മലയാളത്തിന്റെ മഹാനടൻ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് 'എമ്പുരാൻ'. പൃഥ്വിരാജിന്‍റെ സംവിധാനത്തിൽ 2019 ൽ പുറത്തിറങ്ങിയ 'ലൂസിഫർ' എന്ന സിനിമയുടെ രണ്ടാം ഭാഗമാണ് 'എമ്പുരാൻ'. ബോക്‌സ് ഓഫിസിൽ മിന്നും പ്രകടനം കാഴ്‌ചവച്ച ചിത്രത്തിന്‍റെ രണ്ടാം ഭാഗത്തിനായി പ്രതീക്ഷയോടെയാണ് മോഹൻലാൽ - പൃഥ്വിരാജ് ആരാധകരും സിനിമാപ്രേമികളും കാത്തിരിക്കുന്നത്.
ഈ ചിത്രത്തിന്‍റെ ഓരോ അപ്ഡേറ്റിനായും ആകാംക്ഷയോടെ ചെവിയോർക്കുകയാണ് പ്രേക്ഷകർ. ഇവരുടെ ആവേശം ഇരട്ടിയാക്കി ചിത്രത്തിന്‍റെ പുതിയ അപ്‌ഡേറ്റ് പുറത്തുവന്നിരിക്കുകയാണ്. വിദേശ രാജ്യങ്ങളിൽ ചിത്രീകരണം പൂർത്തിയാക്കിയ എമ്പുരാന്‍റെ ഷൂട്ടിങ് ഇനി കേരളത്തിലാണ്. പൃഥ്വിരാജ് തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ലൊക്കേഷനിൽ നിന്നുള്ള തന്‍റെ ചിത്രവും പൃഥ്വിരാജ് പങ്കുവച്ചു. എൽടുഇ, എമ്പുരാൻ എന്നീ ഹാഷ് ടാഗുകൾക്കൊപ്പമാണ് അദ്ദേഹം ഫോട്ടോ പുറത്തുവിട്ടത്.
പൃഥ്വിരാജ് സംവിധായകനായി അരങ്ങേറ്റം കുറിച്ച ചിത്രമായിരുന്നു 'ലൂസിഫർ'. മുരളി ഗോപിയാണ് ഈ ചിത്രത്തിനായി തിരക്കഥ ഒരുക്കിയത്. രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കിയതും ഇദ്ദേഹം തന്നെയാണ്.
മഞ്ജു വാര്യർ, സായ് കുമാർ, ഇന്ദ്രജിത്ത് സുകുമാരൻ, ടൊവിനോ തോമസ്, പൃഥ്വിരാജ്, ഫാസിൽ, സാനിയ ഇയ്യപ്പൻ, കലാഭവൻ ഷാജോൺ തുടങ്ങിയ മലയാളത്തിലെ പ്രിയപ്പെട്ട അഭിനേതാക്കളും ബോളിവുഡിൽ നിന്ന് വിവേക് ഒബ്റോയിയുമാണ് ഒന്നാം ഭാഗത്തിൽ പ്രധാന വേഷങ്ങളിൽ അണിനിരന്നത്. പൃഥ്വിരാജ്, ടൊവിനോ തോമസ്, മഞ്ജു വാര്യർ, ശശി കപൂർ, ഇന്ദ്രജിത്ത്, ബൈജു സന്തോഷ്, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ 'എമ്പുരാനി'ലും ഉണ്ടാവും.
വമ്പൻ ബജറ്റിലാണ് 'എമ്പുരാൻ' ഒരുങ്ങുന്നത്. ചിത്രം വരുന്ന ഓണത്തിന് റിലീസ് ചെയ്യാനാണ് അണിയറ പ്രവർത്തകർ പദ്ധതിയിടുന്നതെന്നാണ് റിപ്പോർട്ടുകൾ. അതുകൊണ്ടുതന്നെ ചിത്രീകരണവും മറ്റ് പോസ്‌റ്റ് പ്രൊഡക്ഷൻ ജോലികളും വേഗത്തിലാക്കാനാണ് 'എമ്പുരാൻ' ടീമിന്‍റെ നീക്കം എന്നാണ് സൂചന.
മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുഗു ഭാഷകളിലും ഈ സിനിമ പ്രദര്‍ശനത്തിനെത്തും. ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാതാക്കളായ ലൈക്ക പ്രൊഡക്ഷന്‍സും ചേര്‍ന്നാണ് 'എമ്പുരാ'ന്‍റെ നിര്‍മാണം. ഏതായാലും 'എമ്പുരാനും' വിജയം ആവർത്തിക്കുമെന്നാണ് അണിയറ പ്രവർത്തകരുടെയും ആരാധകരുടെയും പ്രതീക്ഷ.
ALSO READ:'നല്ല സിനിമകൾ എന്നെ സന്തോഷിപ്പിക്കുന്നു' ; പ്രേമലുവിന് കയ്യടിച്ച് നയൻസ്