ന്യൂഡൽഹി: കാനഡയുടെ തെരഞ്ഞെടുപ്പുകളിൽ ഇന്ത്യൻ സർക്കാർ ഇടപെട്ടുവെന്ന കനേഡിയൻ റിപ്പോർട്ട് തള്ളി ഇന്ത്യ. ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ നിരന്തരം ഇടപെടുന്നത് കാനഡയാണ് എന്നും വിദേശകാര്യ മന്ത്രാലയം (എംഇഎ) പറഞ്ഞു. ഇത് മൂലം കാനഡയില്‍ നിയമവിരുദ്ധ കുടിയേറ്റങ്ങളും ഇന്ത്യക്കെതിരെ സംഘടിത കുറ്റകൃത്യങ്ങളും ഉണ്ടായതായും വിദേശകാര്യ മന്ത്രാലയം കുറ്റപ്പെടുത്തി.
'കാനഡയുടെ തെരഞ്ഞെടുപ്പുകളില്‍ ഇന്ത്യയുടെ ഇടപെടൽ ആരോപിക്കപ്പെടുന്ന ഒരു റിപ്പോർട്ട് ഞങ്ങളുടെ ശ്രദ്ധയില്‍പ്പെട്ടു. വാസ്‌തവത്തിൽ ഇന്ത്യയുടെ ആഭ്യന്തര കാര്യങ്ങളിൽ നിരന്തരം ഇടപെടുന്നത് കാനഡയാണ്. ഇത് നിയമവിരുദ്ധ കുടിയേറ്റത്തിനും സംഘടിത കുറ്റകൃത്യങ്ങൾക്കുമുള്ള ഒരു അന്തരീക്ഷം സൃഷ്‌ടിച്ചു. ഇന്ത്യയെക്കുറിച്ചുള്ള റിപ്പോർട്ട് ഞങ്ങൾ നിരസിക്കുന്നു. നിയമവിരുദ്ധ കുടിയേറ്റം സാധ്യമാക്കുന്ന പിന്തുണാ സംവിധാനം ഇനി അംഗീകരിക്കപ്പെടില്ലെന്ന് പ്രതീക്ഷിക്കുന്നു.'- എംഇഎ പ്രസ്‌താവനയിൽ പറയുന്നു.
India’s comments on a Canadian Commission’s report:
— Randhir Jaiswal (@MEAIndia) January 28, 2025
🔗 https://t.co/MksX55h7kr pic.twitter.com/58jzrx1X9P
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
കാനഡയുടെ തെരഞ്ഞെടുപ്പ് പ്രക്രിയയിൽ ഇടപെടുന്നതിൽ ചൈനയ്ക്ക് ശേഷം ഇന്ത്യ സജീവമായിരുന്നു എന്നാണ് കനേഡിയൻ കമ്മീഷന്‍റെ റിപ്പോർട്ട്. പിആർസി പോലെ ലോക വേദിയിൽ ഇന്ത്യ ഒരു നിർണായക ഘടകമാണ്. കാനഡയും ഇന്ത്യയും പതിറ്റാണ്ടുകളായി ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. എന്നാല്‍ ബന്ധത്തിൽ വെല്ലുവിളികളുണ്ട്. ഇവയിൽ പലതും വളരെക്കാലമായി നിലനിൽക്കുന്നതും ഇന്ത്യയുടെ വിദേശ ഇടപെടലുകളെ സൂചിപ്പിക്കുന്നതുമാണ് എന്നും റിപ്പോർട്ടില്‍ പറയുന്നു.
കഴിഞ്ഞ വർഷം ഒക്‌ടോബറിൽ പുറത്താക്കിയ ഇന്ത്യയുടെ ആറ് നയതന്ത്രജ്ഞര്‍ ഏജന്‍റുമാര്‍ ആണ് എന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഇവർ ഇന്ത്യൻ സർക്കാരിന്‍റെ അക്രമ പ്രചാരണത്തിന്‍റെ ഭാഗമാണെന്ന് തെളിവുകൾ ലഭിച്ചതിനെ തുടർന്നാണ് പുറത്താക്കിയതെന്നും റിപ്പോര്‍ട്ടില്‍ ആരോപിക്കുന്നു. അതേസമയം ആരോപണങ്ങളൊക്കെയും ഇന്ത്യ അന്നുതന്നെ നിഷേധിച്ചിരുന്നു.
ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യ തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചതായും കാനഡയുടെ റിപ്പോർട്ടില്‍ പറയുന്നു. എന്നാല്‍ കൊലപാതകത്തിൽ വിദേശ രാജ്യങ്ങളുടെ ഇടപെടലുണ്ടെന്ന് കണ്ടെത്താന്‍ കാനഡയ്ക്ക് കഴിഞ്ഞിട്ടില്ലെന്നും ഇതേ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
ഖലിസ്ഥാനി ഭീകരന്‍ ഹർദീപ് സിങ് നിജ്ജാറിന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് കനേഡിയൻ മാധ്യമങ്ങളിൽ വന്ന റിപ്പോർട്ടുകൾ ഇന്ത്യ ശക്തമായി നിരാകരിച്ചിരുന്നു. ഇത്തരം ആരോപണങ്ങള്‍ അർഹിക്കുന്ന അവജ്ഞയോടെ തള്ളിക്കളയണമെന്ന് എംഇഎ പ്രതികരിച്ചു. ഇത്തരത്തിലുള്ള അപവാദ പ്രചാരണങ്ങൾ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം കൂടുതൽ വഷളാക്കുകയേ ഉള്ളൂ എന്നും വിദേശകാര്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.