കേരളം

kerala

ETV Bharat / entertainment

"65-ാം വയസ്സിലെ വിവാഹം", "ഇതൊക്കെ ഒരുതരം മാനസിക രോഗം, അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നാട്"; പ്രതികരിച്ച് ക്രിസ്

വിവാഹ ശേഷം തനിക്ക് നേരിട്ട സൈബർ അറ്റാക്കിനെതിരെ പ്രതികരിച്ച് ക്രിസ് വേണുഗോപാൽ. സീരിയല്‍ താരമായ ദിവ്യ ശ്രീധറെയാണ് കിസ്ര് വിവാഹം ചെയ്‌തത്. രൂപത്തിന്‍റെയും പ്രായ വ്യത്യാസത്തിന്‍റെയും പേരിലായിരുന്നു സൈബര്‍ ആക്രമണം.

KRISS VENUGOPAL  KRISS VENUGOPAL MARRIAGE  ക്രിസ് വേണുഗോപാന്‍  ക്രിസ് വേണുഗോപാന്‍ വിവാഹം
Kriss Venugopal (ETV Bharat)

By ETV Bharat Entertainment Team

Published : 4 hours ago

സിനിമ സീരിയല്‍ താരങ്ങളായ ദിവ്യ ശ്രീധര്‍ - ക്രിസ് വേണുഗോപാന്‍ എന്നിവരുടെ വിവാഹ വാര്‍ത്തയാണ് കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍. ഗുരുവായൂർ അമ്പലത്തിൽ വച്ചായിരുന്നു ഇരുവരുടെയും വിവാഹം. വിവാഹത്തിന് പിന്നാലെ വന്‍ വിമര്‍ശനങ്ങളാണ് താര ദമ്പതികള്‍ക്ക് നേരെ ഉയരുന്നത്.

സോഷ്യൽ മീഡിയയിലൂടെ വലിയ രീതിയിലുള്ള സൈബർ ആക്രമണമാണ് ഇരുവരും നേരിടുന്നത്. രൂപത്തിന്‍റെയും പ്രായ വ്യത്യാസത്തിന്‍റെയും പേരിലാണ് പ്രധാനമായും പരിഹാസങ്ങള്‍. 65 വയസ്സുള്ള ആള്‍ 40 കാരിയെ വിവാഹം ചെയ്‌തന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചത്. എന്നാല്‍ ക്രിസ് വേണുഗോപാലിന് 49 വയസ്സും ദിവ്യയ്‌ക്ക് 40 വയസ്സുമാണ്.

കൂടാതെ ക്രിസ് വേണുഗോപാലിനെ കുറിച്ച് സഭ്യമല്ലാത്ത കാര്യങ്ങളും സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു. ഇതിനൊക്ക ദിവ്യ ശ്രീധർ മാധ്യമങ്ങൾക്ക് മുന്നിൽ ചുട്ട മറുപടി നല്‍കിയിരുന്നു. എന്നാലിപ്പോള്‍ തന്‍റെ വിവാഹത്തെ കുറിച്ചും, തനിക്ക് നേരിടേണ്ടി വന്ന സൈബർ ആക്രമണത്തെ കുറിച്ചും ക്രിസ് വേണുഗോപാൽ ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ്. തന്‍റെ അനുജത്തി കാരണമാണ് ഈ വിവാഹം നടന്നതെന്ന് ക്രിസ് വേണുഗോപാല്‍ പറയുന്നു.

"ഞാൻ അഭിനയിച്ച് കൊണ്ടിരുന്ന ഒരു സീരിയലിൽ ഒരു ക്യാരക്‌ടർ ചെയ്യാനായി ദിവ്യ എത്തുമ്പോഴാണ് ഞാൻ അവരെ പരിചയപ്പെടുന്നത്. അതിനിടെ ദിവ്യ എന്‍റെ സഹോദരിയുമായി പരിചയപ്പെട്ടു. സഹോദരിയും ദിവ്യയുമായുണ്ടായ സംസാരത്തിനിടെ ദിവ്യ തന്‍റെ ജീവിതപങ്കാളിയായി വന്നാൽ കൊള്ളാമെന്ന് സഹോദരിക്ക് ബോധ്യമായതായി.

തുടര്‍ന്ന് സഹോദരി തന്നെ കാര്യം ദിവ്യയോട് നേരിട്ട് ചോദിച്ചു. അവർക്ക് എതിർപ്പുകൾ ഒന്നും ഉണ്ടാവാത്തതിനാൽ വീട്ടുകാർ മുഖേന സംസാരിക്കുകയും തുടർന്ന് വിവാഹം ഉറപ്പിക്കുകയും ചെയ്‌തു. ഇതൊരു പ്രോപ്പർ അറേഞ്ച്ഡ് മാരേജ് ആണ്." -ക്രിസ് വേണുഗോപാൽ പറഞ്ഞു.

വിവാഹ ശേഷമുണ്ടായ സൈബര്‍ ആക്രമണത്തെ കുറിച്ചും ക്രിസ് പറഞ്ഞു. രൂപത്തിന്‍റെയും പ്രായവ്യത്യാസത്തിന്‍റെയും പേരിൽ പരിഹസിച്ചവരോട് പ്രതിഷേധ ഭാഷ ഉപയോഗിക്കാൻ ആഗ്രഹിക്കുന്നില്ലെന്നും എന്നാല്‍ ദിവ്യയുടെ മക്കളുമായി ചേര്‍ത്തുണ്ടാക്കിയ പ്രചരണങ്ങള്‍ക്ക് രൂക്ഷമായ ഭാഷയില്‍ മറുപടി പറയാന്‍ ആഗ്രഹിക്കുന്നുവെന്നും ക്രിസ് വേണുഗോപാൽ പ്രതികരിച്ചു.

"സൈബര്‍ അറ്റാക്കുകളോട് പ്രതികരിക്കേണ്ടെന്നാണ് ആദ്യം കരുതിയത്. അമ്മയെ തല്ലിയാലും രണ്ട് പക്ഷമുള്ള നാടാണിത്. അതൊക്കെ മനസ്സിലിട്ട് നമ്മുടെ സമാധാനം കളയുന്ന കാര്യമായി കരുതുന്നുമില്ല. എന്നാൽ ദിവ്യയുടെ മകളെ മനസ്സിൽ കണ്ടാണ് താൻ അവരെ വിവാഹം ചെയ്‌തത് എന്നൊക്കെ പറയുന്നവരോട് രൂക്ഷമായ ഭാഷയിൽ തന്നെ മറുപടി പറയാൻ ആഗ്രഹിക്കുന്നു. അത്തരം ആളുകള്‍ക്ക് മാനസിക വൈകല്യമുണ്ട്. വിഷമയമാണ് അത്തരക്കാരുടെ മനസ്സുകൾ.

പൊളിറ്റിക്കൽ കറക്‌ട്‌നസ് ഒക്കെ വലിയ രീതിയിൽ ചർച്ച ചെയ്യുമെങ്കിലും പലരുടെയും മനസ്സുകൾ ഇപ്പോഴും ആധുനിക സാമൂഹിക സാഹചര്യങ്ങൾക്കനുസരിച്ച് ഉയർന്നിട്ടില്ല. അപമാനകരം എന്നൊന്നും അതിനെ വിശേഷിപ്പിക്കാനാകില്ല. ഒരു ഉയർച്ച സംഭവിച്ചാൽ മാത്രമെ താഴ്‌ച്ചയിലേക്ക് പോയെന്ന് പറയാൻ സാധിക്കുകയുള്ളൂ. ഇങ്ങനെയൊക്കെ സംസാരിക്കുന്നവരുടെ മനസ്സുകൾ ഒന്നും ഉയർന്നിട്ടേയില്ല.

വിപ്ലവകരമായ മാറ്റങ്ങൾ മലയാളിക്ക് സംഭവിച്ചു എന്നൊക്കെ പറയുന്നത് അതൊക്കെ സോഷ്യൽ മീഡിയയിൽ ഘോരഘോരം പ്രസംഗിക്കാനുള്ള ആശയങ്ങൾ മാത്രമായി ഒതുങ്ങുന്നു. ഇതുപോലെ മനസ്സിൽ വിഷം സൂക്ഷിക്കുന്ന വ്യക്തികൾ ഇതുവരെയും സാമൂഹിക വ്യവസ്ഥിതിക്കനുസരിച്ച് മാനസിക വളർച്ച നേടിയിട്ടില്ല. ഇനി ഒരിക്കലും നേടാൻ പോകുന്നുമില്ല."-ക്രിസ് വേണുഗോപാൽ പറഞ്ഞു.

തങ്ങളെ സംബന്ധിച്ച് പരസ്‌പരമുള്ള ഒരു പിന്തുണയായാണ് ഈ വിവാഹമെന്നും അതിന് പ്രായവും രൂപവും ഒന്നും ഒരു പ്രശ്‌നമല്ലെന്നും മാനസിക ഐക്യം മാത്രം മതിയെന്നും ക്രിസ് വേണുഗോപാല്‍ പറഞ്ഞു.

"കല്യാണം എന്നാൽ പുരുഷ മേധാവിത്വമാണെന്നും, ഒരു സ്ത്രീ കല്യാണം കഴിക്കാൻ തീരുമാനിച്ചാൽ വീട്ടുകാര്യങ്ങൾ നോക്കണം, പാചകം പഠിക്കണം എന്നൊക്കെ ഉപദേശിക്കുന്ന കുടുംബങ്ങൾ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ട്. മാനസിക വൈകല്യമുള്ളവർ ഞങ്ങളെ നോക്കി കൊഞ്ഞനം കാട്ടിക്കൊണ്ടിരിക്കും." -ക്രിസ് വേണുഗോപാൽ പറഞ്ഞു.

വിവാഹ ശേഷം തിരുവനന്തപുരത്താണ് താമസം. നവംബർ രണ്ടിന് വൈകുന്നേരം വിവാഹ സത്‌ക്കാരവും നടക്കും. അഭിനേതാവും, മോട്ടിവേഷണൽ സ്‌പീക്കറും, വോയിസ് ആർട്ടിസ്‌റ്റുമാണ് ക്രിസ്.

Also Read: സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാം വിവാഹിതനായി

ABOUT THE AUTHOR

...view details