ഓണം റിലീസായി എത്തിയ രണ്ട് മലയാളം ചിത്രങ്ങളാണ് തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുന്നത്. ആസിഫ് അലി നായകനായി എത്തിയ ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്‌ത 'കിഷ്‌കിന്ധാ കാണ്ഡവും' ടൊവിനോ തോമസ് നായകനായി ജിതിന്‍ ലാല്‍ സംവിധാനം ചെയ്‌ത 'അജയന്‍റെ രണ്ടാം മോഷണവും'. ഇരുചിത്രങ്ങളും മികച്ച പ്രേക്ഷക അഭിപ്രായങ്ങളും പ്രശംസകളും നേടി മുന്നോട്ട് കുതിക്കുകയാണ്.
കിഷ്‌കിന്ധാ കാണ്ഡം
സെപ്റ്റംബര്‍ 12 നാണ് 'കിഷ്‌കിന്ധാ കാണ്ഡം' തിയേറ്ററുകളില്‍ എത്തിയത്. ആദ്യ വാരം പിന്നിടുമ്പോള്‍ 20 കോടി എന്ന അപ്രതീക്ഷിത ബോക്‌സ് ഓഫീസ് കളക്ഷനാണ് ചിത്രം നേടിയത്. സാക്‌നില്‍സ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ നിന്ന് ഏകദേശം 2.25 കോടിയാണ് ഇന്നലെ (സെപ്റ്റംബര്‍ 19 ) വരെ ചിത്രം നേടിയത്. എട്ടാം ദിനം പിന്നിടുമ്പോള്‍ ചിത്രത്തിന്‍റെ ഇന്ത്യയിലെ മൊത്തം കളക്ഷന്‍ 14.10 കോടിയിലെത്തിയതായും ആഗോള കളക്ഷന്‍ 20 കോടി കവിഞ്ഞതായും കണക്കുകള്‍ പറയുന്നു.
കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റു പോയത് ഒരു ലക്ഷത്തി പതിമൂന്നായിരത്തിന് മേലെ ടിക്കറ്റുകളാണ്. 47 ലക്ഷം രൂപയായിരുന്നു ചിത്രത്തിന്‍റെ ആദ്യ ദിന കളക്ഷന്‍. രണ്ടാം ദിവസത്തിലേക്ക് വരുമ്പോള്‍ അത് 65 ലക്ഷമായി വര്‍ധിച്ചു. മൂന്നാം ദിനത്തില്‍ 1.40 കോടി രൂപയിലേക്ക് മാറി. തിരുവോണ നാളില്‍ 1.85 കോടിയിലേക്ക് ചിത്രം കുതിച്ചു. എട്ടാം ദിനമെത്തുമ്പോള്‍ 20 കോടിയാണ് ആഗോളതലത്തില്‍ നേടിയതെന്നാണ് റിപ്പോര്‍ട്ട്.
ഇടിവി ഭാരത് കേരളം ഇനി വാട്‌സ്‌ആപ്പിലും