കേരളം

kerala

ETV Bharat / entertainment

അഭിനയ മോഹികളെ.. നാളെ നിങ്ങളാണ് സൂപ്പർസ്റ്റാർ! മോഹനവാഗ്‌ദനങ്ങളിൽ വീണു പോകല്ലേ; കാസ്‌റ്റിംഗ് ഡയറക്‌ടര്‍ രാജേഷ് നാരായണൻ - RAJESH NARAYANAN INTERVIEW

സിനിമയിലെ കാസ്‌റ്റിംഗ് എന്ന് പറയുന്നത് മാട്രിമോണി സൈറ്റിലെ ഡാറ്റ ബേസിൽ നിന്നും ഭാവി വരനെയും വധുവിനെയും തിരഞ്ഞെടുക്കുന്നത് പോലെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന ഒരു പ്രക്രിയ അല്ല.

CASTING DIRECTOR RAJESH NARAYANAN  MOVIE CASTING DIRECTOR  കാസ്‌റ്റിംഗ് ഡയറക്‌ടര്‍  രാജേഷ് നാരായണന്‍ സിനിമ
രാജേഷ് നാരായണന്‍ (ETV Bharat)

By ETV Bharat Entertainment Team

Published : Nov 19, 2024, 3:52 PM IST

മലയാള സിനിമ മേഖലയിൽ കഴിഞ്ഞ ഒരു പത്ത് വർഷത്തിനുള്ളിൽ പ്രായോഗിക തലത്തിൽ ഒഴിച്ചുകൂടാന്‍ പറ്റാത്ത ഒന്നാണ് കാസ്‌റ്റിംഗ് ഡയറക്‌ടര്‍ എന്ന തസ്‌തിക. എന്നാല്‍ കാസ്‌റ്റിംഗ് ഡയറക്‌ടര്‍ എന്ന് പലപ്പോഴും നാം കേള്‍ക്കുന്നുണ്ടെങ്കിലും എന്താണ് ഇതെന്ന് പലരും സംശയിച്ചിട്ടുമുണ്ടാകും അല്ലേ? 'തിര' എന്ന വിനീത് ശ്രീനിവാസൻ ചിത്രത്തിലാണ് മലയാളത്തില്‍ ഒരു കാസ്‌റ്റിംഗ് ഡയറക്‌ടര്‍ ആദ്യമായി പ്രവര്‍ത്തിക്കുന്നത്.

അങ്ങ് ഹോളിവുഡിലും ബോളിവുഡിലുമൊക്കെ പ്രീപ്രൊഡക്ഷൻ മേഖലയിൽ ഒഴിച്ചുകൂടാൻ കഴിയാത്ത തസ്‌തികയായി കാസ്‌റ്റിംഗ് ഡയറക്‌ടര്‍ മാറിയിട്ട് വര്‍ഷങ്ങളായി. ഇപ്പോഴിതാ ബേസിൽ ജോസഫ് ചിത്രം നുണക്കുഴി, പൃഥ്വിരാജിന്‍റെ ചിത്രീകരണം ആരംഭിക്കാൻ പോകുന്ന കാളിയൻ, ഒരു തെക്കൻ തല്ലു കേസ് തുടങ്ങി നിരവധി ചിത്രങ്ങളിൽ കാസ്‌റ്റിംഗ് ഡയറക്‌ടറായി പ്രവര്‍ത്തിച്ചിട്ടുള്ള രാജേഷ് നാരായണൻ സിനിമ കാസ്‌റ്റിംഗ് രംഗത്തെ വിശേഷങ്ങൾ ഇ ടിവി ഭാരതിനോട് പങ്കുവയ്ക്കുന്നു.

കാസ്‌റ്റിംഗ് ഡയറക്‌ടര്‍

ഒരു തെക്കൻ തല്ലുകേസ് എന്ന സിനിമയിലാണ് താൻ കാസ്‌റ്റിംഗ് ഡയറക്‌ടറായി ആദ്യമായി സേവനമനുഷ്ഠിക്കുന്നത്. പിന്നീട് ലിജോ ജോസ് പെല്ലിശ്ശേരി ചിത്രം മലയിക്കോട്ടെ വാലിബൻ, നസ്ലിൻ നായകനായ 18 പ്ലസ് തുടങ്ങി എട്ടോളം മുൻനിര ചിത്രങ്ങളിൽ കാസ്‌റ്റിംഗ് സംവിധായകനായി പ്രവർത്തിച്ചു.

സിനിമയിൽ എന്തിനാണ് ഒരു കാസ്‌റ്റിംഗ് ഡയറക്‌ടര്‍ എന്ന് ചിന്തിക്കുന്നവർ ഉണ്ടാകാം. ഏറ്റവും ബുദ്ധിമുട്ടേറിയ ഒരു മേഖലയാണ്. സംവിധായകനോ തിരക്കഥാകൃത്തോ മനസ്സിൽ കാണുന്ന ഒരു കഥാപാത്രത്തിന്‍റെ രൂപവും ഭാവവും ഒത്തിണങ്ങിയ ഒരു അഭിനേതാവിനെ കണ്ടെത്തുക അത്ര നിസ്സാര കാര്യമല്ല. ഇനി അങ്ങനെ കണ്ടെത്തിയാൽ തന്നെ ആ അഭിനേതാവിനെ റേഡി ടു ആക്‌ട് എന്ന രീതിയിൽ വേണം ക്യാമറയ്ക്ക് മുന്നിലെത്തിക്കാൻ.

കാസ്റ്റിം‌ഗ് ഡയറക്‌ടര്‍ രാജേഷ് നാരായണന്‍ (ETV Bharat)

അഭിനേതാവിനെ കണ്ടെത്തി കഥാപാത്രത്തെക്കുറിച്ച് അയാളെ മനസ്സിലാക്കി, പുതിയ ആളാണെങ്കിൽ അഭിനയപാഠങ്ങൾ ചൊല്ലിക്കൊടുത്ത് പൂർണ്ണമായി തിരക്കഥയിലെ കഥാപാത്രത്തെ പോലെ വേണം ആളിനെ സംവിധായകന് മുന്നിൽ എത്തിക്കാൻ. ചിത്രീകരണം തുടങ്ങുന്നത് വരെ ഒരു സിനിമയുടെ സംവിധായകനോടൊപ്പം തന്നെ തോളോട് തോൾ ചേർന്ന് പ്രവർത്തിക്കേണ്ട മേഖലയാണിത്.

ആളുകളുടെ അഭിനയ മോഹം

പൃഥ്വിരാജ് ചിത്രം കാളിയൻ എന്ന സിനിമയ്ക്ക് വേണ്ടി കാസ്റ്റിംഗ് മേഖലയിൽ പ്രവർത്തിച്ചതാണ് തനിക്ക് ഏറ്റവും വലിയ ജീവിതാനുഭവം ഉണ്ടായത്. ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം ഞങ്ങൾ ഓഡിഷൻസ് സംഘടിപ്പിച്ചിരുന്നു. ഓരോ ഓഡിഷനും രണ്ടായിരത്തിലധികം ആളുകളാണ് അഭിനയ മോഹവുമായി എത്തിച്ചേർന്നത്.

രാവിലെ 9 മണിക്ക് തുടങ്ങുന്ന ഓഡിഷൻ രാത്രി 12 മണി വരെയൊക്കെ നീണ്ടുപോകും. കൃത്യമായി ക്ഷമയോടെ താങ്കൾക്ക് ആവശ്യമായ കഥാപാത്രങ്ങൾ ഉൾക്കൊള്ളാൻ സാധിക്കുന്നവരെ ഹാൻഡ് പിക്ക് ചെയ്തെടുക്കണം. പോലീസ് ലാത്തിച്ചാർജ് വരെ കാളിയന്‍റെ ഓഡിഷനിടയിൽ സംഭവിച്ചിട്ടുണ്ട്.'

മലയാള സിനിമയിലെ ഏറ്റവും അധികം പേരുദോഷം കേൾക്കുന്ന മേഖല കൂടിയാണ് കാസ്‌റ്റിംഗ്. കാസ്റ്റിംഗ് കൗച്ച് എന്നൊക്കെ ഓമനപ്പേരിട്ട് വിളിക്കുന്ന കുറ്റകരമായ കാര്യങ്ങളെക്കുറിച്ചൊക്കെ ഇപ്പോൾ പ്രേക്ഷകർക്ക് നന്നായി അറിയാം. കേരളത്തിൽ അങ്ങോളമിങ്ങോളം പരിശോധിച്ചാൽ ഒരുമാസം 50ലധികം ഓഡിഷൻസ് നടക്കുന്നുണ്ട്. ഏറ്റവും അധികം തട്ടിപ്പ് നടക്കുന്ന ഒരു മേഖലയാണ് ഓഡിഷൻ. ഇവിടെ ആകെ 250 താഴെ ചിത്രങ്ങൾ മാത്രമാണ് റിലീസ് ചെയ്യുന്നത്. അതിൽ തന്നെ 60% സിനിമകളിലും പരിചയസമ്പന്നരും എസ്‌റ്റാബ്ലിഷായ താരങ്ങളുമാണ് അഭിനയിക്കുന്നത്. ബാക്കിയുള്ള 40% സിനിമകൾക്കാണ് പുതുമുഖ താരങ്ങൾക്ക് അവസരം ലഭിക്കുക. അതിന് ഒരു മാസം 50 ഓഡിഷൻസ് ഒന്നും ഇവിടെ നടക്കേണ്ട കാര്യമില്ല. ഇതിൽ ഭൂരിഭാഗം ഓഡിഷൻസും തട്ടിപ്പാണ് എന്നുള്ളത് ജനങ്ങൾ മനസ്സിലാക്കണം.

നസ്ലിനോടൊപ്പം രാജേഷ് നാരായണന്‍ (ETV Bharat)

ഓഡിഷന്‍ തട്ടിപ്പില്‍ കുരുങ്ങാതിരിക്കാന്‍

ഇപ്പോഴത്തെ ഒരു രീതിയിൽ ഓഡിഷൻസ് സിനിമയ്ക്ക് വേണ്ടി സംഘടിപ്പിക്കുകയാണെങ്കിൽ അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ആ സിനിമയുടെ പ്രൊഡക്ഷൻ കമ്പനി റിപ്പോർട്ട് ചെയ്യണമെന്ന ഒരു നിയമം ഉണ്ട്. ഓഡിഷന് വേണ്ടി രജിസ്ട്രേഷൻ ഫീസുകൾ ഈടാക്കുന്ന പ്രവണതയും കണ്ടുവരുന്നു. ഒരു രൂപ പോലും ഓഡിഷനിൽ പങ്കെടുക്കാൻ വരുന്നവർ രജിസ്ട്രേഷൻ ഫീസ് ആയി നൽകേണ്ടതില്ല. അങ്ങനെ ആരെങ്കിലും പൈസ ചോദിക്കുന്നുണ്ടെങ്കിൽ ഉറപ്പായും കരുതി കൊള്ളണം അതൊരു തട്ടിപ്പ് ഓഡിഷൻ ആണെന്ന്. "രാജേഷ് നാരായണൻ തുടർന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതുപോലെതന്നെ കാസ്‌റ്റിംഗ് ഏജൻസി എന്ന ഗൂഗിളിൽ സെർച്ച് ചെയ്‌താല്‍ നൂറുകണക്കിന് ഏജൻസികളുടെ പേരുകൾ നിങ്ങൾക്ക് ലഭ്യമാകും. ഇത്തരം ഏജൻസികളുടെ ഓഡിഷൻ കാളുകൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ കാണാറുണ്ട്. ഒരു ഏജൻസിയിൽ പോയി ഫോട്ടോയും നൽകി ക്യാമറയ്ക്ക് മുന്നിൽ ഒരു പ്രകടനവും കാഴ്ചവച്ച് അവസരം കാത്തിരിക്കുന്ന ധാരാളം പേരുണ്ട്.

കാസ്‌റ്റിംഗ്(പ്രതീകാത്മ ചിത്രം) (ETV Bharat)

അഭിനയ മോഹവുമായി നടക്കുന്നവർ മനസ്സിലാക്കേണ്ട ഒരു പ്രധാന കാര്യം സിനിമയിലെ കാസ്റ്റിംഗ് എന്ന് പറയുന്നത് മാട്രിമോണി സൈറ്റിലെ ഡാറ്റ ബേസിൽ നിന്നും ഭാവി വരനെയും വധുവിനെയും തിരഞ്ഞെടുക്കുന്നത് പോലെ അഭിനേതാക്കളെ തിരഞ്ഞെടുക്കുന്ന ഒരു പ്രക്രിയ അല്ല. അങ്ങനെ ഒരു ഏജൻസി റിസർവ് ചെയ്‌തു വച്ചിരിക്കുന്ന അഭിനേതാക്കളെ ബുക്ക് ചെയ്യുന്ന ഒരു പ്രൊഡക്ഷൻ കമ്പനിയും ഇവിടെ പ്രവർത്തിക്കുന്നുമില്ല. സംവിധായകനും നിർമാതാവിനും തിരക്കഥാകൃത്തിനും ബോധ്യമാകുന്ന ഒരു വ്യക്തിയെ കൃത്യമായ ഓഡിഷനിലൂടെ മാത്രമേ സിനിമയുടെ ഭാഗമാക്കുകയുള്ളൂ.

ഉത്തരത്തേക്കാള്‍ കൂടുതല്‍ ചോദ്യങ്ങള്‍ കരുതണം

പലപ്പോഴും അവസരം നൽകാമെന്ന് പറഞ്ഞ് പീഡിപ്പിക്കുന്ന വാർത്തകൾ കേൾക്കാറുണ്ട്. ഒരു വ്യക്തിയെ ഒരു പ്രാവശ്യം പീഡിപ്പിച്ച ശേഷം മറ്റൊരു സ്ഥലത്ത് കൊണ്ടുപോയി വീണ്ടും പീഡിപ്പിച്ചു എന്ന തരത്തിലൊക്കെ കേട്ടിട്ടുണ്ട്. ഒരിക്കൽ പീഡനം ഏറ്റുവാങ്ങുമ്പോൾ തന്നെ സ്വയം ചതിക്കപ്പെടുകയാണെന്ന് തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ ശ്രമിക്കാതെ വീണ്ടും അവരെ വിശ്വസിച്ച് പീഡനം ഏറ്റുവാങ്ങാൻ പോകുന്നവരുടെ മാനസികാവസ്ഥയെ കുറിച്ച് മനസ്സിലാകുന്നില്ല.

സിനിമയിലെ അവസരത്തിനു വേണ്ടി ശരീരം ആവശ്യപ്പെടുന്നത് കുറ്റകരമാണ്. അതൊരു ധർമ്മമല്ല. ചതിക്കപ്പെടുകയാണെന്ന് തോന്നിയാൽ ഉടൻതന്നെ നിയമസഹായം തേടുക. യുവാക്കൾ അടങ്ങുന്ന ഒരു പുതിയ തലമുറയാണ് ഇപ്പോൾ മലയാള സിനിമയെ നയിക്കുന്നത്. അതുകൊണ്ടുതന്നെ സിനിമ മേഖല ഇപ്പോൾ പ്രേക്ഷകർക്ക് മുന്നിൽ സുതാര്യമാണ്.

നിങ്ങൾ ഒരു സിനിമയിൽ അവസരം തേടി വരികയാണെങ്കിൽ അല്ലെങ്കിൽ ഒരു ഓഡിഷനിൽ പങ്കെടുക്കുകയാണെങ്കിൽ ഉത്തരത്തേക്കാൾ കൂടുതൽ ചോദ്യങ്ങൾ ഒപ്പം കരുതണം. ഇത് ഏതാണ് പ്രൊഡക്ഷൻ കമ്പനി, ആരാണ് സംവിധായകൻ എന്ന കാര്യങ്ങളൊക്കെ കൃത്യമായി മനസ്സിലാക്കിയിരിക്കണം.

ഇനി പുതിയ ബാനറും പുതിയ സംവിധായകനും ഒക്കെ ആണെങ്കിൽ ഉറപ്പായും ഈ വിവരങ്ങൾ ഫെഫ്‌ക നിർമ്മാതാക്കളുടെ യൂണിയനിൽ വിളിച്ചുചോദിച്ചാൽ വിശദാംശങ്ങൾ ലഭിക്കും.

ഒരു ചതി നടന്നിട്ടുണ്ടെങ്കിൽ മധുരമായി സംസാരിക്കാൻ അറിയാവുന്ന ഒരു വ്യക്തി അതിന് പിന്നിൽ ഉണ്ടെന്നാണ്. നിങ്ങളെ കൺവിൻസ് ചെയ്യുന്ന രീതിയിൽ പല കാര്യങ്ങളും അവർ പറയും. വിശ്വസിപ്പിക്കും. കേൾക്കുന്നതും കാണുന്നതും ഒക്കെ സത്യമാണെന്ന് തോന്നിപ്പോകും. കള്ളം ചെയ്യുന്നവരിലും കലാകാരന്മാർ ഉണ്ടെന്ന് തിരിച്ചറിയണം.

രാജേഷ് നാരായണനൊപ്പം മറ്റ് അണിയറ പ്രവര്‍ത്തകര്‍ (ETV Bharat)

അവസരങ്ങൾക്ക് വേണ്ടി പണം, ശരീരം ഇവ ആവശ്യപ്പെട്ടാൽ ഉറപ്പായും മനസ്സിലാക്കുക നിങ്ങൾ ചതിക്കപ്പെടാൻ പോവുകയാണെന്ന്. മോഹന വാഗ്ദാനങ്ങൾ വിശ്വസിച്ച് ഒരു നിമിഷം ഒന്ന് കണ്ണടയ്ക്കാൻ നിങ്ങൾ തീരുമാനിച്ചാൽ സംഭവിക്കാനിരിക്കുന്നത് നഷ്ടങ്ങളുടെ കണക്കെടുപ്പിനാകും. രാജേഷ് നാരായണന്‍ പറഞ്ഞു.

Also Read:കുഞ്ചാക്കോ ബോബന്‍റെ 'ഒരു ദുരൂഹ സാഹചര്യത്തില്‍', വയനാട്ടില്‍ ചിത്രീകരണം ആരംഭിച്ചു; പൂജാ ചടങ്ങിൽ മറ്റു രണ്ടു ചിത്രങ്ങൾ കൂടി പ്രഖ്യാപിച്ച് ലിസ്‌റ്റിന്‍ സ്‌റ്റീഫന്‍


ABOUT THE AUTHOR

...view details