സംവിധായകന്‍ ലോകേഷ് കനകരാജും ശ്രുതി ഹാസനും അണിനിരന്ന മ്യൂസിക് വീഡിയോ 'ഇനിമേല്‍' യൂട്യൂബിൽ തരംഗമാവുന്നു. 'മാനഗരം', 'കൈതി', 'മാസ്റ്റർ', 'വിക്രം', 'ലിയോ' തുടങ്ങിയ ബ്ലോക്ക് ബസ്റ്റർ സിനിമകൾ ഒരുക്കിയ സംവിധായകൻ ലോകേഷ് കനകരാജ് ഇതാദ്യമായാണ് ക്യാമറയ്‌ക്ക് മുന്നിൽ നടനായി എത്തുന്നത്. പ്രഖ്യാപന സമയം മുതല്‍ പ്രേക്ഷക ശ്രദ്ധ നേടാൻ 'ഇനിമേലി'ന് സാധിച്ചിരുന്നു.
ഇപ്പോഴിതാ പുറത്തെത്തി ആദ്യ മണിക്കൂറുകളില്‍ തന്നെ ഈ ഗാനം യൂട്യൂബില്‍ തരംഗമായി മാറി. 16 മണിക്കൂര്‍ കൊണ്ട് 25 ലക്ഷത്തിലധികം കാഴ്‌ചക്കാരെയാണ് മ്യൂസിക് വീഡിയോ സ്വന്തമാക്കിയത്. ഇതുവരെ 35 ലക്ഷത്തിലേറെ ആളുകൾ യൂട്യൂബിൽ ഗാനം കണ്ടുകഴിഞ്ഞു.
നഗര പശ്ചാത്തലത്തില്‍ ഒരു സ്‌ത്രീ പുരുഷ ബന്ധത്തിന്‍റെ കഥയാണ് 'ഇനിമേല്‍' ദൃശ്യവത്‌കരിച്ചിരിക്കുന്നത്. 4.42 മിനിറ്റ് ദൈർഘ്യമുള്ള ഗാനം വളരെ റിയലിസ്റ്റിക് ആയാണ് അവതരിപ്പിച്ചിരിക്കുന്നത്. കമല്‍ ഹാസനാണ് 'ഇനിമേലി'നായി വരികൾ ഒരുക്കിയിരിക്കുന്നത് എന്നതും ഈ ഗാനത്തിന്‍റെ പ്രധാന സവിശേഷതയാണ്. സംഗീതം പകര്‍ന്നിരിക്കുന്നത് ശ്രുതി ഹാസനാണ്. കൂടാതെ ആശയവും ശ്രുതി ഹാസന്‍റേത് തന്നെ. വീഡിയോയുടെ സംവിധാനം നിർവഹിച്ചിരിക്കുന്നത് ദ്വര്‍കേഷ് പ്രഭാകര്‍ ആണ്.