പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭാസ്-നാഗ് അശ്വിൻ കൂട്ടുകെട്ടിന്‍റെ ബ്രഹ്മാണ്ഡ സിനിമ 'കൽക്കി 2898 എഡി'യുടെ പ്രീ റിലീസ് ചടങ്ങ് നടന്നു. മുംബൈയിൽ വച്ചാണ് കഴിഞ്ഞ ദിവസം പരിപാടി സംഘടിപ്പിച്ചത്. താര നിബിഢമായിരുന്നു ചടങ്ങ്.
സിനിമയിൽ സുപ്രധാന വേഷങ്ങളിലെത്തുന്ന അമിതാഭ് ബച്ചൻ, കമൽ ഹാസൻ, പ്രഭാസ്, ദീപിക പദുക്കോൺ തുടങ്ങി പ്രധാന താരങ്ങളെല്ലാം ചടങ്ങിൽ പങ്കെടുത്തു. നിറവയറുമായി വേദിയിൽ എത്തിയ ദീപിക എല്ലാവരുടെയും ശ്രദ്ധ കവര്‍ന്നു. വൈജയന്തി മൂവീസിന്‍റെ ബാനറിൽ അശ്വിനി ദത്താണ് 'കൽക്കി 2898 എഡി'യുടെ നിർമാണം.
അടുത്തിടെ റിലീസ് ചെയ്‌ത സിനിമയുടെ ട്രെയിലർ യൂട്യൂബ് ട്രെൻഡിങ് ലിസ്റ്റിൽ ഇടം നേടിയിരുന്നു. സിനിമയുടെ റിലീസിനായി അക്ഷമരായി കാത്തിരിക്കുകയാണ് പ്രേക്ഷകർ. ജൂൺ 27ന് കൽക്കി ലോകമെമ്പാടും റിലീസിനെത്തും. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫറർ ഫിലിംസാണ് കേരളത്തിൽ ചിത്രം വിതരണത്തിനെത്തിക്കുക.
മലയാളികളുടെ മാത്രമല്ല, തെന്നിന്ത്യയുടെ തന്നെ എക്കാലത്തെയും പ്രിയപ്പെട്ട നടിയായ ശോഭനയും കൽക്കിയിൽ പ്രധാന വേഷത്തിലുണ്ട്. 'മറിയം' എന്ന കഥാപാത്രത്തെയാണ് ശോഭന ഈ ചിത്രത്തിൽ അവതരിപ്പിക്കുന്നത്. കഴിഞ്ഞ ദിസമാണ് താരത്തിന്‍റെ കാരക്‌ടർ പോസ്റ്റർ അണിയറ പ്രവർത്തകർ പുറത്തുവിട്ടത്. ദിഷ പഠാനിയാണ് ഈ സിനിമയിൽ ശ്രദ്ധേയ വേഷത്തിലെത്തുന്ന മറ്റൊരു താരം.