നടന്‍ ജോജു ജോര്‍ജ് ആദ്യമായി രചനയും സംവിധാനം ചെയ്യുന്ന ചിത്രമാണ് 'പണി'. ചിത്രത്തിന്‍റെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തിറങ്ങിയത്. ഇപ്പോഴിതാ ചിത്രത്തിന്‍റെ പ്രിവ്യു കണ്ട് പ്രശംസിച്ചിരിക്കുകയാണ് തമിഴികത്തിന്‍റെ സ്‌റ്റാര്‍ ഡയറക്‌ടര്‍ കാര്‍ത്തിക് സുബ്ബരാജ്. ഗംഭീര ആക്ഷന്‍ ത്രില്ലര്‍, അസമാന്യ പ്രകടനം എന്നാണ് കാര്‍ത്തിക് സുബ്ബരാജ് തന്‍റെ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
കാര്‍ത്തിക് സുബ്ബരാജ് ജോജുവിനും ടീമംഗങ്ങള്‍ക്കും അഭിനന്ദനം നേര്‍ന്നു. കൂടാതെ ഈ ചിത്രം തിയേറ്ററുകളില്‍ കാണാതെ പോകരുതെന്നും ഈ സംവിധായകന്‍ ആരാധകരെ ഓര്‍മിപ്പിച്ചു. കാര്‍ത്തിക് സുബ്ബരാജിനെ പോലെയൊരു സംവിധായകന്‍ ഈ സിനിമയെ പ്രകീര്‍ത്തിച്ച് രംഗത്ത് എത്തിയപ്പോള്‍ 'പണി' മികച്ച സിനിമയായിരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
ഹെവി ആക്ഷന്‍ ഫാമിലി എന്‍റര്‍ടൈനറായാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തുന്നത്. ഒരു മാസ് ത്രില്ലര്‍, റിവഞ്ച് ജോണറില്‍ എത്തുന്ന ചിത്രം ജോജുവിന്‍റെ തന്നെ പ്രൊഡക്ഷന്‍ കമ്പനിയായ അപ്പു പാത്തു പപ്പു പ്രൊഡക്ഷന്‍സിന്‍റെയും എഡി സ്‌റ്റുഡിയോസിന്‍റെയും, ശ്രീഗോകുലം മൂവിസിന്‍റെയും ബാനറില്‍ ആദം, സിജോ വടക്കന്‍ എന്നിവര്‍ ചേര്‍ന്നാണ് നിര്‍മിക്കുന്നത്.
ബിഗ് ബജറ്റില്‍ ഒരുങ്ങുന്ന ഈ സിനിമയുടെ ചിത്രീകരണം 110 ദിവസത്തോളമായിരുന്നു. ഇന്ത്യന്‍ സിനിമയില്‍ തന്നെ മുന്‍ നിര ടെക്‌നീഷ്യന്‍മാരാണ് ചിത്രത്തിന്‍റെ അണിയറയില്‍ പ്രവര്‍ത്തിക്കുന്നത്.
മലയാളം, തമിഴ്, തെലുഗു, കന്നഡ, ഹിന്ദി എന്നി ഭാഷകളിലും ചിത്രം പ്രദര്‍ശനത്തിന് എത്തുന്നുണ്ട്. ഒക്‌ടോബര്‍ 24 ന് ചിത്രം പ്രദര്‍ശനത്തിന് എത്തും.