ഹൈദരാബാദ്: ഭാരത് എൻസിഎപിയുടെ ക്രാഷ് ടെസ്റ്റിൽ മികച്ച റേറ്റിങ് നേടി കോംപാക്റ്റ് എസ്‌യുവി ആയ സ്‌കോഡ കൈലാഖ്. ക്രാഷ് ടെസ്റ്റിലെ ഏറ്റവും ഉയന്ന റേറ്റിങായ 5 സ്റ്റാർ സുരക്ഷാ റേറ്റിങാണ് ഈ എസ്‌യുവി നേടിയിരിക്കുന്നത്. അപകടങ്ങളിൽ ഉണ്ടാകുന്ന ആഘാതങ്ങളെ ചെറുക്കാൻ മികച്ച സുരക്ഷ ഫീച്ചറുകളുമായി 2024 ഡിസംബർ 2നാണ് സ്‌കോഡ തങ്ങളുടെ ഏറ്റവും പുതിയ വാഹനം പുറത്തിറക്കുന്നത്. 7.89 ലക്ഷം രൂപ പ്രാരംഭവിലയിൽ(എക്‌സ് ഷോറൂം വില) ആരംഭിച്ച് 14.40 ലക്ഷം രൂപ വരെയാണ് വിവിധ മോഡലുകൾക്ക് സ്‌കോഡ വില നൽകിയിരിക്കുന്നത്.
കാറിന് അപകടം സംഭവിക്കുമ്പോഴോ, കൂട്ടിയിടിക്കുമ്പോഴോ അതിലെ യാത്രക്കാരുടെ സുരക്ഷിതത്വം എത്രത്തോളമുണ്ടെന്നത് പരിഗണിച്ചാണ് സുരക്ഷ റേറ്റിങ് നൽകുന്നത്. മുതിർന്ന യാത്രക്കാരുടെയും കുട്ടികളുടെയും സുരക്ഷ, ഭാരത് എൻസിഎപി, ഇലക്ട്രോണിക് സ്റ്റെബിലിറ്റി കൺട്രോൾ, ആൻ്റി ലോക്ക് എന്നീ കാര്യങ്ങളുടെ സുരക്ഷയാണ് ഭാരത് എൻസിഎപി പ്രധാനമായും വിലയിരുത്തുക. ഇതിനു ശേഷമാണ് സുരക്ഷ റേറ്റിങ് നൽകുക.
സുരക്ഷാ റേറ്റിങ്:
മുതിർന്ന യാത്രക്കാരുടെ സുരക്ഷയ്‌ക്ക്(അഡൾട്ട് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ) 32ൽ 30.88 പോയിൻ്റും കുട്ടികളുടെ സുരക്ഷയ്‌ക്ക് (ചൈൽഡ് ഒക്യുപൻ്റ് പ്രൊട്ടക്ഷൻ) 49ൽ 45 പോയിൻ്റും ആണ് സ്‌കോഡ കൈലാഖിന് നേടാനായത്. ഈ പോയിന്‍റ് പരിഗണിച്ചാണ് റേറ്റിങ് നൽകിയിരിക്കുന്നത്. 5 സ്റ്റാർ റേറ്റിങ് നേടിയതിനാൽ തന്നെ സുരക്ഷയുടെ കാര്യത്തിൽ ഏറ്റവും മികച്ച എസ്‌യുവി കാർ ഓപ്‌ഷനായിരിക്കും സ്‌കോഡ കൈലാഖ്.
സ്‌കോഡ കൈലാഖിലെ സുരക്ഷാ ഫീച്ചറുകൾ:
നിരവധി മികച്ച സുരക്ഷാ സവിശേഷതകളോടെയാണ് സ്‌കോഡ ഈ കോംപാക്റ്റ് എസ്‌യുവി പുറത്തിറക്കിയത്. ആറ് എയർബാഗുകൾ, എബിഎസ്, ട്രാക്ഷൻ കൺട്രോൾ സിസ്റ്റം, അഞ്ച് പേർക്കും ത്രീ-പോയിൻ്റ് സീറ്റ് ബെൽറ്റുകൾ, ഇലക്ട്രോണിക് ഡിഫറൻഷ്യൽ ലോക്ക്,ബ്രേക്ക് ഡിസ്‌ക് വൈപ്പിങ്, ഇഎസ്‌സി, മൾട്ടി-കൊളീഷൻ ബ്രേക്കുകൾ എന്നീ ഫീച്ചറുകൾ സ്റ്റാൻഡേർഡായി ഈ സബ്കോംപാക്റ്റ് എസ്‌യുവിക്ക് നൽകിയിട്ടുണ്ട്.
ക്ലാസിക്, സിഗ്നേച്ചർ, സിഗ്നേച്ചർ പ്ലസ്, പ്രസ്റ്റീജ് എന്നിവ ഉൾപ്പെടുന്ന നാല് വേരിയന്‍റുകളിലാണ് സ്‌കോഡ കൈലാഖ് ലഭ്യമാവുക. ടൊർണാഡോ റെഡ്, ബ്രില്യൻ്റ് സിൽവർ, കാൻഡി വൈറ്റ്, കാർബൺ സ്റ്റീൽ, ലാവ ബ്ലൂ, ഡീപ് ബ്ലാക്ക്, ഒലിവ് ഗോൾഡ് എന്നിങ്ങനെ ഏഴ് കളർ ഓപ്‌ഷനുകളിൽ വാഹനം ലഭ്യമാവും. കാറിന് 3 വർഷത്തേക്ക് 1,00,000 കിലോമീറ്റർ സ്റ്റാൻഡേർഡ് വാറൻ്റിയും കമ്പനി നൽകുന്നുണ്ട്.
സ്കോഡ കൈലാഖിന്‍റെ വിവിധ മോഡലുകളുടെ വില:
സ്കോഡ കൈലാഖ് വേരിയന്റുകൾ | പെട്രോൾ എംടി | പെട്രോൾ എ.ടി |
ക്ലാസിക് | 7.89 ലക്ഷം രൂപ | , |
സിഗ്നേച്ചർ | 9.59 ലക്ഷം രൂപ | 10.59 ലക്ഷം രൂപ |
സിഗ്നേച്ചർ പ്ലസ് | 11.40 ലക്ഷം രൂപ | 12.40 ലക്ഷം രൂപ |
പ്രസ്റ്റീജ് | 13.35 ലക്ഷം രൂപ | 14.40 ലക്ഷം രൂപ |
*എക്‌സ്ഷോ-റൂം വില |
പേര് നിർദ്ദേശിച്ചത് കാസർക്കോട്ടുകാരൻ:
കാസര്‍കോട് സ്വദേശിയായ മുഹമ്മദ് സിയാദ് ആണ് സ്‌കോഡ കൈലാഖിന് പേര് നിര്‍ദേശിച്ചത്. വാഹനത്തിന്‍റെ ആദ്യ യൂണിറ്റ് സിയാദിന് സമ്മാനമായി നൽകുമെന്ന് സ്‌കോഡ അറിയിച്ചിരുന്നു. സ്‌ഫടികം എന്ന് അര്‍ഥം വരുന്ന ക്രിസ്റ്റല്‍ എന്ന വാക്കിന്‍റെ സംസ്‌കൃത പദമാണ് 'കൈലാഖ്'. 'കെ' എന്ന ഇംഗ്ലീഷ് അക്ഷരത്തില്‍ ആരംഭിച്ച് 'ക്യൂ' എന്ന അക്ഷരത്തില്‍ അവസാനിക്കുന്ന പേര് വേണം നിര്‍ദേശിക്കാന്‍ എന്നതായിരുന്നു നിബന്ധന. ഇതിനായി 'നെയിം യുവര്‍ സ്‌കോഡ' എന്ന വെബ്സൈറ്റും സ്‌കോഡ ആരംഭിച്ചിരുന്നു. ഇതില്‍ നല്‍കിയിരുന്ന അഞ്ച് പേരുകളില്‍ ഒന്നായിരുന്നു 'കൈലാഖ്'.
ടാറ്റ നെക്‌സോൺ, മാരുതി ബ്രെസ്സ, കിയ സോനെറ്റ്, കിയ സൈറോസ്, ഹ്യുണ്ടായി വെന്യൂ എന്നീ മോഡലുകളുമായാണ് സ്‌കോഡ കൈലാഖ് വിപണിയിൽ മത്സരിക്കുക.
എന്താണ് എൻസിപിയുടെ ക്രാഷ് ടെസ്റ്റ്?
ഇന്ത്യയിൽ കാറുകളുടെ സുരക്ഷ പരിശോധിക്കുന്ന ഏജൻസിയാണ് ഭാരത് ന്യൂ കാർ അസസ്‌മെന്‍റ് പ്രോഗ്രാം (NCAP). വാഹനങ്ങളുടെ നിർമാണ കേന്ദ്രത്തിൽ നിന്നോ, ഡീലർ ഔട്ട്‌ലെറ്റിൽ നിന്നോ വാഹനത്തിന്‍റെ ഒരു ബേസിക് മോഡൽ ക്രമരഹിതമായി ഭാരത് എൻസിഎപി തെരഞ്ഞെടുക്കും. തെരഞ്ഞെടുത്ത വാഹനം നിയുക്ത കേന്ദ്രത്തിലെത്തിച്ച് ക്രാഷ് ടെസ്റ്റ് നടത്തും. ഈ സമയത്ത് കമ്പനിയുടെയും ഭാരത് എൻസിഎപിയുടെയും പ്രതിനിധികളും ഉണ്ടാകും.
കാറിനുള്ളിൽ യാത്രക്കാരുടെ ഡമ്മി വെച്ച് കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിപ്പിച്ചാണ് സുരക്ഷ പരിശോധിക്കുക. യാത്രക്കാരായി മുതിർന്നവരുടെയും കുട്ടികളുടെയും ഡമ്മി ഉൾപ്പെടുത്തും. കൂട്ടിയിടിക്കുന്ന സമയത്ത് യാത്രക്കാർക്ക് ആഘാതങ്ങളിൽ നിന്നും പരിക്കുകളിൽ നിന്നും വാഹനത്തിലെ സുരക്ഷ ക്രമീകരണങ്ങൾ എത്രത്തോളം സുരക്ഷ നൽകുന്നുവെന്ന് വിലയിരുത്തിയാണ് റേറ്റിങ് നൽകുന്നത്. കാറിന്‍റെ വിവിധ വശങ്ങളിൽ നിന്നുണ്ടാകുന്ന കൂട്ടിയിടികളിൽ യാത്രക്കാരുടെ ശരീരഭാഗങ്ങൾക്ക് ലഭിക്കുന്ന സുരക്ഷ പരിശോധിച്ചു കൊണ്ടാണ് ക്രാഷ് ടെസ്റ്റ് നടത്തുന്നത്.
Also Read:
- മലയാളി പേര് നൽകിയ കാർ, കോംപാക്‌ട് എസ്‌യുവി സെഗ്‌മെന്‍റിലേക്ക് 'സ്‌കോഡ കൈലാഖ്' വരുന്നു: വില 7.89 ലക്ഷം രൂപ മുതൽ
- എഞ്ചിന് തകരാറുണ്ടെങ്കിൽ ഉടൻ അറിയിക്കാൻ അലർട്ട് സിസ്റ്റം: പുത്തൻ ഫീച്ചറുകളുമായി ഹോണ്ടയുടെ പുതിയ ഡിയോ
- 40 വർഷത്തിന് ശേഷം മാരുതിക്ക് ഒന്നാം സ്ഥാനം നഷ്‌ട്ടമായി: 2024ൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച കാർ ഏത്?
- 400 കിലോ മീറ്ററിലധികം റേഞ്ച്: 2024ൽ പുറത്തിറക്കിയ പത്ത് മികച്ച ഇലക്ട്രിക് കാറുകൾ
- 400 സിസി സെഗ്‌മെൻ്റിൽ ഇന്ത്യയിലെ ഏറ്റവും മികച്ച ബൈക്കുകൾ: അതും താങ്ങാവുന്ന വിലയിൽ