മലയാളത്തിൽ നിരവധി സിനിമകൾക്ക് സംഗീത സംവിധാനം നിർവഹിച്ച വ്യക്‌തിയാണ് ജയൻ പിഷാരടി. നവ്യ നായർ കേന്ദ്ര കഥാപാത്രമായ 'കണ്ണേ മടങ്ങുക', മുകേഷ് പ്രധാന വേഷത്തിൽ എത്തിയ '11ൽ വ്യാഴം', ചാക്കോച്ചൻ നായകനായ 'സാൻവിച്ച്' തുടങ്ങീ സിനിമകൾക്ക് അദ്ദേഹം സംഗീത സംവിധാനം നിർവഹിച്ചിട്ടുണ്ട്. സനൽ കുമാര്‍ ശശിധരൻ സംവിധാനം ചെയ്‌ത 'ഫ്രോഗ്' എന്ന ഹ്രസ്വ ചിത്രത്തിലൂടെ മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന പുരസ്‌കാരവും ജയൻ പിഷാരടിക്ക് ലഭിച്ചിട്ടുണ്ട്.
മമ്മൂട്ടി ചിത്രം 'പരോൾ' അടക്കമുള്ള സിനിമകളിൽ മികച്ച പ്രകടനം കാഴ്‌ച്ചവച്ച ഹർഷിത പിഷാരടി ജയൻ പിഷാരടിയുടെ മകളാണ്. മാധ്യമപ്രവർത്തകയും പിന്നീട് എഴുത്തുകാരിയുമായ സ്‌മിത പിഷാരടിയാണ് അദ്ദേഹത്തിന്‍റെ ജീവിതപങ്കാളി. ജയന്‍ പിഷാരടിയും ഭാര്യയും മകളും തങ്ങളുടെ കലാവിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവെച്ചിരിക്കുകയാണ്.
കലാ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ് മൂന്നു പേരും. മൂന്ന് പേരും മൂന്ന് തരത്തിലുള്ള കാഴ്‌ച്ചപ്പാടുള്ളവരാണ്. എങ്കിലും ഒരു കൂരയ്ക്കുള്ളിൽ കൂടുമ്പോൾ ഞങ്ങൾക്കിടയിൽ ഇമ്പം മാത്രമേ ഉള്ളൂവെന്നാണ് ജയൻ പിഷാരടി പറയുന്നത്. അച്ഛന്‍റെ പിന്തുണയോടെയാണ് താന്‍ സംഗീത ലോകത്തേയ്‌ക്ക് കടന്നു വന്നതെന്ന് അദ്ദേഹം തുറന്നു പറഞ്ഞു.
"അച്ഛന്‍റെ മികച്ച പിന്തുണയോടു കൂടിയാണ് സംഗീത ലോകത്തേയ്‌ക്ക് കടന്നുവരുന്നത്. പിന്നീട് സ്വാതി തിരുനാൾ സംഗീത കോളേജിൽ മൃദംഗം പഠിച്ചു. തുടർന്ന് അച്ഛന്‍റെ സുഹൃത്തുക്കൾ വഴിയാണ് സിനിമയിലേയ്‌ക്ക് അവസരം കിട്ടുന്നത്. ചെയ്യുന്ന സംഗീതത്തിൽ എപ്പോഴും വ്യത്യസ്‌തത കൊണ്ടുവരാൻ സാധിക്കുന്നത് കൊണ്ടാണ് ഇപ്പോഴും നിലനിൽക്കാൻ സാധിക്കുന്നത്.
യൂണിവേഴ്‌സിറ്റി കലോത്സവ വേദിയിൽ വച്ചാണ് ഭാര്യയായ സ്‌മിതയെ ആദ്യം കാണുന്നത്. സൗന്ദര്യം കണ്ടിട്ടല്ല, ഉള്ളിലെ കലാകാരിയെ തിരിച്ചറിഞ്ഞിട്ടാണ് ഇനിയുള്ള ജീവിതത്തിൽ ഒപ്പമുണ്ടാകുമോ എന്ന് സ്‌മിതയോട് ചോദിക്കുന്നത്. പിന്നീട് ഞാൻ സംഗീത സംവിധാനം നിർവ്വഹിച്ച നിരവധി ഗാനങ്ങൾക്ക് സ്‌മിത പാട്ടുകൾ എഴുതി." -ജയൻ പിഷാരടി പറഞ്ഞു.
കുഞ്ചാക്കോ ബോബൻ പ്രധാന വേഷത്തിൽ എത്തിയ 'സാൻവിച്ച്' എന്ന ചിത്രത്തിലെ 'പനിനീർ ചെമ്പകങ്ങള്‍' എന്ന ഗാനം രചിച്ചു കൊണ്ടാണ് സ്‌മിത പിഷാരടി മലയാള സംഗീത ലോകത്തേയ്‌ക്ക് കടന്നു വരുന്നത്. മധു ബാലകൃഷ്‌ണനും മഞ്‌ജരിയും ചേർന്നാണ് ആ ഗാനം ആലപിച്ചത്. ശേഷം ജയൻ പിഷാരടി സംഗീത സംവിധാനം നിർവഹിച്ച നിരവധി ഗാനങ്ങൾക്ക് സ്‌മിത വരികൾ എഴുതി.
മാധ്യമപ്രവർത്തകയായാണ് സ്‌മിത പിഷാരടി തന്‍റെ കരിയർ ആരംഭിക്കുന്നത്. ഓൾ ഇന്ത്യ റേഡിയോയിൽ അനൗൺസർ ആയാണ് തുടക്കം. പിന്നീട് ഏഷ്യാനെറ്റ്, സൂര്യ തുടങ്ങിയ മാധ്യമങ്ങളിൽ എട്ട് വർഷത്തോളം പ്രവർത്തിച്ചു. മാധ്യമ മേഖലയിലെ ജോലി യാന്ത്രികമായി തോന്നിയതിനെ തുടർന്നാണ് ജോലി ഉപേക്ഷിച്ച് സ്‌മിത എഴുത്തിന്‍റെ ലോകത്തേയ്‌ക്ക് കടന്നു വരുന്നത്.
നിരവധി പ്രമുഖ തിരക്കഥാകൃത്തുക്കൾക്കൊപ്പം സഹായിയായും പ്രവർത്തിച്ചു. ഇപ്പോൾ സ്വന്തമായി എഴുതുന്ന തിരക്കഥയുടെ പണിപ്പുരയിലാണ് സ്‌മിത. എഴുതാന്‍ ത്രില്ലർ സബ്‌ജക്‌ടുകളാണ് തനിക്ക് ഇഷ്‌ടമെന്നും സ്‌മിത വ്യക്തമാക്കി.
"ആദ്യം അഞ്ചോളം തിരക്കഥകളാണ് എഴുതി പൂർത്തിയാക്കിയത്. ഈ തിരക്കഥകളൊക്കെ ആദ്യം വായിച്ച് കേൾപ്പിക്കാൻ ഭാഗ്യം ലഭിച്ചത് സംവിധായകൻ ഫാസിൽ സാറിനോടും. അദ്ദേഹം കഥകളുടെ ആശയം പൂർണമായും കേട്ടു. ഈ അഞ്ച് കഥകളും സിനിമയ്ക്ക് യോഗ്യമാണെന്നുള്ള അദ്ദേഹത്തിന്‍റെ മറുപടിയിൽ നിന്നാണ് തിരക്കഥയെഴുത്ത് പ്രൊഫഷണലായി മുന്നോട്ടു കൊണ്ടു പോകാൻ തീരുമാനിക്കുന്നത്. ആദ്യ സിനിമയുടെ പണിപ്പുരയിലാണ്. അടുത്ത വർഷം സിനിമയുടെ ചിത്രീകരണം ആരംഭിക്കും."-സ്‌മിത പിഷാരടി പറഞ്ഞു.
കുട്ടിക്കാലം മുതൽ കലാമേഖലയോട് അഭിനിവേശം ഉണ്ടായിരുന്നുവെങ്കിലും എഴുത്തിന്‍റെ വഴിയെ സഞ്ചരിക്കാൻ തനിക്ക് പൂർണ്ണ പിന്തുണ നൽകിയത് ജയൻ പിഷാരടിയാണെന്ന് സ്‌മിത പറഞ്ഞു. തന്‍റെ മാതാപിതാക്കള്‍ നല്‍കിയ പിന്തുണയെ കുറിച്ച് മകള്‍ ഹര്‍ഷിതയും പ്രതികരിച്ചു. കുട്ടിക്കാലം മുതൽ ഒരു കലാകാരിയാകാൻ തന്‍റെ മാതാപിതാക്കള്‍ തനിക്ക് പൂർണ്ണ പിന്തുണ തന്നിരുന്നുവെന്ന് ഹർഷിത തുറന്നു പറഞ്ഞു.
"അച്ഛൻ ജയൻ പിഷാരടി പല സെറ്റുകളിലും പോകുമ്പോൾ എന്നെയും കൂടെ കൂട്ടിയിട്ടുണ്ട്. അച്ഛന്‍റെ സുഹൃത്തായിരുന്നു നിർമ്മാതാവ് ജൂഡ്. അതുവഴിയാണ് 'പരോൾ' എന്ന സിനിമയുടെ ഓഡീഷനിൽ പങ്കെടുക്കാൻ അവസരം ലഭിച്ചത്. ഓഡീഷനിൽ പങ്കെടുക്കാൻ മാത്രമാണ് അച്ഛന്‍റെ സഹായം വേണ്ടിവന്നത്. ഒഡീഷനിൽ നല്ല രീതിയിൽ പെർഫോം ചെയ്‌തതോടെ മമ്മൂക്കയോടൊപ്പം അഭിനയിക്കാനുള്ള അവസരം തുറന്നു കിട്ടുകയായിരുന്നു.
അച്ഛന്‍റെ സിനിമ ബന്ധങ്ങൾ തന്‍റെ കരിയറിന്‍റെ ഉയർച്ചയ്ക്ക് വേണ്ടി ദുരുപയോഗം ചെയ്‌തില്ലെന്ന ബോധ്യമുണ്ട്. 'പരോൾ' സിനിമയിൽ അവസരം ലഭിക്കുമ്പോൾ അതൊരു മമ്മൂട്ടി ചിത്രമാണെന്ന് അറിയില്ലായിരുന്നു. സിനിമയിലെ ആദ്യ രംഗവും ആദ്യ ഷോട്ടും മമ്മൂക്കയ്‌ക്കൊപ്പം ആയിരുന്നു. അതൊരു വലിയ ഭാഗ്യമായി കരുതുന്നു."-ഹർഷിത പിഷാരടി പറഞ്ഞു.