ഹൈദരാബാദ്: സുഹൃത്തുക്കളില്ലാത്തവരായി ആരും കാണില്ല.. അല്ലെ ? കാരണം സുഹൃത്തുക്കളില്ലാത്ത ജീവിതം സങ്കൽപ്പിക്കുകയെന്നത് തന്നെ നമ്മെ സംബന്ധിച്ച് വെല്ലുവിളി നിറഞ്ഞ ഒരു കാര്യം തന്നെയാണ്. സൗഹൃദത്തിനായി ഒരു ദിനമുണ്ടെന്ന് നിങ്ങൾക്ക് അറിയാമോ? അറിയാത്തവർക്കായി എന്നാൽ ഇതാ ... അങ്ങനൊരു ദിനമുണ്ട്. ഈ വര്‍ഷം ഓഗസ്‌റ്റ് നാലിന് ലോകമെമ്പാടും സൗഹൃദ ദിനമായി ആഘോഷിക്കുന്നു. ഓഗസ്‌റ്റ് മാസത്തിലെ ആദ്യത്തെ ഞായറാഴ്‌ചയാണ് ഇതിനായി നീക്കിവച്ചിരിക്കുന്നത്.
സൗഹൃദം എന്ന ആശയത്തെ കേന്ദ്രീകരിച്ച് ബോളിവുഡിൽ നിറയെ ചലച്ചിത്രങ്ങൾ വന്നു. മനുഷ്യവികാരങ്ങളെ ചിത്രീകരിക്കുന്നതിൽ ബോളിവുഡ് മികവ് പുലർത്തുന്നുവെന്നാണ് പൊതുവേ സിനിമാ പ്രേമികൾ പറയുന്നത്, പ്രത്യേകിച്ച് സൗഹൃദത്തെ സിനിമയിൽ ആവിഷ്‌കരിക്കുന്നതിൽ. ഈ സൗഹൃദ ദിനത്തിൽ കണ്ടിരിക്കേണ്ട ഒരുപിടി നല്ല ബോളിവുഡ് ചിത്രങ്ങളെ പരിചയപ്പെട്ടാലോ...
1. ജാനേ തു... യാ ജാനേ നാ (2008):സൗഹൃദത്തിൻ്റെ പ്രമേയത്തിൽ ശ്രദ്ധേയമായ ചലച്ചിത്രമാണ് ജാനേ തു... യാ ജാനേ നാ. ബോളിവുഡ് റൊമാൻ്റിക് കോമഡിയായ ചിത്രത്തിൽ ഇമ്രാൻ ഖാനും ജെനീലിയ ഡിസൂസയും കേന്ദ്രകഥാപാത്രങ്ങളായി എത്തുന്നു. ചിത്രം ഉറ്റസുഹൃത്തുക്കളായ ജയ് - അദിതി എന്നിവരുടെ കഥയാണ്.
സുഹൃത്തുക്കളായ ഇവർ അറിയാതെ തന്നെ പ്രണയത്തിലേക്ക് വഴുതി വീഴുന്നു. എന്നാൽ അവർ അത് പരസ്‌പരം നിരസിക്കുന്നു. പിന്നീട് അവർ വ്യത്യസ്‌ത ആളുകളുമായി ഡേറ്റിംഗ് ചെയ്യുമ്പോഴാണ് തങ്ങൾ പ്രണയിച്ചിരുന്നുവെന്ന് അവർ പരസ്‌പരം മനസിലാക്കുന്നത്. തികച്ചും എൻ്റർടെയ്‌നിങ്ങായിട്ടുളള ചിത്രം ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്‌സിൽ ലഭ്യമാണ്.
2. യേ ജവാനി ഹേ ദീവാനി (2013): സംവിധായകൻ അയാൻ മുഖർജിയുടെ ഒരു മാസ്റ്റർപീസ് ചലച്ചിത്രമാണ് യേ ജവാനി ഹേ ദീവാനി. 2013 -ൽ പുറത്തിറങ്ങിയ ചിത്രത്തിൽ രൺബീർ കപൂറും ദീപിക പദുക്കോണും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഒന്നും രണ്ടുമല്ല പതിനൊന്ന് സുഹൃത്തുക്കളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം മുന്നോട്ടേക്ക് പോകുന്നത്.
3. കുച്ച് കുച്ച് ഹോതാ ഹേ (1998): കാലാതീതമായിട്ടുളള ഒരു ക്ലാസിക് ചിത്രമായിട്ടാണ് കുച്ച് കുച്ച് ഹോതാ ഹേ ഇന്നും അറിയപ്പെടുന്നത്. അതുല്യമായ സൗഹൃദത്തെ അടയാളപ്പെടുത്തുന്ന ഈ ചിത്രം ഇന്നും ആരാധകരുടെ പ്രിയങ്കരമായ ചിത്രങ്ങളിൽ ഒന്ന് തന്നെയാണ്. സൗഹൃദം പലപ്പോഴും അനശ്വരമായ പ്രണയത്തെ മറികടക്കുമെന്ന ആശയത്തെ ഊന്നിപ്പറയുന്ന 'പ്യാർ ദോസ്‌തി ഹേ' എന്ന ചിത്രത്തിലെ ഡയലോഗാണ് സിനിമയെ കൂടുതൽ ജനപ്രിയമാക്കിയത്. ഷാരൂഖ് ഖാൻ, കജോൾ, റാണി മുഖർജി തുടങ്ങിയ പ്രമുഖ താരങ്ങൾ എത്തുന്ന ചിത്രത്തിൽ സൗഹൃദം കൊണ്ട് ഏത് കൊടുങ്കാറ്റിനെയും നേരിടാനാകുമെന്ന് കാട്ടിത്തരുന്നു.
4. ത്രീ ഇഡിയറ്റ്‌സ് (2009): വ്യത്യസ്‌ത ചുറ്റുപാടിൽ നിന്നും വരുന്ന വ്യത്യസ്‌തരായ മൂന്ന് എഞ്ചിനീയറിങ് വിദ്യാർഥികളുടെ കഥ പറയുന്ന ചിത്രമാണ് ത്രീ ഇഡിയറ്റ്‌സ്. യഥാർത്ഥ സൗഹൃദം എന്താണെന്ന് ഈ ചിത്രം കാട്ടിത്തരുന്നു.
5. സിന്ദഗി നാ മിലേഗി ദൊബാര (2011): നാല് സുഹൃത്തുക്കൾ അവരവരുടെ വിവാഹത്തിന് മുൻപ് സ്‌പെയിനിലേക്ക് ഒരാഴ്‌ച നീണ്ടുനിൽക്കുന്ന യാത്ര നടത്തുന്നതാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ഹൃത്വിക് റോഷൻ, അഭയ് ഡിയോൾ, ഫർഹാൻ അക്തർ, കത്രീന കൈഫ്, കൽക്കി കോച്ച്ലിൻ എന്നിവർ ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.