റോം: ആഗോള കത്തോലിക്കാസഭയുടെ പരമാധ്യക്ഷനായ ഫ്രാന്‍സിസ് മാര്‍പാപ്പയ്‌ക്ക് വീഴ്‌ചയിൽ പരിക്കേറ്റു. വലത് കൈക്കാണ് പരിക്ക്. കൈയ്ക്ക് പൊട്ടലില്ല, പക്ഷേ മുന്‍കരുതല്‍ എന്ന നിലയില്‍ കെട്ടിവച്ചിരിക്കുകയാണെന്ന് വത്തിക്കാന്‍ വക്താവ് അറിയിച്ചു. സാന്താ മാര്‍ത്താ ഹോട്ടലിലിലുള്ള അദ്ദേഹത്തിന്‍റെ അപ്പാര്‍ട്ട്മെന്‍റിലാണ് അദ്ദേഹം വീണത്.
88 കാരനായ പോപ്പിന് നിരവധി ആരോഗ്യപ്രശ്‌നങ്ങളുണ്ട്. ഏതാനും ആഴ്‌ചകള്‍ക്ക് മുമ്പുണ്ടായ വിഴ്‌ചയിൽ അദ്ദേഹത്തിന്‍റെ കവിളത്ത് പരിക്കേറ്റിരുന്നു. ശ്വാസം മുട്ടലടക്കം നിരവധി പ്രശ്‌നങ്ങളും ഇദ്ദേഹം നേരിടുന്നു. മുട്ടുവേദന മൂലം വീല്‍ചെയറിലാണ് ഇദ്ദേഹം മുഴുവന്‍ സമയവും ചെലവിടുന്നത്. സാന്താ മാര്‍ത്താ ഹോട്ടലിലിലുള്ള അദ്ദേഹത്തിന്‍റെ അപ്പാര്‍ട്ട്മെന്‍റില്‍ വാക്കറോ മുളവടിയോ ഉപയോഗിച്ചാണ് അദ്ദേഹം നടക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഫ്രാന്‍സിസ് മാര്‍പാപ്പയുടെ മുന്‍ഗാമിയായിരുന്ന ബെനഡിക്‌ട് പതിനാറാമന്‍ അനാരോഗ്യം കണക്കിലെടുത്ത് പദവിയൊഴിഞ്ഞിരുന്നു. ഇതേത്തുടർന്നാണ് ഫ്രാൻസിസ് പാപ്പ സ്ഥാനാരോഹിതനായത്. തനിക്ക് ഇനിയും പോപ്പ് പദവിയിലിരുന്ന് ലോകമെമ്പാടുമുള്ള സഭയുടെ കാര്യങ്ങള്‍ നിര്‍വഹിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ആയിരുന്നു ബെനഡിക്‌ട് മാർപാപ്പയുടെ രാജി.
അതേസമയം ബെനഡിക്‌ട് ഇങ്ങനെയൊരു സാധ്യതയുടെ വാതില്‍ തുറന്ന് തന്നെങ്കിലും തനിക്ക് ഉടനെയൊന്നും രാജി വയ്ക്കാന്‍ യാതൊരു ഉദ്ദേശ്യവുമില്ലെന്നാണ് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിലപാട്. തനിക്ക് വലിയൊരു ആന്തരിക ശസ്‌ത്രക്രിയ ആവശ്യമായി വന്നെങ്കിലും രാജി വയ്ക്കുന്ന കാര്യം ആലോചിച്ചേ ഇല്ലെന്നായിരുന്നു അടുത്തിടെ പുറത്ത് വന്ന അദ്ദേഹത്തിന്‍റെ ആത്മകഥയായ ഹോപ്പില്‍ പറയുന്നത്.