെ അരങ്ങേറ്റ ചിത്രം കൂടിയാണിത്. അർജുൻ അശോകനും ഷൈൻ ടോം ചാക്കോയും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ ഉണ്ട്. ദേവിക സഞ്ജയ് ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.
റാഫിയാണ് കോമഡി ത്രില്ലറായി ഒരുങ്ങുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥാകൃത്ത്. നാദിർഷാ - റാഫി കൂട്ടുകെട്ട് തന്നെയാണ് ഈ ചിത്രത്തിന്‍റെ പ്രധാന ആകർഷണം. ഇതാദ്യമായാണ് നാദിർഷായും റാഫിയും കൈകോർക്കുന്നത്. അതുകൊണ്ട് തന്നെ പ്രേക്ഷക പ്രതീക്ഷകളും വാനോളമാണ് (Nadirsha Raffi movie Once Upon a Time in Kochi).
അതേസമയം റാഫിയുടെ തിരക്കഥയിൽ ഒരു സിനിമ സംവിധാനം ചെയ്യുക എന്നത് തന്‍റെ സ്വപ്‌നമായിരുന്നു എന്ന് നാദിർഷാ നേരത്തെ വ്യക്തമാക്കിയിരുന്നു. ഏതായാലും 'വൺസ് അപ്പോണ്‍ എ ടൈം ഇൻ കൊച്ചി' തിയേറ്ററുകളിൽ ചിരിമഴ പെയ്യിക്കുമെന്ന് തന്നെയാണ് പ്രേക്ഷക പ്രതീക്ഷ. ഷാജി കുമാർ ആണ് ഈ ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ഷമീർ മുഹമ്മദ് എഡിറ്റിംഗും നിർവഹിക്കുന്നു. സൈലക്‌സ് എബ്രഹാം ആണ് പ്രൊജക്‌ട് ഡിസൈനർ.