വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ജോണി ആന്‍റണി എന്നിവർ പ്രധാന വേഷത്തിലെത്തി വി സി അഭിലാഷ് സംവിധാനം ചെയ്‌ത 'എ പാൻ ഇന്ത്യൻ സ്റ്റോറി' എന്ന ചിത്രം 29ാമത് രാജ്യാന്തര ചലച്ചിത്രമേളയിൽ മികച്ച നിരൂപക പ്രശംസ നേടുന്നു. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്‍റെ പ്രീമിയർ സംഘടിപ്പിച്ചത്. പ്രീമിയറിനുശേഷം നിരൂപകരും സിനിമാസ്വാദകരും ചിത്രത്തെ വാനോളം പുകഴ്ത്തി. 'എ പാൻ ഇന്ത്യൻ സ്‌റ്റോറി' ഒരു മലയാള ചിത്രമാണെങ്കിലും ആശയം ആഗോളതലത്തിൽ ശ്രദ്ധയാകർഷിക്കുന്നതാണെന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകരുടെ അഭിപ്രായം. ചിത്രത്തിന്‍റെ വിശേഷങ്ങൾ സംവിധായകനായ വി സി അഭിലാഷും പ്രധാന വേഷം കൈകാര്യം ചെയ്‌ത വിഷ്‌ണു ഉണ്ണികൃഷ്‌ണനും ഇ ടി വി ഭാരതിനോട് പങ്കുവയ്ക്കുന്നു.
'എ പാൻ ഇന്ത്യൻ സ്റ്റോറി' അങ്ങനെയൊരു പേര് ചിത്രത്തിന്‍റെ ആശയവുമായി വളരെയധികം ചേർന്നുനിൽക്കുന്നു. കേരളത്തിലെ ഒരു കുടുംബത്തിന്‍റെ കഥയാണ് ചിത്രം ചർച്ച ചെയ്യുന്നത്. പക്ഷേ കാശ്‌മീര്‍ മുതൽ കന്യാകുമാരി വരെയുള്ള ഭാരതത്തിലെ കുടുംബങ്ങൾക്ക് ചിത്രം പറയുന്ന ആശയം കൃത്യമായി ഉൾക്കൊള്ളാനാകും. സിനിമയിൽ ചർച്ച ചെയ്‌തിരിക്കുന്ന കാര്യങ്ങൾ ഏതൊരു ഇന്ത്യൻ ഫാമിലിയിലും സംഭവിക്കാവുന്നതാണ്. ഒരുപക്ഷേ സംസ്‌കാരത്തിന്‍റെയും ഭാഷയുടെയും അതിർവരമ്പുകൾ ലംഘിച്ച് ഏതു രാജ്യക്കാർക്കും ഈ ചിത്രത്തിലെ ആശയം കണക്‌ട് ആകും. അതുകൊണ്ടു തന്നെയാണ് എ പാൻ ഇന്ത്യൻ സ്റ്റോറി എന്ന് സിനിമയ്ക്ക് പേര് നൽകിയത്. സിനിമയുടെ കഥ പൂർണമായി സംസാരിച്ചാൽ ഇനി ചിത്രം കാണാനിരിക്കുന്ന പ്രേക്ഷകർക്ക് ലഭിച്ചേക്കാവുന്ന സർപ്രൈസ് കിക്ക് നഷ്‌ടപ്പെടും എന്ന് ചിത്രത്തിന്‍റെ സംവിധായകന്‍ വി.സി. അഭിലാഷ് പറയുന്നു.
സിനിമയുടെ ആശയം മകനില്‍ നിന്ന്
ചിത്രത്തിന്‍റെ ആശയം എവിടെ നിന്ന് ലഭിച്ചു എന്ന് ചോദിച്ചാൽ അതിന് ഒറ്റവാക്കിൽ ഒരു ഉത്തരം പറയാം. തന്‍റെ മൂന്ന് വയസുള്ള മകനിൽ നിന്നാണ് ഈ സിനിമയുടെ ആശയം ഉടലെടുക്കുന്നത്. മകന് ഇപ്പോൾ അഞ്ചു വയസുണ്ട്. കഴിഞ്ഞദിവസം കലാഭവൻ തിയേറ്ററിൽ ചിത്രത്തിന്‍റെ പ്രീമിയർ കഴിഞ്ഞപ്പോൾ മികച്ച പ്രതികരണമാണ് കാഴ്‌ചക്കാരിൽ നിന്നും ലഭിച്ചത്. എല്ലാത്തരം പ്രേക്ഷകരെയും ചിത്രം ഒരുപോലെ ആകർഷിച്ചു. കലാഭവൻ അത്യാവശ്യം കാണികളെ ഉൾക്കൊള്ളാൻ കപ്പാസിറ്റിയുള്ള ഒരു തിയേർ ആണ്. നിറഞ്ഞ സദസ്സിൽ ആയിരുന്നു ചിത്രം പ്രദർശിപ്പിക്കപ്പെട്ടത്. പക്ഷേ ഇത്രയധികം നിരൂപക പ്രശംസ ഒരിക്കലും താൻ പ്രതീക്ഷിച്ചിരുന്നില്ല എന്ന് വി സി അഭിലാഷ് പറയുന്നു.
ഒരു സംവിധായകന്‍റെ ജീവിതത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന ചില കാര്യങ്ങൾ ഐ എഫ് എഫ് കെ യിൽ ഒ'എ പാൻ ഇന്ത്യൻ സ്റ്റോറി'യുടെ പ്രീമിയർ കഴിഞ്ഞപ്പോൾ സംഭവിച്ചു. ഒരു സംവിധായകൻ ഒരു സിനിമ സൃഷ്ടിക്കുമ്പോൾ അയാൾക്ക് മാത്രം തോന്നുന്ന ചില കാര്യങ്ങളുണ്ട്. ഉദാഹരണത്തിന് സിനിമയിലെ ആ സീനിൽ ഒരു ചിരി പ്രേക്ഷകന് ലഭിച്ചേക്കാം. അല്ലെങ്കിൽ പതിനെട്ടാമത്തെ സീൻ പ്രേക്ഷകനെ കണ്ണീരണിയിച്ചേക്കാം, അതുമല്ലെങ്കിൽ ക്ലൈമാക്‌സിന് തൊട്ടു മുൻപത്തെ സീൻ കാഴ്‌ചക്കാരനെ വൈകാരികമായി പിടിച്ചുലച്ചേക്കാം. അങ്ങനെ ചില തോന്നലുകൾ. ഒരുപക്ഷേ സിനിമയിൽ അഭിനയിക്കുന്ന അഭിനേതാക്കൾക്കോ ഛായാഗ്രഹകനോ ഒന്നും ഇപ്രകാരമുള്ള തോന്നൽ ഉണ്ടാകണമെന്നില്ല. ചിലപ്പോൾ മനസ്സിലാകുകയും ഇല്ല. തിയേറ്ററിൽ ഈ രംഗങ്ങൾക്കൊക്കെ സംവിധായകൻ വിചാരിച്ചത് പോലെയുള്ള പ്രേക്ഷക പ്രതികരണം ലഭിക്കുമ്പോഴാണ് ഒരു സംവിധായകൻ അയാളുടെ പ്രവർത്തിയിൽ വിജയിക്കുന്നത്.
ഈ സിനിമയുടെ ഫസ്‌റ്റ് കോപ്പിയായതിന് ശേഷം ഞാൻ ആദ്യം ഈ സിനിമ കാണിക്കുന്നത് തന്‍റെ കുടുംബത്തെയാണ്. ശേഷം സുഹൃത്തുക്കളും ചില നിരൂപകരും ചിത്രം കണ്ടു. എന്‍റെ കണക്കുകൂട്ടലുകൾ മൊത്തം തെറ്റി. ഞാൻ സിനിമയിൽ പ്രേക്ഷകർ ചിരിക്കുമെന്ന് കരുതിയ രംഗങ്ങൾ ഒക്കെ എന്‍റെ കുടുംബവും സുഹൃത്തുക്കളും നിർവികാരമായാണ് ആസ്വദിച്ചത്. സിനിമയിലെ വൈകാരിക നിമിഷങ്ങൾ ഒന്നും തന്നെ അവരെ സ്വാധീനിച്ചില്ല. എന്നാൽ ചലച്ചിത്രമേളയിൽ സിനിമ പ്രദർശിപ്പിച്ചപ്പോൾ ഏഴോളം സീനുകളിൽ പ്രേക്ഷകർ പൊട്ടിച്ചിരിക്കുന്നത് കണ്ട് ഞാൻ ഞെട്ടിപ്പോയി. ആളുകൾ ചിരിച്ചു എന്ന് പറയുമ്പോൾ ഇതൊരു കോമഡി സിനിമയാണെന്ന് തെറ്റിദ്ധരിക്കരുത്. ചില കഥാപാത്രങ്ങളുടെ പെരുമാറ്റവും അപ്രതീക്ഷിതമായ ഡയലോഗ് ഡെലിവറിയും പ്രേക്ഷകരിൽ ചിരി ഉണർത്തി.
സിനിമ നിർമ്മിക്കുമ്പോൾ ഏതൊക്കെ സീനുകൾ പ്രേക്ഷകർ ഏതൊക്കെ രീതിയിൽ ആസ്വദിക്കുമെന്ന് ഞാൻ മനസില്‍ ഉദ്ദേശിച്ചു അതുപോലെ തിയേറ്ററില്‍ സംഭവിച്ചു. നേരത്തെ ഞാൻ സിനിമ കാണിച്ച ആൾക്കാരെല്ലാം ടിവിയിലും മൊബൈലിലും ആണ് സിനിമ കണ്ടത്. ഒരു സിനിമയുടെ യഥാർത്ഥ ആസ്വാദനം ലഭ്യമാകണമെങ്കിൽ തിയേറ്ററില്‍ തന്നെ ചിത്രം കാണണം. എ പാൻ ഇന്ത്യൻ സ്‌റ്റോറി' എന്നെ പഠിപ്പിച്ചത് അതാണ്. തിയേറ്ററില്‍ എത്തുന്ന പ്രേക്ഷകർ വിഭിന്നരാണ്. വലിയ ഇരുട്ടുമുറിയിൽ അവർ സിനിമയുടെ ലോകത്തേക്ക് കൂടുതൽ അഗാധമായി കടന്നു ചെല്ലുന്നു. അതുകൊണ്ടുതന്നെ പൊട്ടും പൊടിയും കൃത്യമായി ഉൾക്കൊള്ളാൻ തിയേറ്ററിനുള്ളിൽ പ്രേക്ഷകർക്ക് ആകും. എന്‍റെ സിനിമയുടെ ആശയത്തെ ജനങ്ങൾ കൃത്യമായി ഉൾക്കൊണ്ടതിൽ സന്തോഷവാനാണെന്ന് സംവിധായകൻ വി സി അഭിലാഷ് പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കലാമൂല്യമുള്ള സിനിമകൾ കൊമേഴ്സ്യൽ സിനിമകൾ അല്ല എന്നുള്ളത് ഒരു തെറ്റിദ്ധാരണയാണ്. ജനങ്ങളുടെ ഇഷ്ടത്തിനും അഭിരുചിക്കുമനുസരിച്ച് സിനിമകൾ നൽകുക. നല്ല ആശയമുള്ള സിനിമകളെ പ്രേക്ഷകർ എക്കാലവും സ്വീകരിച്ച ചരിത്രമേ ഇവിടെയുള്ളൂ. 'എ പാൻ ഇന്ത്യൻ സ്റ്റോറി' എന്ന ചിത്രം എഴുതി തുടങ്ങുമ്പോൾ ഒരു ചെറിയ സിനിമയായിരുന്നു. ഞാൻ തന്നെ നിർമ്മിക്കാം എന്ന ഉദ്ദേശത്തോടുകൂടിയാണ് മുന്നോട്ടുപോയത്. എന്നാൽ ചിത്രത്തിന് ഒരു നിർമാതാവ് മുന്നോട്ടുവരുന്നു. ഫയീസ് മുഹമ്മദ്, ഫഹദ് സിദ്ദിഖ് എന്നിവർ സിനിമയുടെ ആശയം ഇഷ്ടപ്പെട്ട് നിർമ്മിക്കാം എന്ന് ഏറ്റത്തോടെ സിനിമയുടെ ക്യാൻവാസ് വലുതായി. പുതുമുഖങ്ങളെ വച്ച് സിനിമയെടുക്കാമെന്നായിരുന്നു ആദ്യം കരുതിയത്. എന്നാൽ ഒരു നിർമ്മാതാവ് വന്നതോടെ ഞാൻ കുറച്ചുകൂടി ഉത്തരവാദിത്വമുള്ള ഒരാളായി മാറുകയായിരുന്നു. നിർമ്മാതാവിന് ചിലവാക്കിയ പണമെങ്കിലും തിരിച്ചു നൽകണം. അതിന്‍റെ അടിസ്ഥാനത്തിലാണ് വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍, ജോണി ആന്‍റണി, ധർമ്മജൻ ബോൾഗാട്ടി തുടങ്ങിയവർ സിനിമയുടെ ഭാഗമാകുന്നത്.
വിഷ്‌ണു ഉണ്ണികൃഷ്‌ണന്‍ ഈ സിനിമയിലേക്ക് എത്തുന്നത്