കേരളത്തിലെ ചെറുപ്പക്കാർക്ക് പ്രതികരണശേഷി നഷ്‌ടപ്പെട്ടു എന്ന് പറയുന്നത് വെറുതെയാണ്. തക്കംപാർത്തിരുന്ന ഒരു കൂട്ടം ചെറുപ്പക്കാർ വിപ്ലവത്തിന് ഒരുങ്ങുകയാണ്. കലാകാരന്‍മാര്‍ ആയതിനാല്‍ അവരുടെ ആയുധം സംഗീതമാണ്. തൊട്ടാൽ പൊള്ളുന്ന വിഷയങ്ങൾ ഇമ്പമുള്ള സംഗീതത്തിലൂടെ ജനങ്ങളോട് സംവദിക്കുമ്പോൾ ഇഷ്‌ടക്കാര്‍ ഏറും എന്ന പ്രതീക്ഷയിലാണ് കാലം എന്ന ബാൻഡ്.
സാമൂഹികമായി നിലനിൽക്കുന്ന അരക്ഷിതാവസ്ഥകൾ രാഷ്‌ട്രീയ വേര്‍തിരിവില്ലാതെ ജനങ്ങൾക്ക് കൃത്യമായി ബോധ്യപ്പെടുത്തി കൊടുക്കുക എന്ന ലക്ഷ്യത്തോടെയാണ് ബാന്‍ഡ് മുന്നോട്ട് നീങ്ങുന്നത്. ബാൻഡിന്‍റെ ആശയങ്ങളില്‍ മാത്രമല്ല വ്യത്യസ്‌തതയുള്ളത്. കാലം എന്ന് തുടങ്ങുന്ന ട്രാക്ക് മുതൽ ബാൻഡ് ഒരുക്കിയിട്ടുള്ള എട്ട് ഗാനങ്ങളും റാപ്പ് മെറ്റാലിക് ജോണറിൽ ഉള്ളതാണ്.
വ്യത്യസ്‌തത വരികളിൽ മാത്രമല്ല ഈണത്തിലും കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട് ഈ ചെറുപ്പക്കാര്‍. വ്യത്യസ്‌ത മേഖലയിൽ ജോലിയെടുക്കുന്ന നാല് ചെറുപ്പക്കാർ ഒരേ മനസ്സോടെ ഒത്തുച്ചേര്‍ന്നപ്പോള്‍ കാലം എന്ന ബാൻഡ് പിറവികൊണ്ടു. തൊട്ടടുത്ത വർഷങ്ങളിൽ തന്നെ ഇന്ത്യയൊട്ടാകെ അറിയപ്പെടുന്ന റോക്ക് മെറ്റാലിക് ബാൻഡായി മാറുകയാണ് കാലത്തിന്‍റെ ലക്ഷ്യം.
തലസ്ഥാന നഗരിയാണ് ഉറവിടമെങ്കിലും കേരളത്തിൽ അങ്ങോളമിങ്ങോളം കാലം ബാൻഡ് പ്രവർത്തനമേഖല വിപുലീകരിച്ചു കഴിഞ്ഞു. നിരവധി കൺസെർട്ടുകളും ബാന്‍ഡ് ഇതിനോടകം സംഘടിപ്പിച്ചു. ഇതുവരെ അവതരിപ്പിച്ച ഷോകൾക്കെല്ലാം മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ അവസരങ്ങളും ലഭിച്ചു തുടങ്ങിയിട്ടുണ്ട്.
ഇപ്പോഴിതാ ഇടിവി ഭാരതിനോട് സംഗീത വിശേഷങ്ങൾ പങ്കുവെച്ചിരിക്കുകയാണ് കാലം ബാൻഡ്. ഭൂമി, അനന്തു, റെംജത് ഷെരിഫ്, അലക്‌സ് സ്‌റ്റാന്‍ലി എന്നിവരാണ് കാലം ബാന്‍ഡിന്‍റെ നെടുംതൂണുകൾ. വോക്കലിസ്‌റ്റായ ഭൂമിയാണ് പ്രധാന ഗായകൻ. അനന്തു ബേയ്‌സ് ഗിതാറിസ്‌റ്റാണ്. റെംജത് ഷെരിഫ് ഡ്രമ്മറും അലക്‌സ് സ്‌റ്റാന്‍ലി ബാൻഡിലെ ഗിതാറിസ്‌റ്റുമാണ്.
ഭൂമി പ്രൊഫഷണൽ ഡാൻസറും ബാക്കിയുള്ളവർ ഐടി മേഖലയിൽ ജോലിയും ചെയ്യുന്നു. ഒന്നിച്ചൊരു മ്യൂസിക് ബാൻഡ് എന്ന ആശയം ഭൂമിയുടേതാണ്. ഇവര്‍ക്കെല്ലാം സംഗീതം പാഷൻ ആണെങ്കിലും ചെയ്‌തുകൊണ്ടിരിക്കുന്ന ജോലി ഉപേക്ഷിച്ച് ബാന്‍ഡിന് പിന്നാലെ സഞ്ചരിക്കാവുന്ന ഒരു സാഹചര്യത്തിൽ ആയിരുന്നില്ല ഈ നാല് ചെറുപ്പക്കാരും. ബാൻഡ് ആരംഭിച്ചെങ്കിലും മികച്ച സാമ്പത്തികം ലഭിക്കുന്ന രീതിയിലേയ്‌ക്ക് ബാന്‍ഡ് വളർന്നിട്ടില്ല.
പുതുവര്‍ഷം (2025) കാലം ബാന്‍ഡിനെ സംബന്ധിച്ചിടത്തോളം മികച്ച ഒരു വർഷമാകുമെന്ന് കരുതുന്നതായാണ് ഭൂമി പറയുന്നത്. ബാൻഡിന് കാലം എന്ന പേര് വന്നതിനെ കുറിച്ചും ടീം വിശദമാക്കി. കാലം ബാൻഡ് ഒരുക്കുന്ന പാട്ടുകൾ പുതിയ കാലഘട്ടത്തിന്‍റെ ആശയങ്ങൾ ചർച്ച ചെയ്യണമെന്ന് നിർബന്ധമുണ്ട്. കാലത്തിന്‍റെ കഥ പറയുന്ന സംഗീത കൂട്ടായ്‌മയ്‌ക്ക് കാലം എന്ന് തന്നെ പേര് നൽകണമെന്ന് തോന്നിയതായും ടീം പറഞ്ഞു.
കൊവിഡ് കാലത്താണ് കാലം ബാൻഡ് ആരംഭിക്കുന്നത്. ബാൻഡ് ഇപ്പോൾ അവതരിപ്പിക്കുന്ന ഗാനങ്ങൾ മിക്കതും കൊവിഡ് സമയത്ത് സൃഷ്‌ടിച്ചവയാണ്. സ്വന്തം പ്രൊഡക്ഷനിലുള്ള ഗാനങ്ങൾ മാത്രം അവതരിപ്പിച്ചാൽ മതി എന്ന തീരുമാനത്തിലാണ് ബാൻഡ്. ചലച്ചിത്ര ഗാനങ്ങളെ രൂപമാറ്റം വരുത്തി അവതരിപ്പിക്കാനുള്ള തീരുമാനം തൽക്കാലം ബാന്‍ഡിനില്ല.
അത്തരം ഗാനങ്ങൾക്ക് മികച്ച ജനപിന്തുണ ഉണ്ടെന്നറിയാമെന്നും എന്നാല്‍ സ്വന്തം ഐഡന്‍റിറ്റിയിൽ ലഭിക്കുന്ന പ്രശസ്‌തിക്കും പ്രേക്ഷക പിന്തുണയ്ക്കും ആഴംകൂടുമെന്നും ടീം അംഗങ്ങള്‍ വ്യക്‌തമാക്കി. പാഷനെ ഫോളോ ചെയ്യുക എന്ന ഒറ്റ ഉദ്ദേശത്തിലാണ് കാലം ബാൻഡ് ആരംഭിക്കുന്നത്. ഒറ്റ രാത്രികൊണ്ട് മലയാളികളുടെ മനസ്സിൽ ഇടം പിടിക്കാമെന്ന് ഒരിക്കലും തെറ്റിദ്ധരിച്ചിട്ടില്ല. വിജയ പരാജയങ്ങളെ കുറിച്ച് കൂടുതൽ ചിന്തിച്ചാൽ പാഷനോട് കാണിക്കുന്ന നീതികേടാണെന്നും കാലം ബാൻഡ് വെളിപ്പെടുത്തി.
ബാൻഡ് പ്രവർത്തനം ആരംഭിക്കുന്ന സമയത്ത് ജാമ്മിങ് ചെയ്യാനുള്ള സ്ഥലം പോലും ഞങ്ങൾക്കില്ലായിരുന്നു എന്നും ടീം വ്യക്‌തമാക്കി. ഏതെങ്കിലും ഒരു സ്ഥലം കണ്ടെത്തി മ്യൂസിക് പ്രാക്‌ടീസ് ആരംഭിച്ചാൽ അയൽക്കാരിൽ നിന്നും വലിയ ബുദ്ധിമുട്ടുകൾ നേരിടേണ്ടതായി വരും. ഒരു മണിക്കൂർ പ്രാക്‌ടീസ് ചെയ്യാൻ പോലും സ്ഥലമില്ലാതെ ഇരുന്ന ഞങ്ങൾ വിജയകരമായി നിരവധി ഷോകൾ അവതരിപ്പിച്ചുവെന്നും ടീം അംഗങ്ങള്‍ പറഞ്ഞു.
"കാലം ബാൻഡിന്‍റെ മുഖമുദ്ര പൊളിറ്റിക്‌സ് തന്നെയാണ്. അതൊരുപക്ഷേ നിങ്ങൾ കരുതും പോലെ ഇടത് വലത് രാഷ്ട്രീയമല്ല. അഭിപ്രായങ്ങളുടെയും നിലപാടുകളുടെയും നേർരേഖയിൽ സഞ്ചരിക്കുന്ന ഒരു രാഷ്ട്രീയത്തിലാണ് കാലം ബാൻഡ് വിശ്വസിക്കുന്നത്. അങ്ങനെ സമൂഹത്തോട് സംസാരിക്കുന്ന പാട്ടുകൾക്ക് തന്നെയാണ് ഞങ്ങൾ ഇപ്പോൾ ജന്‍മം നൽകിയിരിക്കുന്നത്," -കാലം ബാൻഡ് അംഗങ്ങള്‍ പറഞ്ഞു.