കായിക മാമാങ്കത്തിന് തിരി തെളിയാൻ ഇനി അഞ്ച് ദിവസം മാത്രം ബാക്കി. ഉത്തരാഖണ്ഡില്‍ നടക്കുന്ന 38-ാമത് ദേശീയ ഗെയിംസിൽ 36 കായിക ഇനങ്ങളിലാണ് മത്സരം നടക്കുക. പതിനായിരത്തോളം കായിക താരങ്ങൾ ഇക്കൊല്ലം മേളയില്‍ പങ്കെടുക്കും. മുൻകാല ദേശീയ ഗെയിംസ് ചാമ്പ്യന്മാരെ അറിയാം.
ഗോവയില്‍ കപ്പുയര്‍ത്തി മഹാരാഷ്‌ട്ര
ഗോവയില്‍ നടന്ന 37-ാമത് ദേശീയ ഗെയിംസില്‍ മഹാരാഷ്ട്രയായിരുന്നു ചാമ്പ്യന്മാര്‍. 80 സ്വര്‍ണം, 69 വെള്ളി, 79 വെങ്കലം എന്നിവയടക്കം ആകെ 228 മെഡലുകളാണ് മഹാരാഷ്ട്ര നേടിയത്. 66 സ്വര്‍ണവും 27 വെള്ളിയും 33 വെങ്കലവുമടക്കം 126 മെഡലുകളുമായി സര്‍വീസസ് രണ്ടാമതെത്തി. 62 സ്വര്‍ണവും 55 വെള്ളിയും 75 വെങ്കലവുമടക്കം 192 മെഡലുകളുമായി ഹരിയാന മൂന്നാമതെത്തി.
37 സ്വര്‍ണവും 36 വെള്ളിയും 39 വെങ്കലവുമടക്കം 112 മെഡലുകളുമായി മധ്യപ്രദേശ് നാലാമതെത്തി. 36 സ്വര്‍ണം, 24 വെള്ളി, 27 വെങ്കലവുമായി ആകെ 87 മെഡലുകളുമായി കേരളം മെഡല്‍ പട്ടികയില്‍ അഞ്ചാമതായിരുന്നു. 32 സ്വര്‍ണവും 32 വെള്ളിയും 37 വെങ്കലവുമടക്കം 101 മെഡലുകളുമായി കര്‍ണാടകം ആറാമത് വന്നു.
ഗോവയില്‍ മൂന്ന് സ്വര്‍ണവും നാല് വെള്ളിയും രണ്ട് വെങ്കലവുമടക്കം ഒമ്പത് മെഡലുകളായിരുന്നു സജന്‍ പ്രകാശ് നേടിയത്. കര്‍ണാടകയുടെ ശ്രീഹരി നടരാജ് എട്ട് സ്വര്‍ണവും ഒരു വെള്ളിയും ഒരു വെങ്കലവുമടക്കം 10 മെഡലുകളോടെ മികച്ച പുരുഷ അത്ലറ്റായി. മഹാരാഷ്ട്രയുടെ ജിംനാസ്‌റ്റ് സംയുക്ത പ്രസേന്‍ കാലെയും ഒഡിഷയുടെ പ്രണതി നായകും മികച്ച വനിതാ അത്ലറ്റുകളായി. ഇരുവരും ജിംനാസ്‌റ്റിക്‌സില്‍ നിന്ന് നാല് വീതം സ്വര്‍ണവും ഓരോ വെള്ളിയും നേടി.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ മീറ്റ് റെക്കോര്‍ഡോടെ നേടിയ സ്വര്‍ണമടക്കം ഏഴ് സ്വര്‍ണം സ്വന്തമാക്കിയ കര്‍ണാടകയുടെ 14 കാരി ധിനിധി ദേശിങ്കുവും ആറ് സ്വര്‍ണം നേടിയ നീനാ വെങ്കിടേഷും ഡിസ്‌കസ് ത്രോയില്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടിയ സീമാ പൂനിയയും ഒക്കെ മുപ്പത്തിയേഴാമത് ദേശീയ ഗെയിംസിനെ അവിസ്‌മരണീയമാക്കി. പുരുഷവിഭാഗത്തില്‍ തമിഴ്‌നാടിന്‍റെ ഇലക്കിയ ദാസനും വനിതാ വിഭാഗത്തില്‍ കര്‍ണാടകയുടെ സ്നേഹ എസ്എസും നൂറ് മീറ്ററില്‍ ജേതാക്കളായി മീറ്റിന്‍റെ വേഗ താരങ്ങളായി.
അഹമ്മദാബാദ് ഗെയിംസ്
2022ല്‍ അഹമ്മദാബാദില്‍ നടന്ന 36-ാമത് ദേശീയ ഗെയിംസില്‍ സര്‍വീസസിനായിരുന്നു ഓവറോള്‍ കിരീടം. 61 സ്വര്‍ണവും 35 വെള്ളിയും 32 വെങ്കലവുമടക്കം 128 മെഡലുകളോടെയാണ് സര്‍വീസസ് ചാമ്പ്യന്മാരായത്. മഹാരാഷ്ട്ര 39 സ്വര്‍ണവും 38 വെള്ളിയും 63 വെങ്കലവുമായി 140 മെഡലുകളോടെ മഹാരാഷ്ട്ര രണ്ടാമതെത്തി. ഹരിയാനയും മഹാരാഷ്ട്രയുമായി രണ്ടാം സ്ഥാനത്തിന് പൊരിഞ്ഞ പോരാട്ടമാണ് അഹമ്മദാബാദില്‍ കണ്ടത്.
38 സ്വര്‍ണം, 38 വെള്ളി, 40 വെങ്കലവുമായി ഹരിയാന 116 മെഡലുകളുമായി മൂന്നാമതായി. കര്‍ണാടകയ്ക്കും തമിഴ്‌നാടിനും പുറകില്‍ 23 സ്വര്‍ണം, 18 വെള്ളി 13 വെങ്കലം എന്നിവയടക്കം 54 മെഡലുകളുമായി കേരളം ആറാമതായിരുന്നു. അഞ്ച് സ്വര്‍ണവും രണ്ട് വെള്ളിയും ഒരു വെങ്കലവുമടക്കം എട്ട് മെഡലുകള്‍ നേടി സജന്‍ പ്രകാശ് തുടര്‍ച്ചയായി രണ്ടാം തവണയും ഗെയിംസിന്‍റെ താരമായി. നീന്തല്‍ക്കുളത്തില്‍ നിന്നുള്ള കര്‍ണാടകയുടെ കൗമാര വിസ്‌മയം ഹാഷിക രാമചന്ദ്ര പതിനാലാം വയസില്‍ ആറ് സ്വര്‍ണമടക്കം ഏഴ് മെഡലുകളുമായി വനിത വിഭാഗത്തിലെ മികച്ച താരമായി.
ദേശീയ കായികമാമാങ്കം കേരളത്തില്‍
2015 ല്‍ നടന്ന 35-ാമത് ദേശീയ ഗെയിംസ് വേദി കേരളമായിരുന്നു. കേരളത്തിന് വേണ്ടി ആറ് സ്വര്‍ണവും രണ്ട് വെള്ളിയും നേടി സജ്ജന്‍ പ്രകാശ് മെഡല്‍ വേട്ടയില്‍ മുന്നിലെത്തി. സജ്ജന്‍ പ്രകാശും ടിന്‍റു ലൂക്കയുമൊക്കെ വര്‍ഷങ്ങള്‍ പഴക്കമുള്ള ദേശീയ റെക്കോര്‍ഡുകള്‍ തകര്‍ക്കുന്നത് കണ്ട ഗെയിംസില്‍ സര്‍വീസസായിരുന്നു ചാമ്പ്യന്മാര്‍.
91 സ്വര്‍ണവും 33 വെള്ളിയും 35 വെങ്കലവുമടക്കം 159 മെഡലുകളുമായി മുന്നിലെത്തിയ സര്‍വീസസിന് പിന്നില്‍ കേരളമായിരുന്നു രണ്ടാം സ്ഥാനത്ത്. 54 സ്വര്‍ണം, 48 വെള്ളി 60 വെങ്കലം ആകെ 162 മെഡലുകള്‍. ഹരിയാനയും മഹാരാഷ്ട്രയും പഞ്ചാബും മധ്യപ്രദേശുമായിരുന്നു മൂന്ന് മുതല്‍ ആറ് വരെ സ്ഥാനങ്ങളില്‍.