തമിഴകത്തിന്റെ പ്രിയ താരം കാർത്തി പ്രധാന വേഷത്തിലെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് 'മെയ്യഴകൻ'. '96' എന്ന സൂപ്പർ ഹിറ്റ് ചിത്രമൊരുക്കിയ പ്രേം കുമാർ ആണ് ഈ സിനിമ സംവിധാനം ചെയ്യുന്നത്. കാർത്തിക്കൊപ്പം അരവിന്ദ് സ്വാമിയും 'മെയ്യഴകൻ' സിനിമയിൽ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ ഈ ചിത്രത്തിന്‍റെ റിലീസ് തീയതി അണിയറ പ്രവർത്തകർ ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ്.
സെപ്റ്റംബർ 27നാണ് 'മെയ്യഴകൻ' ലോകമെമ്പാടുമുള്ള തിയേറ്ററുകളിലേക്ക് എത്തുക. റിലീസ് പ്രഖ്യാപനത്തിനൊപ്പം പുതിയ പോസ്‌റ്ററും നിർമാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്. ജെല്ലിക്കെട്ട് പശ്ചാത്തലമാക്കുന്നതാണ് ഈ പോസ്‌റ്റർ. അതുകൊണ്ടുതന്നെ ജെല്ലിക്കെട്ട് കേന്ദ്രീകരിച്ചായിരിക്കും ഈ ചിത്രം ഒരുക്കിയതെന്നാണ് ആരാധകരുടെ കണക്കുകൂട്ടൽ.
നടൻ കാർത്തിയുടെ 27-ാമത്തെ സിനിമ കൂടിയാണ് 'മെയ്യഴകൻ'. ശ്രീ ദിവ്യയാണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. 2ഡി എന്‍റർടെയിൻമെന്‍റിന്‍റെ ബാനറിൽ സൂര്യയും ജ്യോതികയുമാണ് 'മെയ്യഴകന്‍റെ' നിർമാണം.