കേരളം

kerala

ETV Bharat / entertainment

'മകന്‍ അല്ലായിരുന്നിട്ടും മകനെ പോലെ, പെറ്റമ്മയോളം സ്‌നേഹം തന്ന പ്രിയപ്പെട്ട പൊന്നമ്മ ചേച്ചി'; വിതുമ്പി മോഹന്‍ലാല്‍ - Mohanlal remembering Ponnamma - MOHANLAL REMEMBERING PONNAMMA

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തില്‍ വിതുമ്പി നടന്‍ മോഹന്‍ലാല്‍. പെറ്റമ്മയോളം സ്‌നേഹം കഥാപാത്രത്തിനും തനിക്കും പകര്‍ന്നു തന്ന തന്‍റെ പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയാണ് കവിയൂര്‍ പൊന്നമ്മയെന്ന് മോഹന്‍ലാല്‍. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം.

KAVIYOOR PONNAMMA  MOHANLAL  REMEMBERING KAVIYOOR PONNAMMA  കവിയൂര്‍ പൊന്നമ്മ
Mohanlal remembering Kaviyoor Ponnamma (ETV Bharat)

By ETV Bharat Entertainment Team

Published : Sep 21, 2024, 9:45 AM IST

മലയാള സിനിമയുടെ അമ്മ കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തിന്‍റെ ഞെട്ടല്‍ വിട്ടുമാറാതെ സിനിമാ ലോകം. കവിയൂര്‍ പൊന്നമ്മയെ അനുസ്‌മരിച്ച് നടന്‍ മോഹന്‍ലാല്‍. മകന്‍ അല്ലായിരുന്നിട്ടും മകനെ പോലെയായിരുന്നു ജീവിതത്തില്‍ പൊന്നമ്മ ചേച്ചിയെന്ന് മോഹന്‍ലാല്‍.

സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു മോഹന്‍ലാലിന്‍റെ പ്രതികരണം. പെറ്റമ്മയോളം സ്‌നേഹം കഥാപാത്രത്തിനും താനെന്ന വ്യക്‌തിക്കും പകര്‍ന്നു തന്ന തന്‍റെ പ്രിയപ്പെട്ട പൊന്നമ്മ ചേച്ചിയാണ് കവിയൂര്‍ പൊന്നമ്മയെന്ന് മോഹന്‍ലാല്‍ ഫേസ്‌ബുക്കില്‍ കുറിച്ചു.

'അമ്മയുടെ വിയോഗത്തിൻ്റെ വേദനയിൽ കുറിക്കുന്നതാണ് ഈ വാക്കുകൾ. പെറ്റമ്മയോളം സ്നേഹം കഥാപാത്രത്തിനും ഞാനെന്ന വ്യക്തിക്കും എക്കാലത്തും പകർന്നു തന്ന എൻ്റെ പ്രിയപ്പെട്ട പൊന്നമ്മ ചേച്ചി. മലയാളത്തിലെ ഞങ്ങളുടെ പ്രിയപ്പെട്ട പ്രേക്ഷകർക്കും ഞങ്ങൾ അമ്മയും മകനും ആയിരുന്നു.

എത്ര കാലം കഴിഞ്ഞാലും അമ്മയ്ക്ക് മകൻ മകൻ തന്നെയാണ് എന്ന സത്യം വിളിച്ചോതുന്നതായിരുന്നു, പല കാലഘട്ടങ്ങളിൽ ഞങ്ങൾ ഒരുമിച്ച ചിത്രങ്ങൾ. പൊന്നമ്മ ചേച്ചിയോടൊപ്പം മകനായി അഭിനയിക്കേണ്ടി വന്നിട്ടില്ല എനിക്ക് ഒരിക്കലും, ജീവിക്കുക തന്നെ ആയിരുന്നു. കിരീടം, ഭരതം, വിയറ്റ്നാം കോളനി, ദശരഥം, നാട്ടുരാജാവ്, വടക്കും നാഥൻ, കിഴക്കുണരും പക്ഷി, ഒപ്പം.. പൊന്നമ്മ ചേച്ചി മാതൃത്വം പകർന്നു തന്ന എത്രയെത്ര സിനിമകൾ.

മകൻ അല്ലായിരുന്നിട്ടും മകനേ എന്ന് വിളിച്ച് ഓടിവരുന്ന 'ഹിസ് ഹൈനസ് അബ്‌ദുള്ള'യിലെ കഥാപാത്രം പോലെയായിരുന്നു ജീവിതത്തിൽ പൊന്നമ്മ ചേച്ചി എനിക്കും.. വിതുമ്പുന്ന വാക്കുകൾ കൊണ്ട്, ചേച്ചിക്ക് ആദരാഞ്ജലികൾ അർപ്പിക്കാനാവുന്നില്ല.. ഓർമ്മകളിൽ എന്നും ആ മാതൃസ്നേഹം നിറഞ്ഞുതുളുമ്പും..'-മോഹന്‍ലാല്‍ കുറിച്ചു.

Also Read: മലയാളത്തിന്‍റെ 'പൊന്നമ്മ'യ്‌ക്ക് വിട; സംസ്‌കാരം ഇന്ന്, അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍ - Kaviyoor Ponnamma Funeral

ABOUT THE AUTHOR

...view details