ന്യൂഡൽഹി: കേന്ദ്ര സർക്കാർ ജീവനക്കാരുടെ എട്ടാം ശമ്പള കമ്മീഷൻ രൂപീകരിക്കാൻ കേന്ദ്രമന്ത്രിസഭ അംഗീകാരമായി. എട്ടാം ശമ്പള കമ്മീഷന് പ്രധാനമന്ത്രി നരേന്ദ്ര മോദി അനുമതി നൽകിയതായി കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു. ഏഴാം ശമ്പള കമ്മീഷൻ ഇതിനകം നടപ്പാക്കിക്കഴിഞ്ഞുവെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് അറിയിച്ചു.
കേന്ദ്ര ബജറ്റിന് ദിവസങ്ങള്‍ക്ക് മുൻപാണ് എട്ടാം ശമ്പള കമ്മീഷന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നൽകിയത്. ഏഴാം ശമ്പള കമ്മീഷൻ്റെ കാലാവധി 2026ൽ അവസാനിക്കുന്നതിനാൽ, 2025ൽ എട്ടാം ശമ്പള കമ്മീഷൻ്റെ നടപടികള്‍ ആരംഭിക്കും. ശുപാർശകൾ സ്വീകരിക്കുന്നതിനും അവലോകനം ചെയ്യുന്നതിനും മതിയായ സമയം ഉറപ്പാക്കുന്നുവെന്നും കേന്ദ്രമന്ത്രി അറിയിച്ചു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
അതേസമയം സതീഷ് ധവാൻ ബഹിരാകാശ കേന്ദ്രത്തിൽ മൂന്നാമത്തെ ലോഞ്ച് പാഡ് (ടിഎൽപി) സ്ഥാപിക്കുന്നതിനും പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭായോഗം അംഗീകാരം നൽകി. ഇതിലൂടെ ബഹിരാകാശ ദൗത്യങ്ങളുടെ വിക്ഷേപണ ശേഷി വർധിപ്പിക്കും.
എൻജിഎൽവിയെ മാത്രമല്ല സെമിക്രിയോജെനിക് സ്റ്റേജുള്ള എൽവിഎം3 നെയും എൻജിഎൽവിയുടെ സ്കെയിൽ അപ്പ് കോൺഫിഗറേഷനുകളെയും സപ്പോർട്ട് ചെയ്യാൻ കഴിയുന്ന കോൺഫിഗറേഷനിലാണ് ടിഎൽപി രൂപകൽപ്പന ചെയ്‌തിരിക്കുന്നത്. നാല് വർഷത്തിനുള്ളിൽ ടിഎൽപി സ്ഥാപിക്കാനാണ് ലക്ഷ്യമിടുന്നത്. ആകെ 3984.86 കോടി രൂപയാണ് പദ്ധതിക്കായി ചെലവാക്കുന്നതെന്നും കേന്ദ്രമന്ത്രി അശ്വിനി വൈഷ്‌ണവ് മാധ്യമങ്ങളോട് പറഞ്ഞു.