1989 ജനുവരി 16. ഒരു വ്യക്‌തിക്ക് വേണ്ടി മലയാള ജനത മുഴുവൻ കണ്ണീരൊഴുക്കിയ ചരിത്ര ദിവസങ്ങളിൽ ഒന്ന്. റേഡിയോ മാധ്യമത്തിലൂടെയും പത്ര മാധ്യമങ്ങളിലൂടെയും പ്രേം നസീറിന് പനിയാണ് എന്നൊരു വാർത്ത 1989 ജനുവരി ആദ്യവാരം മുതൽ നാം കേട്ടിരുന്നു. 1988 നവംബർ വരെ സിനിമയിൽ സജീവമായി ചുറുചുറുക്കോടെ അഭിനയിച്ചിരുന്ന ഒരു സൂപ്പർ താരത്തിന്‍റെ പനി മലയാളികൾ അക്ഷരാർത്ഥത്തിൽ മുഖവിലയ്‌ക്ക് എടുത്തിരുന്നില്ല.
എന്നാല്‍ അദ്ദേഹത്തിന്‍റെ മരണവാർത്ത കേട്ടത് മുതൽ ഓരോ ആരാധകരനും വിങ്ങിപ്പൊട്ടുന്നതിന് മുമ്പ് ചോദിച്ച ഒരു ചോദ്യം ഉണ്ടായിരുന്നു. "നിസ്സാരം ഒരു പനിയാണോ മലയാളത്തിന്‍റെ നിത്യഹരിത നായകനെ കവർന്നെടുത്തത്!" എന്ന്.. അതെ മലയാള സിനിമയിലെ ആദ്യത്തെ സൂപ്പര്‍സ്‌റ്റാറും പത്‌മഭൂഷണ്‍ ജേതാവുമായ പ്രേം നസീര്‍ വിടവാങ്ങിയിട്ട് ഇന്നേയ്‌ക്ക് 36 വര്‍ഷങ്ങള്‍.
ഈ വേളയില്‍ നിത്യഹരിത നായകനെ കുറിച്ച് മലയാളത്തിലെ സീനിയർ താരങ്ങൾക്കും സംവിധായകർക്കും പറയാൻ ഏറെയുണ്ട്. ഒരു നടൻ എന്നതിലുപരി പ്രേംനസീർ എന്ന വ്യക്‌തിയെയാണ് പലരും ഉയർത്തിക്കാട്ടുന്നത്. മാതൃകാപരമായി പെരുമാറിയിരുന്ന മറ്റൊരു നടൻ മലയാളത്തിൽ അന്നും ഇന്നും ഇല്ല.
ഒരു ചിത്രം പരാജയപ്പെട്ടാൽ എത്ര തിരക്കുണ്ടെങ്കിലും പരാജയപ്പെട്ട സിനിമയുടെ നിർമ്മാതാവിന് അടുത്ത സിനിമ ചെയ്യാൻ അങ്ങോട്ട് ചെന്ന് ഡേറ്റ് നൽകും. ഒരു സിനിമ പരാജയപ്പെട്ടെന്നറിഞ്ഞാൽ ആ സിനിമയുടെ നിർമ്മാതാവ് രണ്ടാഴ്‌ച്ചയ്ക്കുള്ളില്‍ പ്രേം നസീറിനെ വിളിച്ചില്ലെങ്കിൽ അദ്ദേഹം അങ്ങോട്ട് വിളിക്കും. "സിനിമയാണ് ചിലപ്പോൾ ജയിക്കും ചിലപ്പോൾ പരാജയപ്പെടും. താനൊരു സബ്‌ജക്‌ട് റെഡിയാക്കു. ഞാൻ ഡേറ്റ് തരാം. നഷ്‌ടപ്പെട്ട പൈസ നമുക്ക് ആ ചിത്രത്തിലൂടെ തിരിച്ചു പിടിക്കാം" -ഇങ്ങനെയാവും ആ നിർമ്മാതാവിനോട് പ്രേംനസീർ പ്രതികരിക്കുക.
സെറ്റിലും നല്ല പെരുമാറ്റമാണ് അദ്ദേഹത്തിന്‍റേത്. സെറ്റിൽ എത്തുന്ന ഭക്ഷണത്തിൽ എന്തെങ്കിലും അരുചി ഉണ്ടെങ്കിലും ഒരിക്കൽ പോലും അദ്ദേഹം പരാതി പറഞ്ഞതായി ആർക്കും അറിയില്ല. മാത്രമല്ല ഒരു സിനിമയിൽ അഭിനയിക്കാമെന്ന് എഗ്രിമെന്‍റ് ചെയ്‌തു കഴിഞ്ഞാൽ പരമാവധി സ്വന്തം ചെലവുകൾ നിർമ്മാതാവിനെ കൊണ്ട് ചെലവാക്കുന്ന ശീലം അദ്ദേഹത്തിനില്ല.
പുലർച്ചെ രണ്ട് മണിവരെ ഒരു സിനിമയിൽ അഭിനയിച്ചിട്ട് രാവിലെ ആറ് മണിക്ക് മറ്റൊരു ചിത്രത്തിൽ മറ്റൊരു കഥാപാത്രമായി അദ്ദേഹം പരകായ പ്രവേശം നടത്തും. ഉച്ചവരെ ആ ചിത്രത്തിൽ അഭിനയിച്ച ശേഷം ഉച്ചയ്ക്ക് ശേഷം മറ്റൊരു ചിത്രത്തിൽ അഭിനയിക്കാനായി മറ്റൊരു കഥാപാത്രമാകും. വൈകുന്നേരം ഏഴ് മണി മുതൽ അടുത്ത സിനിമയുടെ ഭാഗമാകും. രാത്രി 11 മണിക്ക് ശേഷം വീണ്ടും അടുത്ത ചിത്രത്തിൽ അടുത്ത കഥാപാത്രം. ഈ പ്രവർത്തി എത്ര വർഷം തുടർന്നുവെന്ന് ചോദിച്ചാൽ അദ്ദേഹത്തിന് പോലും ഉത്തരം കൃത്യമായി പറയാൻ സാധിക്കില്ല.
ഒരു ദിവസം നാലും അഞ്ചും സിനിമകളിൽ അഭിനയിച്ച ചരിത്രവും പ്രേം നസീറിനുണ്ട്. സംഘട്ടന രംഗങ്ങളിലൊക്കെ അഭിനയിച്ച് തളർന്ന് പോയാലും അതേ ദിവസം മറ്റൊരു സെറ്റിൽ എത്തുമ്പോൾ തന്‍റെ ക്ഷീണം അദ്ദേഹം പുറത്ത് പ്രകടിപ്പിക്കാറില്ല. എന്തിനിങ്ങനെ കഷ്‌ടപ്പെടുന്നു, ആർക്കുവേണ്ടി കഷ്‌ടപ്പെടുന്നു എന്ന് ആരെങ്കിലും അദ്ദേഹത്തോട് ചോദിച്ചാൽ മറുപടി ഇപ്രകാരമാകും -"എല്ലാവരും എന്നെ വിശ്വസിച്ച് ഒരു കഥയും നിർമ്മാതാവിനെയും കൊണ്ട് സമീപിക്കുന്നു. എങ്ങനെയാണ് അവരോടൊക്കെ നോ പറയുക?"
മലയാള സിനിമയിൽ ഒരു കാര്യത്തിനും നോ പറയാത്ത അപൂർവ്വ വ്യക്‌തിത്വമായിരുന്നു പ്രേം നസീർ. 700ലധികം സിനിമകളിൽ നായക നടനായി അഭിനയിച്ച റെക്കോർഡ് പ്രേം നസീറിന് മാത്രം അവകാശപ്പെട്ടതാണ്. ഈ റെക്കോർഡ് അടുത്തകാലത്തൊന്നും ആർക്കും തകർക്കാൻ സാധിക്കുമെന്ന് തോന്നുന്നില്ല. 100ലധികം ചിത്രങ്ങളിൽ ഷീല ആയിരുന്നു അദ്ദേഹത്തിന്‍റെ നായിക. ഒരേ നായികയുമായി നൂറിലധികം സിനിമകളിൽ നായകനായി അഭിനയിച്ച റെക്കോർഡും പ്രേം നസീറിന്‍റെ പേരിൽ തന്നെ.
വ്യൂ ഫൈൻഡറിലൂടെ കാണുമ്പോൾ അദ്ദേഹത്തിന് ദേവേന്ദ്രന്‍റെ മുഖം ആണെന്നാണ് പ്രശസ്‌ത ഛായാഗ്രഹകൻ വിൻസന്‍റ് മാഷ് പറയുക. ഈ വിവരം ഇടിവി ഭാരതിനോട് വെളിപ്പെടുത്തിയത് വിൻസന്‍റ് മാഷിന്‍റെ അസോസിയേറ്റ് ആയിരുന്ന വേണു ആണ്. കേരളത്തിൽ ജീവിച്ചിരിക്കുന്ന ഏറ്റവും സീനിയർ സിനിമ അണിയറ പ്രവർത്തകരിൽ ഒരാളാണ് വേണു.
സിനിമയിൽ പ്രേം നസീറിന് സിഗരറ്റ് വലിക്കുന്ന രംഗം ഉണ്ടെങ്കിൽ ചുണ്ടിന്‍റെ ക്ലോസ് ഫ്രെയിം എടുക്കാൻ വിൻസന്‍റ് മാഷിന് വളരെയധികം ഇഷ്‌ടമായിരുന്നു. ഇത്രയും ഭംഗിയുള്ള ചുണ്ടുകൾ മറ്റൊരു നടന് ഇല്ലെന്നാണ് വിൻസന്‍റ് മാഷിന്‍റെ അഭിപ്രായം.
മമ്മൂട്ടി, മോഹൻലാൽ, ശങ്കർ അടക്കമുള്ള യുവനിര മലയാള സിനിമയിൽ സജീവമായിരുന്നിട്ടും കാര്യം നിസ്സാരം, തേനും വയമ്പും തുടങ്ങീ ക്ലാസിക് ചിത്രങ്ങൾ പ്രേം നസീർ മലയാളിക്ക് സമ്മാനിച്ചിരുന്നു. മറ്റുള്ള നായകന്‍മാരുടെ ചിത്രത്തിൽ അഭിനയിക്കുമ്പോഴും അദ്ദേഹത്തിന്‍റെ ക്യാരക്‌ടർ റോളുകൾക്ക് നായക പ്രാധാന്യം ഉണ്ടായിരുന്നു. ക്യാരക്‌ടർ റോൾ ആണെങ്കിലും പ്രേം നസീറിനെയാണ് മലയാളി നായകനായി പരിഗണിച്ചിരുന്നത്. അദ്ദേഹത്തെ നായകനായി അല്ലാതെ കാണാൻ മലയാളി ഒരിക്കലും ആഗ്രഹിച്ചിരുന്നില്ല.
മലയാളത്തിലെ കൊമേഴ്‌ഷ്യല്‍ സിനിമകളുടെ വക്‌താവായാണ് പ്രേം നസീറിനെ ജനങ്ങൾ വിലയിരുത്തിയിരുന്നത്. ജ്വലിക്കുന്ന ചെറുപ്പക്കാരനായും കോളേജ് കുമാരനായും കാമുകനായും പൊലീസായും രാജകുമാരനായും പ്രേം നസീർ തിരശ്ശീല അടക്കി ഭരിച്ചു. സത്യൻ മാഷ് എന്ന അഭിനയകുലപതിയുടെ പ്രഭാവത്തിലാകണം പ്രേംനസീർ എന്ന നടന്‍റെ അഭിനയ പ്രാധാന്യമുള്ള സിനിമകൾ അധികം ചർച്ച ചെയ്യപ്പെടാതെ പോയത്.
ഇരുട്ടിന്‍റെ ആത്‌മാവ് പോലെ ഗംഭീര അഭിനയ പ്രകടനങ്ങൾ കാഴ്‌ച്ചവയ്ക്കുന്ന കഥാപാത്രങ്ങളും പ്രേം നസീറിന്‍റെ പക്കൽ ഭദ്രമായിരുന്നു. മലയാളത്തിന്‍റെ ഗാനഗന്ധർവ്വൻ യേശുദാസ്, പ്രേം നസീറിനെ കുറിച്ച് തുറന്നു പറഞ്ഞിട്ടുള്ള ഒരു കാര്യമുണ്ട്. തന്‍റെ ശബ്‌ദത്തിന്‍റെ മുഖമാണ് പ്രേംനസീർ എന്ന്. പ്രേം നസീർ തിരശ്ശീലയിൽ പാടി അഭിനയിക്കുമ്പോൾ പ്രേക്ഷകർ യേശുദാസിനെ മറക്കും.
യേശുദാസിന്‍റെ ശബ്‌ദം ഇത്രയും അനുയോജ്യനായ മറ്റൊരു നടൻ വേറെയില്ല എന്നത് വാസ്‌തവം. മുല്ലപ്പൂ പല്ലിലോ എന്നു തുടങ്ങുന്ന ഗാനത്തിന്‍റെ രംഗങ്ങൾ ശ്രദ്ധിച്ചാൽ യേശുദാസ് ആണ് പാട്ടുപാടുന്നതെന്ന് ആരും തന്നെ വിശ്വസിക്കില്ല. അഭിനയവും ശബ്‌ദവും പ്രേംനസീറിന്‍റേത് തന്നെ. എന്‍റെ ശബ്‌ദമാണ് മരിച്ച് കിടക്കുന്നത് എന്നാണ് യേശുദാസ് പ്രേം നസീറിന്‍റെ മരണശേഷം പ്രതികരിച്ചത്.
ഗാന രംഗങ്ങളിൽ മോഹൻലാലിന് മുൻപ് മനോഹരമായ പ്രകടനം കാഴ്‌ച്ചവയ്ക്കുന്ന മറ്റൊരു നടൻ മലയാള സിനിമയ്ക്ക് ഇല്ലായിരുന്നു. പ്രേം നസീർ, സത്യൻ, മധു ഇവരായിരുന്നു 60കളിലെയും 70കളിലെയും മലയാള സിനിമയുടെ നെടുംതൂണുകൾ. സത്യൻ പൊതുവെ ഗൗരവക്കാരൻ ആണെങ്കിൽ പ്രേംനസീർ സൗമ്യനാണ്. പ്രേം നസീർ, സത്യനെ സഹോദര തുല്യനായാണ് കണ്ടിരുന്നത്.
പ്രേം നസീറിനെ കുറിച്ച് സത്യന്‍റെ മകൻ സതീഷ് സത്യൻ ഇടിവി ഭാരതിനോട് തുറന്നു പറഞ്ഞ ചില കാര്യങ്ങളുണ്ട്. ചെമ്മീൻ എന്ന ചിത്രത്തിലെ സത്യന്‍റെ കഥാപാത്രമായ പളനി സ്രാവിനെ പിടിക്കാനായി പോകുമ്പോൾ കടൽ ചുഴിയിൽ പെടുന്ന ഒരു രംഗമുണ്ട്. ആ രംഗം അഭിനയിച്ച് കൊണ്ടിരിക്കുമ്പോൾ സത്യൻ തുഴഞ്ഞു കൊണ്ടിരുന്ന വള്ളം കടൽ തിരകളിൽ തകരുകയും അദ്ദേഹം അപകടത്തിൽ പെടുകയും ചെയ്‌തു.
കടലിലേക്ക് വീണുപോയ സത്യൻ മരിച്ചു എന്ന് തന്നെയാണ് ചെമ്മീൻ സിനിമയുടെ സംവിധായകന്‍ രാമു കാര്യാട്ടും മറ്റ് അണിയറ പ്രവർത്തകരും കരുതിയിരുന്നത്. സത്യന് ലുക്കീമിയ എന്ന അസുഖം ഉണ്ടായിരുന്നതായി എല്ലാവർക്കും അറിയാം. ആറ് മാസത്തിലധികം ജീവിക്കില്ലെന്ന് ഡോക്‌ടര്‍മാര്‍ വിധിയെഴുതുകയും ചെയ്‌തു. ആ അസുഖത്തെ മനോധൈര്യം കൊണ്ട് തോൽപ്പിച്ച സത്യന് എന്ത് കടൽചൂഴി. അദ്ദേഹം നീന്തി കയറി.
അപകടം സംഭവിച്ചതിനാൽ തൽക്കാലം ഷൂട്ടിംഗ് അവസാനിപ്പിച്ച് അദ്ദേഹം തിരുവനന്തപുരത്തെ വസതിയിലേക്ക് സ്വയം കാറോടിച്ചു പോന്നു. ആ യാത്രയിൽ തിരുവനന്തപുരത്തെ പള്ളിപ്പുറത്തിന് അടുത്തുവച്ച് വീണ്ടും അദ്ദേഹത്തിന് കാർ അപകടം സംഭവിക്കുന്നു. വാരിയെല്ല് പൊട്ടി. ആശുപത്രി വാസത്തിന് ശേഷം വീട്ടിലെത്തിയ സത്യനെ ആദ്യം കാണാനെത്തിയത് നടൻ പ്രേം നസീർ ആയിരുന്നു. ചെന്നൈയിൽ ആറോ ഏഴോ സിനിമകളിൽ അഭിനയിച്ച് കൊണ്ടിരുന്ന സമയത്താണ് പ്രേം നസീർ എല്ലാ തിരക്കുകളും മാറ്റിവെച്ച് സത്യനെ കാണാൻ എത്തിച്ചേർന്നത്.
സത്യനെ സംബന്ധിച്ചിടത്തോളം പ്രേംനസീർ ഫോണിലൂടെ ഒന്ന് സംസാരിച്ചാലും മതിയാകും. പക്ഷേ അദ്ദേഹം സത്യനെ കാണാൻ തിരുവനന്തപുരത്തെ വസതിയിൽ എത്തി. പച്ച ഷർട്ടും വെള്ള പാന്‍റ്‌സും ധരിച്ച് അച്ഛനെ കാണാൻ എത്തിയ പ്രേം നസീറിന്‍റെ മുഖം ഇപ്പോഴും മറക്കാൻ സാധിക്കുന്നില്ലെന്നാണ് സതീഷ് സത്യൻ പറഞ്ഞത്. പ്രേംനസീർ ധരിക്കുന്ന വസ്ത്രങ്ങളോട് തനിക്ക് കടുത്ത ആരാധനയുണ്ടായിരുന്നതായും സതീഷ് സത്യൻ പറഞ്ഞു. സ്വന്തം മകനെ പോലെയാണ് മരിക്കുന്നത് വരെയും അദ്ദേഹം തന്നെ കരുതിയിരുന്നതെന്ന് സതീഷ് സത്യൻ നിറകണ്ണുകളോടെ പറഞ്ഞു.
പ്രേം നസീർ ഷൂട്ടിംഗിന് വരുമ്പോൾ സ്വന്തം വീട്ടിൽ നിന്നും ഭക്ഷണം ഉണ്ടാക്കി കൊണ്ട് വരികയാണെങ്കിൽ കൂടെ ജോലി ചെയ്യുന്നവർക്കെല്ലാം ആ ഭക്ഷണം വിളമ്പാൻ ഒരു മടിയും കാണിച്ചിരുന്നില്ലെന്ന് അന്തരിച്ച കലാകാരി കവിയൂർ പൊന്നമ്മ ഒരിക്കൽ പറഞ്ഞിട്ടുണ്ട്. സ്വന്തം വീട്ടിൽ നിന്നും കൊണ്ടുവരുന്ന ഭക്ഷണം മറ്റുള്ളവർക്ക് സ്വന്തം കൈ കൊണ്ട് വിളമ്പി കൊടുക്കാൻ പ്രേം നസീറിന് വലിയ താല്‍പ്പര്യമായിരുന്നു. പ്രേം നസീറിനായി സെറ്റിൽ പ്രത്യേക ഭക്ഷണം ഒരുക്കേണ്ട കാര്യമില്ല. ഒരു സിനിമയുടെ സെറ്റിൽ തനിക്ക് അമിതമായ പരിഗണന നൽകുന്നതിനെ അദ്ദേഹം എതിർത്തിരുന്നു.
മതസൗഹാർദ്ദത്തിന്‍റെ ഉത്തമ ഉദാഹരണമായ വ്യക്‌തിപ്രഭാവമായിരുന്നു പ്രേം നസീർ. സ്വന്തം നാടായ ചിറയിൻകീഴിലെ ഏറ്റവും പ്രശസ്‌തമായ ശാർക്കര ദേവീക്ഷേത്രത്തിന്‍റെ പല പുനരുദ്ധാരണ പദ്ധതികൾക്കും പ്രേം നസീർ അകമഴിഞ്ഞ് സഹായിച്ചിട്ടുണ്ട്. ശാർക്കര ദേവി ക്ഷേത്രത്തിൽ പ്രേം നസീർ നടക്കിരുത്തിയ ഒരു ആന വരെ ഉണ്ടായിരുന്നു. സ്വന്തം നാടായ ചിറയിൻകീഴിൽ എത്തുമ്പോൾ നാട്ടുകാരെ കാണാൻ ഓപ്പൺ ജീപ്പിൽ സഞ്ചരിക്കുന്നത് പ്രേം നസീറിന് ഇഷ്‌ടമുള്ള കാര്യമായിരുന്നു. രണ്ട് വർഷം കൂടുമ്പോഴോ മൂന്ന് വർഷം കൂടുമ്പോഴോ ആയിരിക്കും അങ്ങനെ ഒരു അപൂർവ്വ നിമിഷം സംഭവിക്കുക. ആ ദിവസം ചിറയിൻകീഴ് ജനസാഗരമാകും.
പ്രേം നസീറിന് നടന്‍ ജയനുമായി അഗാധമായ ബന്ധം ഉണ്ടായിരുന്നു. പ്രേം നസീർ നായകനാകുന്ന സിനിമകളിൽ ചെറിയ വേഷങ്ങൾ ചെയ്‌തുകൊണ്ടാണ് ജയൻ തന്‍റെ കരിയർ ആരംഭിക്കുന്നത്. പിന്നീട് ജയൻ സൂപ്പർതാരമായപ്പോൾ അദ്ദേഹം നായകനായ സിനിമകളിൽ പ്രേംനസീർ ക്യാരക്‌ടർ റോളുകൾ ചെയ്‌തിട്ടുണ്ട്. സൂപ്പർതാര പദവിയുടെ ഉച്ചസ്ഥായിയിൽ നിൽക്കുമ്പോൾ തന്നെയാണ് പ്രേം നസീർ, ജയൻ ചിത്രങ്ങളിൽ ക്യാരക്‌ടർ റോളുകൾ ചെയ്‌തിരുന്നത്.
'കോളിളക്കം' എന്ന സിനിമയിൽ ഹെലികോപ്റ്ററിൽ തൂങ്ങിക്കിടന്ന് ആക്ഷൻ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെ അപകടത്തിൽ പെട്ടാണ് മലയാളത്തിന്‍റെ ആദ്യ ആക്ഷൻ ഹീറോ ആയ ജയൻ വിട പറഞ്ഞത്. മദ്രാസ് ജിഎച്ചിൽ ആയിരുന്നു ജയന്‍റെ പോസ്‌റ്റ്‌മോര്‍ട്ടം. മലയാളത്തിലെ മുൻനിര സംവിധായകനും നടന്‍മാരും അന്ന് മദ്രാസ് ജിഎച്ചിൽ എത്തിച്ചേർന്നിരുന്നു.
പ്രേം നസീർ ആ സമയത്ത് ഒരു സിനിമയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി കേരളത്തിലാണ്. എന്നാല്‍ അദ്ദേഹത്തിന്‍റെ മകൻ ഷാനവാസ് ആ സമയത്ത് ചെന്നൈയിലുണ്ട്. അദ്ദേഹമാണ് ആശുപത്രിയിലെ കാര്യങ്ങൾ ഫോണിലൂടെ പ്രേം നസീറിനെ അറിയിച്ചത്. മുൻപ് മലയാളത്തിലെ ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിനിടയിൽ ഷാനവാസ് തുറന്നു പറഞ്ഞ ഒരു കാര്യമുണ്ട്.
ജയന്‍റെ പോസ്‌റ്റ്‌മോർട്ടത്തിന് ശേഷം ശരീരം കേരളത്തിലേക്ക് കൊണ്ടുവരുന്നത് അടക്കമുള്ള ചർച്ചകളിൽ ചില പ്രശ്‌നങ്ങൾ ഉടലെടുത്തു. സംഭവം സാമ്പത്തികപരമാണെന്ന് തിരിച്ചറിഞ്ഞതോടെ ആശുപത്രി ചിലവിനും മറ്റു അനുബന്ധ കാര്യങ്ങൾക്കും എത്ര രൂപ വേണമെങ്കിലും ചിലവാക്കി കാര്യങ്ങൾ സുഗമമാക്കാനാണ് പ്രേം നസീർ ഷാനവാസിനോട് നിർദ്ദേശിച്ചത്.
ഒരുകാലത്ത് കേരളത്തിലെ മിമിക്രി കലാകാരന്‍മാർ അന്നം ഉണ്ടിരുന്നത് പ്രേം നസീറിന്‍റെ ശബ്‌ദം അനുകരിച്ചാണ്. നടൻ മധുവിന് തന്നെ അനുകരിക്കുന്നത് അത്ര ഇഷ്‌ടമുള്ള കാര്യമല്ല. എന്നാൽ പ്രേം നസീർ ഇത്തരം മിമിക്രി കലാകാരന്‍മാരോട് കാണിച്ച സഹാനുഭൂതി വളരെ വലുതാണ്. ആലപ്പി അഷ്റഫും നടന്‍ ജയറാമും തന്നെ അനുകരിക്കുന്നത് പ്രേം നസീറിന് വലിയ ഇഷ്‌ടമായിരുന്നു.
ജയറാമിനെ സ്വന്തം മുറിയിലേക്ക് വിളിച്ചു വരുത്തിയാണ് തന്നെ അനുകരിക്കാൻ പ്രേം നസീർ ഒരിക്കൽ ആവശ്യപ്പെട്ടത്. ജയറാം പ്രേം നസീറിനെ അനുകരിക്കുന്നത് അദ്ദേഹത്തിന് വലിയ ഇഷ്‌ടമായിരുന്നു. തന്നെ കൃത്യമായി അനുകരിക്കുന്നത് ജയറാമാണെന്ന് പ്രേം നസീർ പണ്ട് തുറന്നു പറഞ്ഞിട്ടുണ്ട്. ജയറാം പ്രേം നസീറിന് മുന്നിൽ അദ്ദേഹത്തെ അനുകരിച്ചപ്പോൾ താരം പൊട്ടിച്ചിരിക്കുകയാണ് ഉണ്ടായത്. മാത്രമല്ല ഞാൻ ഇങ്ങനെയാണോ അഭിനയിക്കുന്നത് എന്നൊരു ചോദ്യവും തിരിച്ചു ചോദിച്ചു.
ആ കാലഘട്ടത്തിൽ സ്വന്തം ഇമേജിനെ പറ്റി യാതൊരു ഭയവും ഇല്ലാതിരുന്ന ഏക നടൻ പ്രേം നസീർ ആണ്. മലയാളത്തിന്‍റെ സീനിയർ താരങ്ങൾക്ക് ദൈവ തുല്യനാണ് പ്രേം നസീർ. മോഹൻലാൽ പ്രേം നസീറിന്‍റെ കടുത്ത ആരാധകനായിരുന്നു. പ്രേം നസീറിനെ ഒരിക്കൽ കളിയാക്കിയ ഒരു സാമൂഹ്യ വിരുദ്ധനെ തകിലുകൊട്ടാമ്പുറം എന്ന ചിത്രത്തിന്‍റെ സെറ്റിൽവെച്ച് മോഹൻലാൽ തല്ലുകയുണ്ടായി.
ഈ സംഭവത്തെ കുറിച്ച് പിൽക്കാലത്ത് മോഹൻലാലിനോട് മാധ്യമങ്ങൾ തുറന്നു ചോദിച്ചിരുന്നു. നമ്മൾ ഏറെ ഇഷ്‌ടപ്പെടുന്ന ഒരാളെ ചീത്ത പറയുന്നത് എത്രനേരം എന്ന് വച്ചാ കേട്ടുകൊണ്ടിരിക്കുന്നത്. അന്ന് അങ്ങനെ ചെയ്യാനാണ് തോന്നിയത്. സ്വതസിദ്ധമായ ശൈലിയിൽ മോഹൻലാൽ ആ ചോദ്യത്തിന് മറുപടി പറഞ്ഞത് ഇപ്രകാരമായിരുന്നു.
അതേസമയം മലയാളത്തിൽ ഏറ്റവും അധികം പുതിയ സംവിധായകരെ കൈപിടിച്ചു കയറ്റിയ റെക്കോർഡ് മമ്മൂട്ടിക്കാണ്. എന്നാൽ പ്രേം നസീറും ഒട്ടും പിന്നിലായിരുന്നില്ല. പുതിയ സംവിധായകരോടുള്ള പ്രേം നസീറിന്‍റെ സമീപനത്തെ കുറിച്ച് ഇടിവി ഭാരതിനോട് പ്രതികരിച്ചിരിക്കുകയാണ് സംവിധായകൻ അശോക് കുമാർ.
തേനും വയമ്പും എന്ന സൂപ്പർഹിറ്റ് ചിത്രം പ്രേംനസീറിനെ നായകനാക്കി അശോക് കുമാർ സംവിധാനം ചെയ്‌തിട്ടുണ്ട്. തിരനോട്ടം എന്ന മോഹൻലാലിന്‍റെ ആദ്യ ചിത്രം സംവിധാനം ചെയ്‌തത് അശോക് കുമാർ ആയിരുന്നു. പിന്നീട് സിനിമാ സ്വപ്‌നവുമായി ചെന്നൈയിലേക്ക് അശോക് കുമാറും മോഹൻലാലും പ്രിയദർശനും സുരേഷ് കുമാറും വണ്ടി കയറി.
ചെന്നൈയിലെ കഷ്‌ടപ്പാടുകൾക്ക് ഒടുവിലാണ് പ്രേം നസീറിനെ കാണാൻ അശോക് കുമാറിന് അവസരം ലഭിക്കുന്നത്. കഥ പറയാൻ ചെന്നപ്പോൾ എല്ലാവർക്കും പ്രായം 20ൽ താഴെയാണ്. ഓടെടാ പിള്ളാരെ എന്നാണ് പ്രേം നസീർ ആദ്യം അശോക് കുമാറിനോട് പറഞ്ഞത്. പോയി പഠിപ്പ് പൂർത്തിയാക്കി സിനിമ എന്താണെന്ന് മനസ്സിലാക്കിയിട്ട് വാ, എന്നിട്ട് തരാം ഡേറ്റ്. പ്രേംനസീർ ഇങ്ങനെ കൂടി കൂട്ടിച്ചേർത്തു.
പക്ഷേ കുറച്ചു ദിവസങ്ങൾ കഴിഞ്ഞ് അശോക് കുമാറിന്‍റെ കഥ കേൾക്കാൻ പ്രേം നസീർ തയ്യാറായി. അങ്ങനെ സംഭവിച്ച സിനിമയാണ് തേനും വയമ്പും. ഒറ്റക്കമ്പി നാദം, തേനും വയമ്പും തുടങ്ങി സൂപ്പർ ഹിറ്റ് ഗാനങ്ങൾ ആ ചിത്രത്തിലൂടെ മലയാളികൾക്ക് സ്വന്തമായി.
ശശികുമാറും, രാമു കാര്യാട്ടും അടക്കം മലയാളത്തിലെ നിരവധി സംവിധായകർ പ്രേം നസീറിന് ഒരുപാട് ഹിറ്റുകൾ നൽകിയിട്ടുണ്ടെങ്കിലും അദ്ദേഹത്തിന് ഏറ്റവുമധികം കടപ്പാടുള്ള വ്യക്‌തിത്വം മറ്റൊരാളാണ്. മദ്രാസിൽ സ്ഥിരതാമസമാക്കിയ കൊച്ചിക്കാരൻ ടി എസ് മുത്തയ്യ. ആദ്യ കാലങ്ങളിൽ കുറച്ച് മലയാള ചിത്രങ്ങളിൽ അഭിനയിച്ചതിന് ശേഷം അദ്ദേഹത്തിന് അവസരങ്ങൾ കുറഞ്ഞുവന്നു.
സിനിമയിൽ ഭാഗ്യ പരീക്ഷണം നടത്താനായി കോടമ്പക്കത്തേക്ക് വണ്ടി കയറി. അന്ന് മദ്രാസിൽ കിടക്കാൻ ഒരു മുറിയും തമിഴ് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ വാങ്ങിക്കൊടുത്തതും ടിഎസ് മുത്തയ്യയാണ്. തമിഴ് സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങളിൽ അഭിനയിച്ചാണ് മലയാള സിനിമയുടെ കൊടുമുടി അദ്ദേഹം പിൽക്കാലത്ത് കീഴടക്കുന്നത്. മലയാള സിനിമയിലെ നിത്യഹരിത നായകനിലേക്കുള്ള ചവിട്ടുപടി അക്ഷരാർത്ഥത്തിൽ തമിഴ് സിനിമകൾ തന്നെയായിരുന്നു.
പ്രേം നസീർ എന്ന ദാനശീലനെ വാക്കുകൾകൊണ്ട് ഒരിക്കലും വർണ്ണിക്കാനാകില്ല. പ്രസ്ഥാനങ്ങളെ സഹായിക്കുന്നതിനപ്പുറം എത്ര വ്യക്‌തിത്വങ്ങളെ പ്രേം നസീർ സഹായിച്ചു എന്നതിന് കണക്കില്ല. പ്രേം നസീറിന്‍റെ ദാന ശീലത്തെയും സഹാനുഭൂതിയെയും ടിഎസ് മുത്തയ്യയെ തന്നെ മാതൃകയാക്കി വിശദീകരിക്കാവുന്നതാണ്. മുത്തയ്യയുടെ അവസാന കാലം വളരെയധികം കഷ്‌ടതകൾ നിറഞ്ഞതായിരുന്നു. അദ്ദേഹത്തെ തേടിപ്പിടിച്ച് കണ്ടെത്തി മുത്തയ്യയുടെ കുടുംബത്തെ പ്രേം നസീർ ഏറ്റെടുത്തു.
ചങ്ങനാശ്ശേരി എസ്‌ടി കോളേജിലായിരുന്നു പ്രേം നസീർ ബിരുദ പഠനം പൂർത്തിയാക്കിയത്. ഹോസ്‌റ്റലിൽ നിന്നാണ് അദ്ദേഹം കോളേജിൽ പഠിച്ചിരുന്നത്. പ്രേം നസീർ താമസിച്ചിരുന്ന മുറി അദ്ദേഹത്തിന്‍റെ ഓർമ്മകളുടെ സ്‌മാരകമാണ് ഇന്നും എസ്‌ടി കോളേജിൽ.
സോമൻ, സുകുമാരൻ, ജയൻ എന്നീ പുതിയ തലമുറയ്ക്ക് പ്രേം നസീർ വഴിമാറി കൊടുത്തിട്ടുണ്ട്. തനിക്ക് വന്ന പല അവസരങ്ങളും ഈ നടന്‍മാരിൽ ആരെങ്കിലും ഒരാൾ ചെയ്‌താൽ നന്നായിരിക്കുമെന്ന് അദ്ദേഹം നിർമ്മാതാക്കളെ ഉപദേശിച്ചു. സൂപ്പർ താര പദവിയിൽ നിൽക്കുമ്പോഴും അതുകൊണ്ട് തന്നെ കൂടുതൽ ക്യാരക്‌ടർ വേഷങ്ങൾ ചെയ്യാനും പ്രേം നസീർ ശ്രദ്ധിച്ചിരുന്നു. പിന്നീടുള്ള തലമുറയായ മോഹൻലാലും മമ്മൂട്ടിയും വന്നപ്പോഴും പ്രേം നസീറിന്‍റെ താരപദവിക്ക് അപ്പോഴും ചലനം സംഭവിച്ചിരുന്നില്ല. സോമനും, സുകുമാരനും വഴിമാറി കൊടുത്തത് പോലെ പ്രേം നസീർ അവർക്കും വഴി വെട്ടിയിട്ടുണ്ട്.
പ്രേം നസീർ എന്ന വ്യക്‌തിയുടെ അല്ലെങ്കിൽ അഭിനേതാവിന്‍റെ ജീവിത നൗകയിൽ ജനങ്ങൾക്ക് അല്ലെങ്കിൽ സഹപ്രവർത്തകർക്ക് കറ പുരണ്ടുവെന്ന് തോന്നിച്ചത് അദ്ദേഹത്തിന്‍റെ രാഷ്ട്രീയ പ്രവേശനം തന്നെയായിരുന്നു. സിനിമാ താരങ്ങൾക്ക് തമിഴ്‌നാട്ടിൽ അക്കാലത്തും ഇക്കാലത്തും ലഭിച്ചിരുന്ന പരിഗണന തനിക്കും ലഭിക്കുമെന്ന് പ്രേം നസീർ കരുതിയിട്ടുണ്ടാകണം. ആദ്യം സ്വന്തം രാഷ്ട്രീയ പാർട്ടി ഉണ്ടാക്കാൻ ഇറങ്ങി പുറപ്പെട്ടു. പിന്നീട് അത് ഉപേക്ഷിച്ച് കോൺഗ്രസിന്‍റെ മുന്നണി പോരാളി ആകാൻ ശ്രമം നടത്തി.
മലയാള സിനിമയുടെ താര സിംഹാസനത്തിൽ ഇരുന്ന പ്രേം നസീർ രാഷ്ട്രീയ കുപ്പായത്തിൽ ശോഭിക്കുമെന്ന് ജനങ്ങൾ വിശ്വസിച്ചില്ല. ഒരിക്കൽ ഒരു നോട്ടം കാണാൻ ക്യൂ നിന്ന കേരള ജനതയ്ക്ക് മുന്നിലും രാഷ്ട്രീയക്കാർക്ക് മുന്നിലും പ്രേം നസീർ വെറുമൊരു സാധാരണക്കാരനായത് പോലുള്ള അവസ്ഥ. ഒപ്പമുള്ളവർ പ്രേം നസീറിന്‍റെ രാഷ്ട്രീയ പ്രവേശനത്തെ നിഷിദ്ധം എതിർത്തിരുന്നുവെങ്കിലും അദ്ദേഹം അനുസരിച്ചില്ല. പിൽക്കാലത്ത് ആ തീരുമാനം തെറ്റായിരുന്നുവെന്ന് പ്രേം നസീറിന് തോന്നിക്കാണണം. സിനിമയിൽ അദ്ദേഹത്തിന് ലഭിച്ച പരിഗണന രാഷ്ട്രീയ ലോകത്ത് അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടോ എന്നുള്ളത് സംശയമാണ്.
1951ല്‍ 'ത്യാഗസീമ' എന്ന മലയാളം ചിത്രത്തിലാണ് പ്രേം നസീർ ആദ്യമായി അഭിനയിക്കുന്നത്. പക്ഷേ ആ ചിത്രം പുറത്തിറങ്ങിയില്ല. അതേ വർഷം തന്നെ മരുമകൾ എന്ന ചിത്രത്തിൽ അദ്ദേഹം അഭിനയിച്ചു. ആ സിനിമയില്‍ അദ്ദേഹത്തിന്‍റെ പേര് അബ്‌ദുല്‍ ഖാദർ എന്നായിരുന്നു. തൊട്ടടുത്ത വർഷം റിലീസ് ചെയ്‌ത 'വിശപ്പിന്‍റെ വിളി'യിലൂടെയാണ് അബ്‌ദുല്‍ ഖാദർ പ്രേം നസീർ ആകുന്നത്.
പിന്നീട് തുടർച്ചയായ 40 വർഷങ്ങളിൽ 725ൽ അധികം സിനിമകൾ ചെയ്‌തു. അതിൽ 700 സിനിമകളിലും നായകനായി തന്നെ അഭിനയിച്ചു. തമിഴിൽ മുപ്പതോളം ചിത്രങ്ങളിൽ അദ്ദേഹം അഭിനയിച്ചിട്ടുണ്ട്. തെലുങ്കില്‍ രണ്ട് സിനിമകളും കന്നടയില്‍ ഒരു ചിത്രത്തിലും അദ്ദേഹം അഭിനയിച്ചു.
അവസാന കാലത്ത് ജീവിതശൈലി രോഗങ്ങൾക്ക് പുറമെ അദ്ദേഹത്തിന് അൾസർ ബാധിച്ചിരുന്നു. രാഷ്ട്രീയ പ്രവേശനത്തിന്‍റെ ഭാഗമായി കേരളത്തിൽ ഉടനീളം സഞ്ചരിക്കുമ്പോൾ അദ്ദേഹം സ്വന്തം ആരോഗ്യം ശ്രദ്ധിച്ചിരുന്നില്ല. പിന്നീട് വീട്ടുകാരുടെ നിർബന്ധപ്രകാരം വിജയ ആശുപത്രിയിലെ ഡോക്‌ടർ ചെറിയാനെ ചികിത്സയ്‌ക്കായി കണ്ടു.
വിദഗ്‌ധ ചികിത്സയ്‌ക്കായി പ്രേം നസീറിനെ ആശുപത്രി വാസത്തിന് അദ്ദേഹം നിർദ്ദേശിച്ചു. ആ ആശുപത്രി വാസത്തിനിടെയാണ് അദ്ദേഹത്തിന് അഞ്ചാംപനി പിടിപെടുന്നത്. എങ്കിലും ആരും കരുതിയിരുന്നില്ല മലയാളത്തിന്‍റെ നിത്യഹരിത നായകൻ വിട പറയാൻ പോകുന്നുവെന്ന്. ഒരു അഞ്ചാം പനിക്ക് ഒരു അമാനുഷികനെ കിഴടക്കാൻ ആകുമോ?
എത്രയൊക്കെ പ്രേം നസീറിനെ കുറിച്ച് വിശദീകരിച്ചാലും അദ്ദേഹത്തെ ഒരു കൊമേഴ്‌ഷ്യൽ ഹീറോ എന്നതിലുപരി തികഞ്ഞ ഒരു അഭിനേതാവായി കാണാൻ മലയാളി ശ്രമിച്ചിട്ടില്ല. പ്രത്യേകിച്ചും അദ്ദേഹത്തിന്‍റെ മരണ ശേഷം സിനിമകൾ കണ്ടു തുടങ്ങിയ പുതിയ തലമുറ. അവരോടൊക്കെ ഒരൊറ്റ ഉപദേശം മാത്രം. ഇന്ത്യയിലെ തന്നെ ആദ്യ 70 mm ചലച്ചിത്രമായ 'പടയോട്ടം' ഒന്നുകൂടി കാണുക. പ്രേം നസീർ എന്ന അഭിനേതാവിനെ തിരിച്ചറിയുക.
ഒരു പ്രശസ്‌ത സിനിമയില്‍, പ്രേം നസീറിന്‍റെ കഥാപാത്രത്തിന്‍റെ ജോലി ചില കാരണങ്ങളാൽ നഷ്‌ടപ്പെടുന്നുണ്ട്. ആ കഥാപാത്രത്തിന്‍റെ ജോലിയിലേക്ക് പ്രവേശിക്കാൻ മറ്റൊരു കഥാപാത്രം കടന്നുവരുന്നു. ഈ കഥാപാത്രത്തെ കൈകാര്യം ചെയ്യുന്നത് സാക്ഷാൽ മമ്മൂട്ടിയാണ്. മമ്മൂട്ടിയുടെ കഥാപാത്രം ചാർജെടുക്കാൻ വരുമ്പോൾ പ്രേം നസീറിന്‍റെ കഥാപാത്രം ചോദിക്കുന്ന ഒരു ചോദ്യമുണ്ട്, എനിക്ക് പകരക്കാരനാകാൻ വന്നതാണല്ലേ...
അതെ, എന്നാണ് മമ്മൂട്ടിയുടെ കഥാപാത്രത്തിന്‍റെ മറുപടി എങ്കിലും പ്രേം നസീറിന് പകരക്കാരനായി മലയാളി ആരെയും അംഗീകരിച്ചിട്ടില്ല. മലയാളത്തിന്‍റെ നിത്യഹരിത നായകൻ മലയാളികളെയും മലയാള സിനിമയെയും വിട്ടകന്നിട്ട് ഇന്നേയ്‌ക്ക് 36 വർഷങ്ങൾ പിന്നിട്ടെങ്കിലും അദ്ദേഹം ഇന്നും കേരളീയരുടെ ഹൃദയത്തില്‍ മായാത്ത ഓര്‍മ്മയായി തങ്ങി നില്‍ക്കുന്നു. 'വന ദേവത' എന്ന ചിത്രത്തിലെ 'സ്വർഗ്ഗം താണിറങ്ങി വന്നതോ' എന്ന ഗാനം പോലെ അദ്ദേഹത്തിന്‍റെ ആത്‌മാവിന് വേണ്ടി ഒരുപക്ഷേ സ്വർഗം താഴേക്ക് ഇറങ്ങി വന്നു കാണും.