ദുല്‍ഖര്‍ സല്‍മാന്‍റെ 'ലക്കി ഭാസ്‌കര്‍' ബ്ലോക്ക്ബസ്‌റ്റർ വിജയം നേടി മുന്നേറുകയാണ്. പ്രേക്ഷകരെ ആദ്യാവസാനം വരെ രസിപ്പിക്കുന്ന ഒരു പിരീഡ് ഡ്രാമ ത്രില്ലറാണ് ചിത്രം. വെങ്കി അറ്റ്ലൂരി രചനയും സംവിധാനവും നിര്‍വ്വഹിച്ച പാൻ ഇന്ത്യൻ ചിത്രത്തില്‍ ഗംഭീര പ്രകടനമാണ് ദുല്‍ഖര്‍ കാഴ്‌ച്ച വെച്ചിരിക്കുന്നത്.
എന്നാൽ ദുൽഖർ സൽമാനെ കൂടാതെ രണ്ട് മലയാളികൾ കൂടി 'ലക്കി ഭാസ്‌കറി'ന്‍റെ ഭാഗമായിട്ടുണ്ട്. സിനിമയ്‌ക്ക് ക്യാമറ ചലിപ്പിച്ച നിമിഷ് രവിയും ചിത്രത്തിന്‍റെ പ്രൊഡക്ഷൻ ഡിസൈൻ നിർവഹിച്ച ബംഗ്ലാനുമാണ് ആ രണ്ട് മലയാളികള്‍.
സിനിമയിലെ ദൃശ്യങ്ങളുടെ മനോഹാരിതയും കഥ നടക്കുന്ന പശ്‌ചാത്തലത്തിന്‍റെ പൂർണ്ണതയുമാണ് 'ലക്കി ഭാസ്‌കറി'ന്‍റെ ഏറ്റവും വലിയ മികവ്. നിമിഷ് രവി ഒരുക്കിയ ദൃശ്യങ്ങൾ കഥാ അന്തരീക്ഷത്തെ ഏറ്റവും മനോഹരമായി ഒപ്പിയെടുത്തപ്പോൾ, 1980 -90 കാലഘട്ടത്തിലെ ബോംബെ നഗരത്തെ അതിശയിപ്പിക്കുന്ന സൂക്ഷ്‌മതയോടെയാണ് ബംഗ്ളാൻ പുനഃസൃഷ്‌ടിച്ചത്.
ഹൈദരാബാദിൽ നിർമ്മിച്ച കൂറ്റൻ സെറ്റുകളിലാണ് അദ്ദേഹം ചിത്രം ഒരുക്കിയത്. സിനിമയിലെ മഗധ ബാങ്ക്, ബോംബെ തെരുവുകൾ, ഭാസ്‌കറിന്‍റെ വീട് തുടങ്ങിയവയെല്ലാം ഏറ്റവും പൂർണ്ണതയോടെയാണ് കഥയിലെ ഓരോ ഭാഗങ്ങൾക്ക് വേണ്ടിയും അദ്ദേഹം പ്രൊഡക്ഷൻ ഡിസൈൻ ഒരുക്കിയിരിക്കുന്നത്. കഥയും കഥാപാത്രങ്ങളും അവരുടെ പശ്ചാത്തലവും ഏറ്റവും വിശ്വസനീയമായി പ്രേക്ഷകരുടെ മനസ്സിൽ പതിഞ്ഞതിൽ ഈ രണ്ട് വ്യക്‌തികളുടെ പങ്കും വളരെ വലുതാണ്.