എറണാകുളം: പുള്ളവൻ പാട്ടിന്‍റെയും വടക്കൻ മലബാറിന്‍റെയും പശ്ചാത്തലത്തിൽ കഥ പറയുന്ന 'മായമ്മ' എന്ന ചിത്രത്തിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ച് ഇടിവി ഭാരതിനൊപ്പം ചേർന്ന് അണിയറ പ്രവർത്തകർ. തിരക്കഥാകൃത്തും സംവിധായകനുമായ രമേശ് കുമാർ കോറമംഗലം, ക്യാമറ ചലിപ്പിച്ച നവീൻ കെ സാജ്, എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ നായർ, അഭിനേതാക്കളിൽ ഒരാളായ ബിജു കലാവേദി എന്നിവര്‍ സിനിമയെക്കുറിച്ച് വാചാലരായി. പുള്ളുവത്തി പെൺകുട്ടിയുടെയും ഉന്നത കുലജാതനായ യുവാവിന്‍റെയും പ്രണയ കഥ പറയുന്ന ചിത്രം കേരളത്തിലെ സാമൂഹിക രാഷ്ട്രീയ അനാചാരങ്ങൾക്കെതിരെ ചൂണ്ടുന്ന വിരൽ കൂടിയാകും.
വടക്കൻ മലബാറിന്‍റെ പശ്ചാത്തലത്തിൽ കഥ പറയുന്നുണ്ടെങ്കിലും തിരുവനന്തപുരം ജില്ലയിലെ വർക്കല, കാപ്പിൽ തുടങ്ങിയ സ്ഥലങ്ങളിൽ ആണ് സിനിമയുടെ ചിത്രീകരണം. വടക്കൻ മലബാറിനെ തെക്കൻ കേരളത്തിലേക്ക് പറിച്ചുനട്ടതായി തോന്നാതിരിക്കാൻ ഉള്ള ശ്രമങ്ങൾ ആയിരുന്നു ഛായാഗ്രഹണം ഒരുക്കുമ്പോൾ പ്രധാന ചലഞ്ച് ആയി മുന്നിലെത്തിയതെന്ന് ഡിഒപി നവീൻ പ്രതികരിച്ചു.
മികച്ച ആശയങ്ങൾ മലയാള സിനിമയ്ക്ക് സമ്മാനിക്കുന്നതിനും സംവിധായകൻ രമേഷ് കുമാറുമായുള്ള സൗഹൃദവും ആണ് ചിത്രം നിർമ്മിക്കാനുള്ള പ്രചോദനം എന്നാണ് എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസർ രാജശേഖരൻ നായര്‍ പറഞ്ഞത്. ജയ ജയ ജയഹേ എന്ന ചിത്രത്തിൽ ജയയുടെ അച്ഛനായി അഭിനയിച്ച് പ്രശസ്‌തിയാർജിച്ച ബിജു കലാവേദി വീണ്ടും വേഷമിടുന്ന ചിത്രം കൂടിയാണിത്.