രാജ്യമൊട്ടാകെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് കങ്കുവ. സിരുത്തൈ ശിവ കൂട്ടുക്കെട്ടില്‍ ഒരുങ്ങുന്ന കങ്കുവയുടെ ഓരോ അപ്‌ഡേറ്റിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിക്കുന്നത്. നവംബര്‍ 14 നാണ് ലോകമെമ്പാടുമുള്ള 10,000 സ്ക്രീനുകളിലേക്ക് കങ്കുവ എത്താന്‍ പോകുന്നത്. ആദ്യ ദിനത്തില്‍ തന്നെ 100 കോടി ബോക്‌സ് ഓഫീസ് കളക്ഷന്‍ ലഭിക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഇതുവരെ ആഗോളതലത്തില്‍ 50,275 ടിക്കറ്റുകളാണ് വിറ്റുപോയിരിക്കുന്നതെന്നുമാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആദ്യ ദിവസം ഇന്ത്യയില്‍ മാത്രം 2.26 കോടിയാണ് ബുക്കിംഗ് നടന്നിരിക്കുന്നത്. കേരളത്തിലും കങ്കുവയുടെ അഡ്വാന്‍സ് ബുക്കിംഗ് ആരംഭിച്ചിരിക്കുകയാണ്. കേരളത്തിലെ ചിത്രത്തിന്‍റെ വിതരണക്കാരായ ശ്രീഗോകുലം മൂവിസാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്.
കേരളത്തിലടക്കം നാല് മണിക്കാണ് ആദ്യ ഷോ. കേരളത്തിലെ 500 തിയേറ്ററുകളില്‍ കങ്കുവ പ്രദര്‍ശിപ്പിക്കും. തമിഴ്‌നാട്ടില്‍ മാത്രം 700 സ്‌ക്രീനുകളില്‍ ചിത്രം റിലീസ് ചെയ്യും. മറ്റ് തെന്നിന്ത്യൻ സംസ്ഥാനങ്ങൾ കൂടി കൂട്ടുമ്പോൾ സ്‌ക്രീൻ കൗണ്ട് 2500 കടക്കും. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലായി ഏകദേശം 3000 മുതൽ 3500 വരെ സ്‌ക്രീനുകൾ കങ്കുവയ്ക്ക് ലഭിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്ത് ഏകദേശം 4000-ലധികം സ്‌ക്രീനുകൾ പ്രതീക്ഷിക്കുന്നുവെന്നും മൊത്തം തിയേറ്റർ ഇപ്പോൾ 10,000 ആയെന്നും നിർമ്മാതാവ് കെ ഇ ജ്ഞാനവേല്‍ വ്യക്തമാക്കി.
ആന്ധ്രാപ്രദേശ്, തെലുഗാന, കര്‍ണാടക എന്നിവടങ്ങളിലും ഷോ പുലര്‍ച്ചെയുണ്ടാകും എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. നവംബര്‍ 14നാണ് ചിത്രത്തിന്‍റെ റിലീസ്. ഒരു നടനെന്ന നിലയില്‍ 'കങ്കുവ' സിനിമ വലിയ അനുഗ്രഹമാണെന്ന് സൂര്യ വ്യക്തമാക്കിയിരുന്നു. തങ്ങള്‍ 'കങ്കുവ' ഏതാണ്ട് 150 ദിവസത്തില്‍ അധികമെടുത്താണ് ചിത്രീകരിച്ചതെന്നും രാജ്യമൊട്ടാകെ പ്രേക്ഷകര്‍ക്ക് എന്തായാലും ഇഷ്‍ടപ്പെടും എന്നാണ് വിശ്വസിക്കുന്നത് എന്നും താരം വ്യക്തമാക്കിയിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.