ആരാണ് ഹനുമാന്‍കൈന്‍ഡ്? കഴിഞ്ഞ കുറച്ചു ദിവസങ്ങളിലായി സോഷ്യല്‍ മീഡിയയില്‍ ഉയരുന്ന ചോദ്യമാണിത്. ലോകമെമ്പാടുമുള്ള സംഗീത പ്രേമികള്‍ക്കും യുവാക്കള്‍ക്കുമിടയില്‍ ഹനുമാന്‍കൈന്‍ഡ് ഒരു ചര്‍ച്ചാവിഷയമായി മാറിയിരിക്കുകയാണിപ്പോള്‍.
ഐഷോസ്‌പീഡിനെ പോലും ഞെട്ടിച്ച ഹനുമാന്‍കൈന്‍ഡ്:ഒരുപക്ഷേ അമേരിക്കന്‍ ഓണ്‍ലൈന്‍ സ്‌ട്രീമറായ ഐഷോസ്‌പീഡ് എന്ന പേരില്‍ അറിയപ്പെടുന്ന ഡാരൻ വാട്‌കിന്‍സ് ജൂനിയറെ അത്ര പെട്ടെന്ന് ആളുകള്‍ തിരിച്ചറിയണം എന്നില്ല. എന്നാല്‍ യൂട്യൂബിൽ ഏറ്റവും ജനപ്രീതിയുള്ള സോഷ്യൽ മീഡിയ സ്ട്രീമർ സ്‌പീഡിനെ ഏവർക്കും അറിയാം. സാക്ഷാൽ ഐഷോസ്‌പീഡ് അടക്കം കണ്ടു ഞെട്ടിയ പ്രകടനമാണ് ഹനുമാൻ കൈന്‍ഡിന്‍റേത്. ഹനുമാന്‍കൈന്‍ഡ് ഒരു ഇന്ത്യക്കാരനായ റാപ്പറാണെന്ന് അറിഞ്ഞപ്പോൾ ഐഷോസ്‌പീഡ് വരെ ഞെട്ടിപ്പോയി. ആ നിമിഷത്തെ ഐഷോസ്‌പീഡിന്‍റെ മുഖഭാവം സോഷ്യല്‍ മീഡിയയില്‍ ട്രെൻഡായിരുന്നു.
ഹനുമാൻ കൈന്‍ഡിന്‍റെ അവിശ്വസനീയമായ ആക്‌സന്‍റ്:ഐഷോസ്‌പീഡിനെ പോലെ കലാസൃഷ്‌ടികൾ വീക്ഷിക്കുന്ന ഓരോ വിദേശിയും, ഹനുമാന്‍കൈന്‍ഡ് ഇന്ത്യക്കാരന്‍ ആണെന്ന് അറിഞ്ഞപ്പോൾ ഞെട്ടി. ഹനുമാൻ കൈന്‍ഡിന്‍റെ ആക്‌സന്‍റ് അവിശ്വസനീയം എന്നാണ് വിദേശികളുടെ മാരത്തൺ യൂട്യൂബ് റിയാക്ഷൻ. ജൂലൈ 10ന് റിലീസായ 'ബിഗ് ഡൗഗ്‌സ്' എന്ന മ്യൂസിക്കൽ ആൽബം കണ്ട് ഞെട്ടിയ കൂട്ടത്തിൽ യൂട്യൂബിന്‍റെ മുതലാളിയും ഉണ്ടാകും.
യൂട്യൂബ് വ്യൂസ് കൗണ്ടിനെ നിശ്ചലമാക്കിയ ബിഗ് ഡൗഗ്‌സ്: 'ബിഗ് ഡൗഗ്‌സ്' റിലീസ് ചെയ്‌ത് മണിക്കൂറുകൾക്കകം തന്നെ യൂട്യൂബ് വ്യൂസ് കൗണ്ട് അടിച്ചു പോയി. ഒരേ സമയം കോടിക്കണക്കിന് ആളുകള്‍ റിപ്പീറ്റ് മോഡിൽ ആൽബം കണ്ടതോടെ യൂട്യൂബിന്‍റെ വ്യൂവേഴ്‌സ് കൗണ്ട് കൺഫ്യൂസ്‌ഡായി പ്രവർത്തനം നിലച്ചു. കൊറിയൻ റാപ്പർ സൈയുടെ 'ഗഗ്‌നം സ്‌റ്റൈല്‍', 'അവഞ്ചേഴ്‌സ് എൻഡ് ഗെയിം' ട്രെയിലർ, വിജയ്‌യുടെ 'മെർസൽ' ട്രെയിലർ തുടങ്ങി നിരവധി വീഡിയോകൾ റിലീസ് ചെയ്‌തപ്പോഴും സമാന രീതിയിൽ യൂട്യൂബ് വ്യൂസ് കൗണ്ടർ പ്രവർത്തനം കുറച്ച് സമയത്തേക്ക് പണി മുടക്കിയിരുന്നു.
ബിഗ് ഡൗഗ്‌സില്‍ മതിമറന്ന സംഗീതപ്രേമികള്‍:ഒരു മാസത്തിനുള്ളിൽ നാലര കോടിയിലധികം കാഴ്‌ചക്കാരുമായി 'ബിഗ് ഡൗഗ്‌സ്' മുന്നേറുകയാണ്. 'ബിഗ് ഡൗഗ്‌സ്' ആൽബത്തിന്‍റെ കമന്‍റ് സെക്ഷനിൽ ലോകത്തെമ്പാടുമുള്ള സംഗീത പ്രേമികളെ എത്തിക്കാൻ കഴിയുമോ? അസാധ്യമെന്നു തോന്നുന്ന ഈ കാര്യം ഒറ്റ ട്രാക്കിലൂടെ സാക്ഷാത്‌ക്കരിച്ചിരിക്കുകയാണ് ഒരു മലയാളി റാപ്പർ. അതെ, ഹനുമാന്‍കൈന്‍ഡ് മലയാളിയാണ്. പ്രശസ്‌ത അമേരിക്കൻ സെലിബ്രിറ്റികള്‍ പോലും ഈ മലയാളിയുടെ റാപ്പ് സംഗീതത്തിൽ മതിമറന്നു. ആൽബം കണ്ടവരാരും ആള് മലയാളിയെന്നോ ഇന്ത്യക്കാരനെന്നോ ചിന്തിക്കാൻ ഇടയില്ല. ലോക നിലവാരമുള്ള സൃഷ്‌ടികളെ സൂഷ്‌മമായി ശ്രദ്ധിക്കുന്നവർക്കും സംഗീതാസ്വാദകർക്കും ആള് സുപരിചിതനാണ്.
മലയാളിയായ സൂരജ് ഹനുമാന്‍ കൈന്‍ഡായ കഥ: മലബാറുകാരൻ സൂരജ് ചെറുകാട്ട് ഹനുമാന്‍കൈന്‍ഡ് ആയതിന് പിന്നിലെ കഥ വളരെ വലുതാണ്. അമേരിക്കക്കാരുടെ സ്വന്തം കസിൻ എന്ന് വിശേഷണത്തിന് അര്‍ഹനായ ഹനുമാന്‍കൈന്‍ഡ് മലയാളി ആണെങ്കിലും പഠിച്ചതും വളർന്നതും വിവിധ രാജ്യങ്ങളിലാണ്. സൂരജിന്‍റെ അച്ഛന് ഓയില്‍ മേഖലയിലായിരുന്നു ജോലി. പിതാവിന്‍റെ ജോലിയുടെ ആവശ്യപ്രകാരം സൂരജ് നൈജീരിയ, സൗദി അറേബ്യ, ഇറ്റലി, ഈജിപ്‌ത് തുടങ്ങി വിവിധ രാജ്യങ്ങളിൽ സഞ്ചരിച്ച് ജീവിച്ചു. പിന്നീട് ദീർഘകാലം അമേരിക്കയിലെ ഹൂസ്‌റ്റണിലായിരുന്നു സൂരജിന്‍റെ കുടുംബം താമസിച്ചിരുന്നത്. നാലാം ഗ്രേഡ് മുതൽ ഡിഗ്രി വരെ പഠനം ഹൂസ്‌റ്റണിലായിരുന്നു. തുടർന്ന് ഇന്ത്യയിലെത്തിയ സൂരജ് കോയമ്പത്തൂരിലെ പിഎസ്‌ജിയിൽ ബിരുദ പഠനത്തിന് ചേർന്നു.
ഹനുമാൻകൈൻഡ് എന്ന പേരിന് പിന്നില്‍: പഠനം കഴിഞ്ഞ് വീട്ടുകാരുടെ നിർബന്ധപ്രകാരം ഒരു ജോലിയിൽ ചേർന്നെങ്കിലും സംഗീതമായിരുന്നു സൂരജിന് എല്ലാം. അധികം വൈകാതെ ജോലി ഉപേക്ഷിച്ച് തന്‍റെ പാഷനുമായി ബാംഗ്ലൂരിൽ സ്വപ്‌നങ്ങൾക്ക് കൂടുകൂട്ടാൻ ആരംഭിച്ചു. ഇൻസ്‌റ്റഗ്രാം റീല്‍സ്, യൂട്യൂബ് ഷോർട്‌സ്, ചെറിയ റാപ്പ് ഇവന്‍റുകള്‍ അങ്ങനെ സൂരജിന്‍റെ പ്രകടനം കൃത്യമായ ഇടവേളകളിൽ കാഴ്‌ച്ചക്കാരിലേയ്‌ക്ക് എത്തിച്ചു. അപ്പോഴും ആർക്കും പിടിയില്ല, ഗംഭീര അമേരിക്കൻ ആക്‌സന്‍റില്‍ പാടുന്ന സൂരജ്, ഒരു ദേസി കലാകാരൻ ആണെന്ന്. അങ്ങനെ ബാംഗ്ലൂർ ജീവിതം സമ്മാനിക്കുന്ന പേരാണ് ഹനുമാന്‍കൈന്‍ഡ്.
ഹനുമാൻകൈൻഡ് എന്ന ബ്രാൻഡ്:'കളരി'യാണ് ഹനുമാന്‍കൈന്‍ഡ് എന്ന ബ്രാൻഡിൽ ആദ്യം പുറത്തിറങ്ങുന്ന ആൽബം. മലയാളി സുഹൃത്തുക്കളായ റാപ്പർമാർക്കൊപ്പം സഹകരിച്ച് പുറത്തിറക്കിയ ഗാനങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചു. 'ബീർ ആന്‍ഡ് ബിരിയാണി', 'ജെങ്കിസ്', 'ഡാംസൺ', 'റഷ് അവർ', 'ഗോ ടു സ്ലീപ്' തുടങ്ങിയ ഗാനങ്ങൾ സംഗീതാസ്വാദകർ മൂളി നടക്കാൻ ആരംഭിച്ചു. കൂടാതെ ഹനുമാൻ കൈൻഡിന്‍റെ ലൈവ് പെർഫോമൻസുകൾക്ക് ആരാധകറും വര്‍ധിച്ചു.
20 മിനിറ്റില്‍ എഴുതി റെക്കോര്‍ഡ് ചെയ്‌ത ബിഗ് ഡൗഗ്‌സ്:ഇതുവരെ ചെയ്‌ത ട്രാക്കുകളിൽ ഹനുമാൻ കൈന്‍ഡിന്‍റേതായി ആഗോള ശ്രദ്ധ ആകർഷിക്കുന്നത് 'ബിഗ് ഡൗഗ്‌സ്' തന്നെയാണ്. ഒരു പ്രമുഖ റേഡിയോ സ്‌റ്റേഷന് അനുവദിച്ച അഭിമുഖത്തില്‍ അദ്ദേഹത്തിന്‍റെ ചില തുറന്നു പറച്ചിൽ, അക്ഷരാർത്ഥത്തിൽ ആഗോള സംഗീതജ്ഞരെ തന്നെ ഞെട്ടിച്ചു. വെറും 20 മിനിറ്റ് കൊണ്ട് എഴുതുകയും 20 മിനിറ്റ് കൊണ്ട് റെക്കോർഡ് ചെയ്യുകയും ചെയ്‌ത സൃഷ്‌ടിയാണ് 'ബിഗ് ഡൗഗ്‌സ്'.
ചിത്രീകരണം പൊന്നാനിയില്‍, ഞെട്ടിച്ചത് അമേരിക്കയെയും യൂറോപ്പിനെയും: സുഹൃത്ത് വിജയ് ഷെട്ടിയാണ് ആൽബം സംവിധാനം ചെയ്‌തിരിക്കുന്നത്. അമേരിക്കയെയും യൂറോപ്പിനെയും ഞെട്ടിച്ച ആൽബം ചിത്രീകരിച്ചതോ കേരളത്തിലെ പൊന്നാനിയിലും. മരണ കിണറിന്‍റെ പശ്ചാത്തലത്തിൽ അമേരിക്കൻ ഐക്യനാടുകളിലെ സംസ്‌കാരവും വേഷവിധാനവും രൂപഭാവവും കോർത്തിണക്കി നല്ല മുട്ടൻ അമേരിക്കൻ ശൈലിയിൽ ഒരു ദേസി ആൽബം. അഭിനയ് പണ്ഡിറ്റിന്‍റെ ഛായാഗ്രഹണവും അതിഗംഭീരമാണ്.
മരണക്കിണറും ഹനുമാന്‍ കൈന്‍ഡും:നാലു മിനിറ്റ് ദൈർഘ്യമുള്ള വീഡിയോയിൽ റാപ്പർ ഹനുമാൻ കൈൻഡിനൊപ്പം മരണക്കിണറിൽ വണ്ടിയോടിക്കുന്ന സ്‌റ്റണ്ട് ആർട്ടിസ്‌റ്റുകളുമുണ്ട്. ഇന്ത്യയിൽ മരണക്കിണറിൽ വണ്ടിയോടിക്കുന്ന അപൂർവം സ്ത്രീകളിലൊരാളായ കഷീഷ് ഷെയ്ക്ക്, മൂർ സലീം, മുഹമ്മദ് ഷദാബ് അൻസാരി എന്നിവരാണ് ആൽബത്തിലെ പ്രധാന ആകർഷണ ഘടകം. പൗരസ്ത്യ–പാശ്ചാത്യ സംഗീതത്തിന്‍റെ മനോഹരമായ കൂടിച്ചേരലാണ് 'ബിഗ് ഡൗഗ്‌സ്'.
കമന്‍റ് ബോക്‌സില്‍ കമന്‍റ് ടാഗ് ചെയ്‌ത് ഹനുമാന്‍കൈന്‍ഡ്:സംഗതി അമേരിക്കൻ ആണെന്ന് പറയുമെങ്കിലും പല ആൽബങ്ങളിലും ഭാരതം എന്ന സാംസ്‌കാരികത ഉയർത്തിക്കാട്ടാനാണ് ഹനുമാൻകൈൻഡ് ശ്രദ്ധിച്ചിട്ടുള്ളത്. പൊതുവേ പാശ്ചാത്യ റാപ്പ് ആൽബങ്ങൾ പ്രൗഢിയുടെയും മാസ്‌മരിക ഭൂമിയുടെയും ഇടചേരൽ ആണെങ്കിൽ സൂരജ് ഇവിടെ മണ്ണിൽ ചവിട്ടി നിന്നാണ് കാര്യങ്ങൾ കബൂലാക്കുന്നത്. ലോകം മുഴുവൻ ഏറ്റെടുത്ത 'ബിഗ് ഡൗഗ്‌സ്' എന്ന സംഗീത ആല്‍ബത്തിന്‍റെ കമന്‍റ് ബോക്‌സില്‍ ആരാധകർക്ക് ഒരു മറുപടിയും അദ്ദേഹം ടാഗ് ചെയ്‌ത് വച്ചിട്ടുണ്ട്. 'ലോകം മുഴുവൻ ഇവിടെ ഒരുമിച്ചുണ്ടെന്നൊരു തോന്നൽ, ലവ് യു ആൾ' -ഇപ്രകാരമായിരുന്നു ഹനുമാന്‍ കൈന്‍ഡിന്‍റെ കമന്‍റ്.
Hanumankind comment (Youtube official) മലയാള സിനിമയിലും കൈന്‍ഡിന്‍റെ കയ്യൊപ്പ് പതിഞ്ഞു: മലയാള സംഗീത ലോകത്തും ഹനുമാൻ കൈന്‍ഡിന്‍റെ കയ്യൊപ്പ് പതിഞ്ഞു കഴിഞ്ഞു. ഫഹദ് ഫാസിലിന്‍റെ 'ആവേശം' എന്ന ചിത്രത്തിലും ഹനുമാൻ കൈന്‍ഡിന്‍റെ സ്വരമുണ്ട്. ചിത്രത്തിൽ ചെറുപ്പകാലം അവതരിപ്പിക്കുന്ന രംഗം, തിയേറ്ററുകളെ ഇളക്കിമറിച്ചത് സുഷിന്‍ ശ്യാമിന്‍റെ സംഗീതത്തിലും സൂരജിന്‍റെ ശബ്‌ദത്തിലും ആയിരുന്നു.