മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട താരാട്ട് പാട്ട് 'ഉണ്ണി വാവാവോ' ദേശീയ തലത്തിൽ ശ്രദ്ധ പിടിച്ചുപറ്റിയിരിക്കുകയാണ്. ബോളിവുഡ് താരം ആലിയ ഭട്ടിന്‍റെ മകള്‍ റാഹ ഉറങ്ങണമെങ്കില്‍ 'ഉണ്ണി വാവാവോ' കേള്‍ക്കണം. മകള്‍ക്ക് വേണ്ടി ആലിയ ഭട്ട് ഈ ഗാനം സ്വായത്തമാക്കുകയും ചെയ്‌തു. ഇക്കാര്യം ആലിയ ഭട്ട് തന്നെയാണ് ഒരു സ്വകാര്യ ടെലിവിഷൻ പരിപാടിയിൽ പറഞ്ഞത്.
തന്‍റെ വീട്ടിലെ മലയാളിയായ ഹോംനേഴ്‌സ് റാഹയെ ഉറക്കാനായി 'ഉണ്ണി വാവാവോ' എന്ന ഗാനം പാടുമായിരുന്നു. എന്നാൽ നേഴ്‌സിന്‍റെ അഭാവത്തിൽ ഈ ഗാനം പാടാൻ റാഹ ആവശ്യപ്പെട്ടതിനെ തുടർന്നാണ് ആലിയ ഭട്ട് ഗാനം പഠിച്ചത്. 'ഉണ്ണി വാവാവോ'യെ കുറിച്ചുള്ള ആലിയയുടെ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ തരംഗമായിരുന്നു.
ഇപ്പോഴിതാ 'ഉണ്ണി വാവാവോ'യുടെ ഭാഗമായ മോഹൻ സിത്താര ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ്. ആലിയ ഭട്ടിലൂടെ ഈ ഗാനം തരംഗമായതിനെ തുടർന്ന് ആദ്യമായാണ് മോഹൻ സിത്താര ഒരു മാധ്യമത്തോട് പ്രതികരിച്ചിരിക്കുന്നത്. 'ഉണ്ണി വാവാവോ' എന്ന ഗാനത്തെ കുറച്ച് "ആലിയ ഭട്ട് പറഞ്ഞിട്ട് വേണോ?" എന്നാണ് മോഹൻ സിത്താരയുടെ ആദ്യ പ്രതികരണം.
"33 വർഷങ്ങൾക്ക് ശേഷം മലയാളി എക്കാലവും ഓർത്തിരിക്കുന്ന ഈ ഗാനം ദേശീയ തലത്തിൽ വീണ്ടും ശ്രദ്ധിക്കപ്പെട്ടതിൽ സന്തോഷം. 1991ൽ സിബി മലയിലിന്‍റെ സംവിധാനത്തിൽ നെടുമുടി വേണു, മീന, സുരേഷ് ഗോപി എന്നിവർ പ്രധാന വേഷത്തിൽ അഭിനയിച്ച 'സാന്ത്വന'ത്തിലെ ഗാനമാണിത്. 'ഉണ്ണി വാവാവോ' എന്ന് തുടങ്ങുന്ന വിഖ്യാതമായ വരികൾക്ക് പിന്നിൽ സാക്ഷാൽ കൈതപ്രവും."-മോഹൻ സിത്താര പറഞ്ഞു.
'ഉണ്ണി വാവാവോ' കമ്പോസ് ചെയ്യാൻ വളരെ കുറച്ച് ദിവസമാണ് തനിക്ക് ലഭിച്ചതെന്ന് മോഹൻ സിത്താര പറഞ്ഞു. കമ്പോസിംഗ് നടന്നിരുന്ന സമയത്ത് തനിക്ക് എഴുന്നേറ്റ് നിൽക്കാൻ പോലും വയ്യാത്ത തരത്തില്‍ കടുത്ത പനിയും വിറയലും ആയിരുന്നുവെന്നും മോഹൻ സിത്താര പറഞ്ഞു.
"മലയാള സിനിമയുടെ നിർമ്മാണ രീതിയെ കുറിച്ച് നിങ്ങൾക്ക് ബോധ്യമുള്ളതാണല്ലോ. ഉണ്ണി വാവാവോ എന്ന ഗാനത്തിന്‍റെ കമ്പോസിംഗ് പൂർത്തിയാകുമ്പോൾ ഒരു പക്ഷേ ഞാൻ ജീവിച്ചിരിക്കുമോ എന്നുകൂടി സംശയം ഉണ്ടായിരുന്നു. ആലുവ പാലസിൽ ആയിരുന്നു കമ്പോസിംഗ് നടന്നിരുന്നത്. ആ രാത്രി കനത്ത മഴ അകമ്പടിയായി. എനിക്കാണെങ്കിൽ കടുത്ത പനിയും വിറയലും.
എഴുന്നേറ്റ് നിൽക്കാൻ പോലും വയ്യാത്ത സാഹചര്യം. പനിയും വിറയലും കാരണം ഹാർമോണിയത്തിൽ വിരലുകൾ വയ്ക്കാൻ പോലും സാധിക്കുന്നില്ല. മലയാളിയായ ഏതൊരു വ്യക്‌തിക്കും പാടാൻ സാധിക്കുന്ന താരാട്ട് സ്വഭാവമുള്ള പാട്ട് വേണമെന്നാണ് സംവിധായകന്‍റെ നിർദ്ദേശം. മനസ്സിൽ തോന്നിയ ട്യൂണുകൾക്കൊന്നും തന്നെ സംതൃപ്‌തിപ്പെടുത്താൻ സാധിക്കുന്നില്ല.
എന്തു ചെയ്യണം എന്നറിയാതെ കുറച്ചുനേരം കണ്ണടച്ചിരുന്നു. ഞാനും എന്‍റെ സഹോദരിയും അമ്മയുടെ മടിയിൽ കുട്ടിക്കാലത്ത് കിടന്നുറങ്ങുന്ന നിമിഷങ്ങളാണ് ആ സമയം മനസ്സിൽ തെളിഞ്ഞു നിന്നത്. ഞാൻ പോലും അറിയാതെ ഉണ്ണി വാവാവോ എന്ന ഗാനത്തിന്‍റെ വിത്തുകൾ അമ്മയുടെ ഓർമ്മകളോടൊപ്പം മുളച്ചു പൊന്തി. അച്ഛനായാലും അമ്മയ്‌ക്കായാലും കൊച്ചു മക്കൾക്കായാലും പാടാൻ അറിയാത്ത ഏതൊരു വ്യക്‌തിക്കും മൂളാൻ സാധിക്കുന്ന ട്യൂണിന് അനുയോജ്യമായ ആ വരികൾ കൈതപ്രം ദാമോദരൻ നമ്പൂതിരിയുടെ സംഭാവന.
ഞാൻ ആദ്യം ട്യൂൺ ഒരുക്കുമ്പോൾ ഡമ്മി വാക്കുകൾ വച്ചായിരുന്നു കൈതപ്രത്തെ പാടിക്കേൽപ്പിച്ചത്. പാട്ട് ഇന്നും ജനഹൃദയങ്ങളിൽ ജീവിക്കുന്നുണ്ടെങ്കിൽ അതിനുള്ള മുഴുവൻ ക്രെഡിറ്റും കൈതപ്രം ദാമോദരൻ നമ്പൂതിരിക്കുള്ളതാണ്. മുഴുവൻ മലയാളികളും ഗാനം ഏറ്റെടുക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നെങ്കിലും തലമുറകൾ മറവിക്ക് വിട്ടുകൊടുക്കാത്ത ഒരു ക്ലാസിക് ഗാനമായി ഉണ്ണി വാവാവോ ഒരിക്കലും മാറുമെന്ന് കരുതിയില്ല. ഞാൻ ആ ഗാനത്തോട് പുലർത്തിയ ആത്‌മാർത്ഥതക്കും നീതിക്കും ദൈവം നൽകിയ അനുഗ്രഹമാണ് ഇപ്പോഴും ലഭിക്കുന്ന പേരും പ്രശസ്‌തിയും."-മോഹൻ സിത്താര കൂട്ടിച്ചേര്‍ത്തു.
'സാന്ത്വനം' എന്ന സിനിമയ്‌ക്ക് പിന്നിലും രസകരമായ ഒരു കഥയുണ്ട്. മലയാളത്തിലെ പ്രശസ്‌ത നിർമ്മാതാവ് ഔസേപ്പച്ചൻ വാളക്കുഴിക്ക് തന്‍റെ നാട്ടുകാരനായ സിബി മലയിലിനൊപ്പം ഒരു സിനിമ ചെയ്യണമെന്ന് ആഗ്രഹം ഉണ്ടായിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ പലതവണ ഇരുവരും ചേർന്നൊരു സിനിമ ചെയ്യാൻ ഒരുങ്ങിയെങ്കിലും ഓരോ പ്രശ്‌നങ്ങൾ കാരണം പ്രോജക്‌ട് മുടങ്ങിപ്പോയിരുന്നു.
അങ്ങനെയിരിക്കെ പെട്ടെന്നൊരു ദിവസം ഔസേപ്പച്ചൻ വാളക്കുഴിക്ക് സിബി മലയിലിന്‍റെ ഒരു വിളി വന്നു. താനിപ്പോൾ സംവിധാനം ചെയ്യാനിരുന്ന ചിത്രം ചില സാങ്കേതിക കാരണങ്ങളാൽ മുടങ്ങിപ്പോയെന്നും താങ്കൾക്ക് മറ്റു ബുദ്ധിമുട്ടുകൾ ഒന്നും ഇല്ലെങ്കിൽ നമുക്കൊരുമിച്ച് ഒരു പ്രോജക്‌ട് ആലോചിക്കാമെന്നും സിബി മലയിൽ ഔസേപ്പച്ചൻ വാളക്കുഴിയോട് ആവശ്യപ്പെട്ടു. ഔസേപ്പച്ചൻ വാളക്കുഴിക്ക് മറ്റ് തടസ്സ വാദങ്ങൾ ഒന്നും തന്നെ ഉണ്ടായിരുന്നില്ല.
പ്രോജക്‌ട് ഓക്കെയായി. പക്ഷേ സിനിമ തുടങ്ങണമെങ്കിൽ ഒരു കഥ വേണം, തിരക്കഥ വേണം. അങ്ങനെ സിബി മലയിലിന്‍റെ നിർദ്ദേശപ്രകാരം, ഒരു കഥ ആവശ്യപ്പെടാനായി ഫാസിലിനെ കാണാൻ ഇരുവരും തീരുമാനിച്ചു. ഫാസിൽ ആ സമയം ഹൈദരാബാദിലാണ്. ഫാസിലിന്‍റെ തെലുഗു സംവിധാന സംരംഭം പുരോഗമിക്കുന്ന സമയം. ഔസേപ്പച്ചൻ വാളക്കുഴിയും സിബി മലയിലും ഹൈദരാബാദിലെ ഫാസിലിന്‍റെ ലൊക്കേഷനിൽ എത്തി.
ഫാസിൽ ഇരുവരോടുമായി പറഞ്ഞ കഥകൾ ഒന്നും തന്നെ പെട്ടെന്ന് സിനിമയാക്കാൻ സാധിക്കുന്നത് ആയിരുന്നില്ല. ഇരുവരും നിരാശരായി. ആ സമയത്ത് ആന്ധ്രപ്രദേശിൽ മികച്ച വിജയം നേടി ഒരു ചിത്രം തിയേറ്ററിൽ പ്രദർശനം തുടരുന്നുണ്ടായിരുന്നു. ചിത്രത്തിന്‍റെ മികച്ച അഭിപ്രായം സിബി മലയിലിന്‍റെ ചെവിയിലും എത്തിയിരുന്നു. സിബി മലയിൽ, ഔസേപ്പച്ചൻ വാളക്കുഴിയോടൊപ്പം ആ സിനിമയുടെ സെക്കൻഡ് ഷോ കാണാൻ തീരുമാനിച്ചു.
'സീതാരാമയ്യ ഗരി മാനവരലു' എന്നാണ് ആ സിനിമയുടെ പേര്. സിനിമ കണ്ടു കഴിഞ്ഞതും സിബി മലയിലിന് ആ തെലുഗു ചിത്രം വല്ലാതെ ബോധിച്ചു. ഒരു കഥ തേടി നടക്കുകയായിരുന്ന സിബി മലയിൽ തിരികെ നാട്ടിലെത്തി ആ ചിത്രത്തിന്‍റെ റീമേക്ക് അവകാശം കരസ്ഥമാക്കി. പിന്നീട് മലയാളത്തിന് വേണ്ട മാറ്റങ്ങളൊക്കെ വരുത്തി ചിത്രീകരണം ആരംഭിച്ചു.
ചിത്രീകരണം ആരംഭിച്ച ശേഷമാണ് ഗാനങ്ങൾ ഒരുക്കാൻ ആരംഭിച്ചത്. 'ഉണ്ണി വാവാവോ' അടിയന്തരമായി കമ്പോസ് ചെയ്യണം. രണ്ട് ദിവസത്തിനുള്ളിൽ തന്നെ ആ ഗാനം ചിത്രീകരിക്കേണ്ടതുണ്ട്. നേരത്തെ മോഹൻ സിത്താര തന്നെ പറഞ്ഞിരുന്നല്ലോ, കടുത്ത പനിയും വിറയലും അദ്ദേഹത്തിന് കൂട്ടിരുന്നാണ് 'ഉണ്ണി വാവാവോ' എന്ന ഗാനം ജനിക്കുന്നതെന്ന്.
ഗാനങ്ങൾക്ക് വരികൾ ഒരുക്കേണ്ട കൈതപ്രം അതേസമയം ജോഷി സംവിധാനം ചെയ്യുന്ന 'കൗരവർ' എന്ന സിനിമയുടെ ലൊക്കേഷനിലാണ്. ഒരുവശത്ത് ജോഷി, മറുവശത്ത് സിബി. ഒറ്റരാത്രിയിൽ 'കൗരവർ' എന്ന ചിത്രത്തിന്‍റെ ഗാനങ്ങൾ എഴുതി നൽകി പിറ്റേന്ന് വിമാനത്തിൽ 'ഉണ്ണി വാവാവോ' എന്ന വരികളുമായി കൈതപ്രം മോഹൻ സിത്താരയുടെ അടുത്തെത്തി. പിന്നീട് നടന്നത് ചരിത്രം.
Also Read: കാർത്തിയുടെ ഫേക്ക് ഫേസ്‌ബുക്ക് ഐഡിയും തഞ്ചാവൂർ ഫുഡ് അടിച്ച് തടിച്ച കഥയും; വിശേഷങ്ങളുമായി കാർത്തിയും, അരവിന്ദ് സ്വാമിയും - Karthi and Arvind Swamy Interview