ന്യൂഡൽഹി: 2025 ലെ നീറ്റ് യു ജി പരീക്ഷ ഓണ്‍ലൈൻ ആകില്ല. ഒഎംആർ രീതിയിൽ പരീക്ഷ നടത്താനാണ് തീരുമാനം. ഒരു ദിവസം ഒരു ഷിഫ്‌റ്റിലാകും പരീക്ഷ എന്ന് നാഷണല്‍ ടെസ്റ്റിങ് ഏജന്‍സി (NTA) അറിയിച്ചു. ദേശീയ മെഡിക്കൽ കമ്മിഷന്‍റെ മാർഗനിർദേശങ്ങളുമായി പൊരുത്തപ്പെടുന്നതാണ് ഈ തീരുമാനം.
2025 ലെ നീറ്റ് യു ജി മെഡിക്കൽ പ്രവേശന പരീക്ഷ ഏതു മോഡിൽ നടത്തണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ, ആരോഗ്യ മന്ത്രാലയങ്ങൾ കഴിഞ്ഞ മാസം പറഞ്ഞിരുന്നു. 'നീറ്റിന്‍റെ ഭരണ മന്ത്രാലയം ആരോഗ്യ മന്ത്രാലയമാണ്, നീറ്റ് പരീക്ഷ പേന-പേപ്പർ മോഡിൽ നടത്തണോ അതോ ഓൺലൈൻ മോഡിൽ നടത്തണോ എന്ന് തീരുമാനിക്കാൻ ഞങ്ങൾ അവരുമായി ചർച്ച നടത്തിവരികയാണ്.
ജെ പി നദ്ദയുടെ നേതൃത്വത്തിലുള്ള ആരോഗ്യ മന്ത്രാലയവുമായി ഇതിനകം ചർച്ചകൾ നടത്തി. പരീക്ഷ നടത്താൻ ഏറ്റവും അനുയോജ്യമെന്ന് കരുതുന്ന ഏത് ഓപ്ഷനും നടപ്പിലാക്കാൻ എന്‍ടിഎ തയ്യാറാണ്' എന്ന് ധർമേന്ദ്ര പ്രധാൻ പറഞ്ഞിരുന്നു. ഇതിന് പുറകെ ആണ് പരീക്ഷ 'പേപ്പർ-പേന' മോഡിൽ തന്നെ തുടരാന്‍ തീരുമാനമായിരിക്കുന്നത്.
NEET UG 2025 to be conducted in Pen and Paper mode (OMR based) in Single day and Single Shift. pic.twitter.com/H1DYTgSGqI
— National Testing Agency (@NTA_Exams) January 16, 2025
എന്‍ടിഎയുടെ കീഴിൽ വരുന്ന എല്ലാ മെഡിക്കൽ സ്ഥാപനങ്ങളിലും ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിനിലെ BAMS, BUMS, BSMS കോഴ്‌സുകൾ ഉൾപ്പെടെ ഓരോ വിഷയത്തിലെയും ബിരുദ കോഴ്‌സുകളിലേക്കുള്ള പ്രവേശനത്തിന് ഏകീകൃത നീറ്റ് ഉണ്ടായിരിക്കുമെന്നും എന്‍ടിഎ പ്രഖ്യാപിച്ചു. നാഷണൽ കമ്മിഷൻ ഫോർ ഹോമിയോപ്പതിക്ക് കീഴിലുള്ള BHMS കോഴ്‌സിലേക്കുള്ള പ്രവേശനത്തിനും നീറ്റ് യു ജി യോഗ്യത നേടണമെന്ന് എന്‍ടിഎ അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കൂടാതെ, 2025-ൽ ആംഡ് ഫോഴ്‌സസ് മെഡിക്കൽ സർവിസ് ആശുപത്രികളിൽ നടത്തുന്ന ബിഎസ്‌സി നഴ്‌സിങ് കോഴ്‌സുകളിലേക്ക് പ്രവേശനം ആഗ്രഹിക്കുന്ന മിലിട്ടറി നഴ്‌സിംഗ് സർവിസ് ഉദ്യോഗാർഥികളും നീറ്റ് യുജി യോഗ്യത നേടേണ്ടതുണ്ട്. നാല് വർഷത്തെ ബിഎസ്‌സി നഴ്‌സിങ് കോഴ്‌സിലേക്കുള്ള തെരഞ്ഞെടുപ്പിനുള്ള ഷോർട്ട്‌ലിസ്റ്റിംഗിന് നീറ്റ് യുജി സ്കോർ ഉപയോഗിക്കും.
പരീക്ഷയുടെ ഓൺലൈൻ രജിസ്ട്രേഷൻ തീയതികൾ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. 11, 12 ക്ലാസുകളിലെ ഫിസിക്‌സ് കെമിസ്ട്രി ബയോളജി പാഠ്യപദ്ധതിയാണ് പരീക്ഷയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. 2025 ലെ നീറ്റ് യുജി സിലബസ് എൻഎംസി പരിഷ്‌കരിച്ചിട്ടുണ്ട്. വിശദമായ സിലബസ് ഇപ്പോൾ എൻഎംസിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ nmc.org ലും എൻടിഎയുടെ ഔദ്യോഗിക പോർട്ടലായ nta.ac.in ലും ലഭ്യമാകും.
3 മണിക്കൂർ 20 മിനിറ്റ് ദൈർഘ്യമുള്ള പരീക്ഷയാണിത്. ഇതിൽ 200 ചോദ്യങ്ങളാണുള്ളത്, അതിൽ 180 ചോദ്യങ്ങൾക്ക് വിദ്യാർഥികൾ ഉത്തരം നൽകണം. ഓരോ ശരിയായ ഉത്തരത്തിനും ഒരു വിദ്യാർഥിക്ക് നാല് മാർക്കും ഓരോ തെറ്റായ ഉത്തരത്തിനും ഒരു മാർക്കും നെഗറ്റീവ് മാർക്കും ലഭിക്കും.