മലയാളത്തിലെ യുവനടന്മാരില്‍ ഏറ്റവുമധികം ആരാധകരുള്ള താരമാണ് ദുല്‍ഖര്‍ സല്‍മാന്‍. തെന്നിന്ത്യയില്‍ മാത്രമല്ല അങ്ങ് ബോളിവുഡില്‍ വരെ വലിയ ആരാധകരാണുള്ളത്. തെലുഗു ചിത്രമായ ലക്കി ഭാസ്‌കര്‍ നേടിക്കൊടുത്ത വിജയത്തിന്‍റെ തിളക്കത്തിലാണ് താരമിപ്പോള്‍. തന്‍റെ കരിയറിലെ തന്നെ ഹിറ്റ് ചിത്രം.
ഈ സന്തോഷത്തോടൊപ്പം താരത്തിന്‍റെ 13ാം വിവാഹ വാര്‍ഷികമാണ് ഇന്ന്. 2011 ഡിസംബര്‍ 22 നാണ് ദുല്‍ഖറും അമാലും വിവാഹിതരായത്. മറിയം അമീറ സല്‍മാന്‍ ആണ് ഇരുവരുടെയും മകള്‍.
പ്രിയപ്പെട്ട ഭാര്യ അമാലിനോടൊപ്പം ഇത്രയും വര്‍ഷം ചെലവഴിച്ചതിനെ കുറിച്ചുള്ള മനോഹരമായ പോസ്‌റ്റ് പങ്കുവച്ചിരിക്കുകയാണ് ദുല്‍ഖര്‍. അമാലിനോടൊപ്പമുള്ള ചിത്രത്തോടൊപ്പമാണ് താരം സോഷ്യല്‍ മീഡിയയില്‍ കുറിപ്പ് പങ്കുവച്ചിരിക്കുന്നത്.
"പരസ്‌പരം ഭാര്യാഭര്‍ത്താക്കന്‍മാര്‍ എന്ന് വിളിക്കുന്നത് ശീലമാക്കാന്‍ ശ്രമിച്ചത് മുതല്‍ ഇപ്പോള്‍ മറിയത്തിന്‍റെ പപ്പാ എന്നും അമ്മായെന്നും അറിയപ്പെടുന്നത് വരെ ഒരുപാട് ഞങ്ങള്‍ മുന്നോട്ടു പോയി. ഞാന്‍ ഡ്രൈവ് ചെയ്യാന്‍ ഇഷ്‌ടപ്പെടുന്നത് പോലെ തികച്ചും സാമ്യമുള്ളതാണ് ജീവിതവും. വളവുകളും തിരിവുകളും കയറ്റിറക്കങ്ങളും. ചിലപ്പോള്‍ സ്‌പീഡ് ബ്രേക്കുകളും കുഴികളും. ചിലസമയങ്ങളില്‍ മനോഹരമായി കാഴ്‌ചകള്‍ കാണാന്‍ കഴിയുന്നത് പോലെ. ഇതിലൂടെ പോകുമ്പോള്‍ നിന്‍റെ കൈ എന്‍റെ കൈകളിലുള്ളിടത്തോളം ഞങ്ങള്‍ക്ക് എവിടെയും എത്താന്‍ കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എക്കാലവും നമുക്ക് മിസ്റ്റര്‍ ആന്‍ഡ് മിസിസ് ആയിരിക്കാം. 13ാ ം ആശംസകള്‍. ഞാന്‍ നിന്നെ ഒരുപാട് സ്‌നേഹിക്കുന്നു". ദുല്‍ഖര്‍ കുറിച്ചു.
100 കോടിക്ക് മുകളിലാണ് ലക്കി ഭാസ്‌കര്‍ ബോക്‌സ് ഓഫീസില്‍ നേടിയത്. തെലുഗില്‍ ലക്കി ഭാസ്‌കറിന്‍റെ വിജയത്തോടെ ഹാട്രിക് ബ്ലോക്ക്ബസ്റ്റർ ആണ് ദുൽഖർ സ്വന്തമാക്കിയത്. സോളോ ഹീറോ എന്ന നിലയില്‍ തമിഴ്‌നാട്ടില്‍ ഒരു മലയാള നടന്‍ നേടിയ ഏറ്റവും ഉയര്‍ന്ന കളക്ഷനും ലക്കി ഭാസ്‌കറിലൂടെ ദുല്‍ഖര്‍ തന്നെ സ്വന്തമാക്കി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
പാന്‍ ഇന്ത്യന്‍ റിലീസായി എത്തിയ ചിത്രത്തില്‍ ദുൽഖറിനൊപ്പം മീനാക്ഷി ചൗധരി, ആയിഷ ഖാൻ, ഹൈപ്പർ ആദി, പി. സായ് കുമാർ തുടങ്ങി നിരവധി താരങ്ങള്‍ അണിനിരന്നിരുന്നു. പതിനാല് മാസത്തിന് ശേഷം ദുല്‍ഖറിന്‍റേതായി റിലീസ് ചെയ്‌ത ചിത്രം കൂടിയായിരുന്നു ലക്കി ഭാസ്‌കര്‍. ഒടിടിയിലും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്.
അതേസമയം, കിംഗ് ഓഫ് കൊത്തയ്ക്ക് ശേഷം വീണ്ടും മലയാളത്തില്‍ സിനിമ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് ദുല്‍ഖര്‍. നഹാസ് ഹിദായത്ത്, സൗബിൻ ഷാഹിർ എന്നിവർ സംവിധാനം ചെയ്യുന്ന സിനിമയിലാകും താൻ അടുത്ത് അഭിനയിക്കുകയെന്ന് നേരത്തെ ദുല്‍ഖര്‍ പറഞ്ഞിരുന്നു. ‘ഓതിരം കടകം' എന്നൊരു സിനിമ സൗബിൻ- ദുൽഖർ കോമ്പോയിൽ പ്രഖ്യാപിച്ചിട്ടുണ്ട്. ‘പറവ‘ക്ക് ശേഷം സൗബിനും ദുൽഖറും ഒന്നിക്കുന്ന ചിത്രം കൂടിയാണിത്.