മോഹന്‍ലാല്‍ ആരാധകര്‍ നാളേറെയായി ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 'ബറോസ്'. മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമെന്ന പ്രത്യേകതയോടു കൂടി തിയേറ്ററുകളില്‍ എത്തുന്ന സിനിമയുടെ ഹിന്ദി ട്രെയിലര്‍ റിലീസ് ചെയ്‌തു.
മുംബൈയില്‍ വച്ച് നടന്ന ചടങ്ങില്‍ ബോളിവുഡ് താരം അക്ഷയ് കുമാറാണ് 'ബറോസി'ന്‍റെ ഹിന്ദി ട്രെയിലര്‍ ലോഞ്ച് ചെയ്‌തത്. ട്രെയിലര്‍ ലോഞ്ച് ചടങ്ങിനിടെയുള്ള അക്ഷയ് കുമാറിന്‍റെയും മോഹന്‍ലാലിന്‍റെയും ചിത്രങ്ങളാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്.
മോഹൻലാൽ പ്രിയദർശൻ കൂട്ടുക്കെട്ടില്‍ പിറന്ന മലയാളം സൂപ്പർ ഹിറ്റുകളുടെ ഹിന്ദി റീമേക്കുകളുടെ പര്യായമാണ് ബോളിവുഡ് സൂപ്പർ സ്‌റ്റാർ അക്ഷയ് കുമാർ. അതുകൊണ്ട് തന്നെ മോഹന്‍ലാല്‍ ആദ്യമായി സംവിധാനം ചെയ്യുന്ന 'ബറോസി'ന്‍റെ ഹിന്ദി ട്രെയിലര്‍ ലോഞ്ചില്‍ മുഖ്യാതിഥിയായി എത്തിയതും അക്ഷയ് കുമാര്‍ ആയിരുന്നു.
'ബറോസ്' ഹിന്ദി ട്രെയിലർ ലോഞ്ചിന് മുമ്പായി, സിനിമയുടെ സംഗ്രഹത്തെ കുറിച്ച് മോഹൻലാൽ തന്നോട് പറഞ്ഞിരുന്നതായും അക്ഷയ് കുമാര്‍ പറഞ്ഞു. തനിക്ക് 'ബറോസി'ന്‍റെ പ്രിവ്യൂ ഷോയും മോഹന്‍ലാല്‍ വാഗ്‌ദാനം ചെയ്‌തതായി അക്ഷയ് കുമാര്‍ പറഞ്ഞു. ബറോസ് 3Dയെ കുറിച്ചും അക്ഷയ് കുമാര്‍ ചടങ്ങില്‍ സംസാരിച്ചു.
"നമ്മളൊക്കെ മുമ്പ് ധാരാളം 3D സിനിമകൾ കണ്ടിട്ടുണ്ട്. എന്നാൽ ഈ സിനിമ 3D യിലാണ് ചിത്രീകരിച്ചത്. അത് പ്രശംസനീയമാണ്. കുട്ടികളെ മനസ്സിൽ കണ്ട് നിർമ്മിക്കുന്ന സിനിമകൾ ഇന്ത്യയിൽ വളരെ കുറവാണ്. എന്നാല്‍ ബറോസ് തിയേറ്ററുകളിൽ ഒരു മികച്ച അനുഭവം ആയിരിക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ സിനിമയ്‌ക്ക് ലഭിക്കുന്ന പ്രതികരണങ്ങളെ കുറിച്ചറിയാന്‍ ഞാന്‍ കാത്തിരിക്കുകയാണ്. 'ബറോസ്' ഒരുപാട് കുട്ടികളെ വളരെയധികം സന്തോഷിപ്പിക്കും." -അക്ഷയ് കുമാര്‍ പറഞ്ഞു.
അക്ഷയ് കുമാര്‍ നായകനായ മുന്‍കാല ഹിന്ദി റീമേക്ക് ഹിറ്റുകളെ കുറിച്ചും മോഹന്‍ലാല്‍ ചടങ്ങില്‍ സംസാരിച്ചു. "നിങ്ങൾക്ക് അഭിനേതാക്കളെ താരതമ്യം ചെയ്യാൻ കഴിയില്ല. അവർ തികച്ചും വ്യത്യസ്‌തരാണ് - അവരുടെ വേഷം, അവർ ചെയ്യുന്ന കഥാപാത്രങ്ങൾ, അവരുടെ ശരീര ഭാഷ പോലും വ്യത്യസ്‌തമാണ്. പ്രിയദർശൻ റീമേക്ക് ചെയ്‌ത അക്ഷയ്‌യുടെ മിക്ക്യ സിനിമകളും ഞാൻ കണ്ടിട്ടുണ്ട്. അക്ഷയ് കുമാര്‍ ഒരു മികച്ച നടനാണ്. അദ്ദേഹം 100% പ്രൊഫഷണൽ നടനാണ്. ഞാൻ അത്ര പ്രൊഫഷണല്‍ അല്ല." -മോഹന്‍ലാല്‍ പറഞ്ഞു.
അതേസമയം 'ബറോസി'ന്‍റെ മലയാളം ട്രെയിലര്‍ നേരത്തെ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ ആണ് സിനിമയുടെ നിര്‍മ്മാണം. ഇന്ത്യയിലെ തന്നെ ആദ്യത്തെ ത്രിഡി ചിത്രമായ മൈ ഡിയര്‍ കുട്ടിച്ചാത്തന്‍ സംവിധാനം ചെയ്‌ത ജിജോ പുന്നൂസിന്‍റെ കഥയെ ആസ്‌പദമാക്കി നിര്‍മ്മിച്ച ചിത്രം കൂടിയാണ് 'ബറോസ്'.
Also Read: മോഹന്‍ലാലിന്‍റെ ബറോസ് ട്രെയിലര്‍ പങ്കുവച്ച് അമിതാഭ് ബച്ചന്‍