സിനിമാ പ്രേക്ഷകര്‍ക്ക് തീരാ നഷ്‌ടം സമ്മാനിച്ച വര്‍ഷമാണ് 2024. ഒട്ടേറെ അതുല്യ കലാകാരന്മാര്‍ ഈ ലോകത്തോട് വിട പറഞ്ഞത് ഇനിയും നികത്താനാവാത്ത നഷ്‌ടമായി തന്നെയാണ് ആരാധകര്‍ കാണുന്നത്. ഒന്നിനും പകരം വയ്ക്കാനില്ലാത്ത വ്യക്തികളായിരുന്നു അവര്‍ ഓരോരുത്തരും. ഇനി നമ്മോടൊപ്പം ആ കലാകാരന്മാര്‍ ഇല്ല എന്ന യാഥാര്‍ത്ഥ്യം വളരെ ദുഃഖകരമാണ്. നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും കരയിപ്പിക്കുകയും ചെയ്‌ത വ്യക്തിത്വങ്ങള്‍ ആരൊക്കെയാണെന്ന് നോക്കാം.
എം ടി വാസുദേവന്‍ നായര്‍
മലയാളികൾക്ക് കഥയുടെ സർഗവസന്തം തീർത്ത ഇതിഹാസ എഴുത്തുകാരനായിരുന്നു എംടി വാസുദേവൻ നായർ. അദ്ദേഹത്തിന്‍റെ 91 ാം വയസിലാണ് മലയാളത്തിന്‍റെ ആ വിഖ്യാത പ്രതിഭ എന്നന്നേക്കും യാത്ര പറഞ്ഞത്.
പുന്നയൂർക്കുളം ടി നാരായണൻ നായർ അമ്മ ശ്രീമതി അമ്മാളു. നാലു മക്കളിൽ ഏറ്റവും ഇളയ ആൾ ആയിരുന്നു എം.ടി വാസുദേവൻ നായർ.
എംടിയുടെ സിനിമ ജീവിതവും മലയാളികളിൽ ഏറെ പ്രാധാന്യം അർഹിക്കുന്ന ഒന്നാണ്. സ്വന്തം കൃതിയായ 'മുറപ്പെണ്ണ്' എന്ന ചിത്രത്തിന് തിരക്കഥ എഴുതി കൊണ്ടാണ് എംടി മലയാള സിനിമയിലേക്ക് ചുവട് വയ്ക്കുന്നത്. മലയാള സിനിമയുടെ നാഴികക്കല്ലായി മാറിയ എഴുപതോളം ചിത്രങ്ങൾക്ക് പിന്നിൽ എംടിയുടെ കരങ്ങൾ പ്രവർത്തിച്ചു.
നിർമ്മാല്യം, ബന്ധനം, വാരിക്കുഴി, മഞ്ഞ്, കടവ്, ഒരു ചെറുപുഞ്ചിരി തുടങ്ങിയ ചിത്രങ്ങൾ എം ടി എഴുതി സംവിധാനം ചെയ്‌തിട്ടുണ്ട്.
എംടിയുടെ ഒന്‍പത് കൃതികളെ അടിസ്ഥാനപ്പെടുത്തി അടുത്തിടെ പുറത്തിറങ്ങിയ 'മനോരഥങ്ങൾ' എന്ന ആന്തോളജി ചിത്രം ഏറെ ശ്രദ്ധയാകർഷിച്ചിരുന്നു.
ശ്യാം ബെനഗല്‍
പ്രശസ്‌ത ചലച്ചിത്ര സംവിധായകന്‍ ശ്യാം ബെനഗല്‍ ഈ ലോകത്ത് നിന്ന് മറഞ്ഞത് സിനിമാ ലോകത്തിന് തീരാ നഷ്‌ടമാണ്.
എഴുപതുകളില്‍ ഇന്ത്യന്‍ സിനിമയില്‍ പടര്‍ന്നു പിടിച്ച സമാന്തര സിനിമയുടെ അമരക്കാരനാണ് ശ്യാം ബെനഗൽ. മുഖ്യധാരാ സിനിമയുടെ കീഴ്വഴക്കങ്ങളിൽ നിന്ന് വ്യത്യസ്‌തമായി റിയലിസവും സാമൂഹിക പ്രതിബദ്ധതയും ഇഴചേര്‍ന്നതായിരുന്നു ബെനഗലിന്‍റെ ചലചിത്രങ്ങള്‍.
1973-ൽ പുറത്തിറങ്ങിയ 'അങ്കുർ' എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം ശ്രദ്ധേയനായത്. ലക്ഷ്‌മി എന്ന ദാസിയെ അവതരിപ്പിച്ച ശബാന ആസ്‌മിയുടെ ശക്തമായ ചലചിത്ര അരങ്ങേറ്റം കൂടിയായിരുന്നു ചിത്രം
ശ്യാം ബെനഗലിന്‍റെ 'അങ്കുർ' (1973), 'നിഷാന്ത്' (1975), 'മന്ഥൻ' (1976), 'ഭൂമിക' (1977) എന്നിവയിലൂടെയാണ് ഇന്ത്യന്‍ മിഡില്‍ സിനിമയുടെ ആരംഭമുണ്ടാകുന്നത്.
സിനിമ മേഖലയിലെ സമഗ്ര സംഭാവനയ്ക്ക് 2007ല്‍ ദാദാ സാഹബ് ഫാൽക്കെ പുരസ്‍കാരം, 1991ല്‍ രാജ്യം പത്മഭൂഷണ്‍ നൽകി ആദരിച്ചു..
സാക്കീര്‍ ഹുസൈന്‍
തബലമാന്ത്രികന്‍ സാക്കീര്‍ ഹുസൈന്‍ ഈ ലോകത്ത് നിന്ന് മണ്‍മറഞ്ഞത് സംഗീത പ്രേമികള്‍ക്ക് തീരാനോവാണ്. ഡിസംബര്‍ 15 നാണ് അദ്ദേഹം വിടവാങ്ങുന്നത്. ഉസ്‌താദ് സാക്കീര്‍ ഹുസൈന്‍ 73 ാം വയസില്‍ വിടപറയുമ്പോള്‍ സംഗീത ലോകത്തിന് നികത്താനാവാത്ത നഷ്‌ടം തന്നെയാണ്.
1951 മാര്‍ച്ച് ഒന്‍പതിന് മുംബൈയില്‍ ജനിച്ച സാക്കിര്‍ ഹുസൈന്‍ തന്‍റെ പിതാവും തബലവാദകനുമായ അല്ലാ രഖായില്‍ നിന്നാണ് തബല അഭ്യസിച്ചത്. 12 ാം വയസിലാണ് സ്വതന്ത്രമായി തബല വായിച്ച് അരങ്ങേറ്റം കുറിക്കുന്നത്. പിന്നീടങ്ങോട്ട് ആ മാന്ത്രിക വിരലുകള്‍ തലബയില്‍ വിസ്‌മയ താളം തീര്‍ത്ത് ആസ്വാദകരുടെ മനസിലേക്ക് ആഴ്‌ന്നിറങ്ങി.
1973 ല്‍ പുറത്തിറങ്ങിയ 'ലിവിങ് ഇന്‍ ദി മെറ്റരീയല്‍സ് വേള്‍ഡ്' ആണ് സാക്കിര്‍ ഹുസൈന്‍റെ ആദ്യത്തെ ആല്‍ബം. തുടര്‍ന്നും ഒട്ടേറെ ആല്‍ബള്‍ ഇറങ്ങി. 1973 ല്‍ ഇംഗ്ലീഷ് ഗിറ്റാറിസ്‌റ്റ് ജോണ്‍ മാക് ലാഫ്ലിന്‍, വയലിനിസ്റ്റ് എന്‍ ശങ്കര്‍, ഘടം വാദകന്‍ ടിച്ച് വിനായക് റാം എന്നിവര്‍ക്കൊപ്പം ചേര്‍ന്ന് ഹിന്ദുസ്ഥാനി സംഗീതത്തെ പാശ്ചാത്യ സംഗീതവുമായി സമന്വയിപ്പിച്ച് പുതിയൊരു ശൈലി തന്നെ സൃഷ്‌ടിച്ചു.
മീന ഗണേഷ്
മലയാളത്തില്‍ നിരവധി സിനിമകളില്‍ അഭിനയിച്ച മീന ഗണേഷ് ഡിസംബര്‍ 19 നാണ് അന്തരിച്ചത്. 1942ല്‍ പാലക്കാടായിരുന്നു ജനനം. 19-ാം വയസ്സില്‍ ആദ്യ നാടകത്തില്‍ അഭിനയിച്ചു. കായംകുളം കേരള തിയേറ്റേഴ്‌സ്, എസ്‌എല്‍ പുരം സൂര്യ സോമ, തൃശൂര്‍ ചിന്‍മയി തുടങ്ങി കേരളത്തിലെ വിവിധ നാടക സമിതികളില്‍ അഭിനയിച്ച് നിരവധി അവാര്‍ഡുകളും സ്വന്തമാക്കിയിട്ടുണ്ട് നടി.
1976ല്‍ റിലീസ് ചെയ്‌ത പി.എ ബക്കറിന്‍റെ 'മണിമുഴക്കം' ആണ് ആദ്യ ചിത്രം. 1991ല്‍ പുറത്തിറങ്ങിയ 'മുഖചിത്രം' എന്ന സിനിമയില്‍ പാത്തുമ്മ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചതോടെയാണ് മീന ഗണേഷ് സിനിമയില്‍ ശ്രദ്ധേയമാവുന്നത്.
'വാസന്തിയും ലക്ഷ്‌മിയും പിന്നെ ഞാനും', 'കരുമാടിക്കുട്ടന്‍', 'വാല്‍ക്കണ്ണാടി', 'നന്ദനം', 'മീശമാധവന്‍', 'സെല്ലുലോയ്‌ഡ്', 'അമ്മക്കിളിക്കൂട്', 'തലയണമന്ത്രം', 'ഉത്സവമേളം', 'വലയം', 'ഗോളാന്തരവാര്‍ത്ത', 'ഭൂമിഗീതം', 'പിന്‍ഗാമി', 'പിടക്കോഴി കൂവുന്ന നാട്ടില്‍', 'സന്താനഗോപാലം', 'അച്ഛന്‍ കൊമ്പത്ത് അമ്മ വരമ്പത്ത്', 'ഹാര്‍ബര്‍', 'കുടുംബകോടതി', 'ഈ പുഴയും കടന്ന്', 'കളിയൂഞ്ഞാല്‍', 'മീനത്തില്‍ താലിക്കെട്ട്', 'മൈ ഡിയര്‍ കരടി', 'ഫ്രീഡം', 'മാണിക്യന്‍', 'ദി റിപ്പോര്‍ട്ടര്‍', 'പാതിരാകാട്ട്' തുടങ്ങീ സിനിമകളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്‌തിട്ടുണ്ട്.
തമിഴ് സിനിമ നടന്‍ കെപി കേശവന്‍റെ മകളാണ് മീന. കുട്ടിക്കാലത്ത് ബ്രദേഴ്‌സ് ആര്‍ട്ട്‌സ് ക്ലബ്ബിലൂടെയാണ് മീന ആദ്യമായി നാടക രംഗത്തെത്തുന്നത്. തുടര്‍ന്ന് നാടകത്തില്‍ സജീവമാവുകയും സേലം, ഈറോഡ്, കോയമ്പത്തൂര്‍ എന്നിവിടങ്ങില്‍ മലയാളി സമാജങ്ങളില്‍ അഭിനയിക്കുകയും ചെയ്‌തു.
മേഘനാഥന്‍
വില്ലൻ വേഷങ്ങളിലൂടെ നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ശ്രദ്ധേയനായ നടനാണ് മേഘനാഥൻ. ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് കോഴിക്കോട് സ്വകാര്യ ആശുപത്രിയിൽ ചികിത്സയില്‍ കഴിയവെ ആണ് മേഘനാഥനെ മരണം തട്ടിയെടുത്തത്. 60 വയസായിരുന്നു.
ചക്രം, ചെങ്കോൽ, ഈ പുഴയും കടന്ന്, പാഞ്ചജന്യം, നേരറിയൻ സി.ബി.ഐ, ക്രൈം ഫയൽ, മലപ്പുറം ഹാജി മഹാനായ ജോജി, ആക്ഷൻ ഹീറോ ബിജു ഉള്‍പ്പെടെയുള്ള ചിത്രങ്ങളില്‍ അദ്ദേഹം വേഷമിട്ടു. സ്ത്രീത്വം, മേഘസന്ദേശം, കഥയറിയാതെ, ധനുമാസപ്പെണ്ണ് എന്നീ സീരിയലുകളിലും അദ്ദേഹം അഭിനയിച്ചു.മലയാള ചലച്ചിത്രങ്ങൾക്ക് പുറമെ തമിഴ് സിനിമകളിലും അദ്ദേഹം അഭിനയിച്ചിട്ടുണ്ട്.
ടി പി മാധവന്‍
മലയാള സിനിമ സീരിയില്‍ നടന്‍ ടിപി മാധവന്‍ (88) കുടല്‍ സംബന്ധമായ രോഗങ്ങളെ തുടര്‍ന്ന് കൊല്ലത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ ഇരിക്കവേയാണ് മരണപ്പെട്ടത്.
മലയാള സിനിമയുടെ താര സംഘടനയായ അമ്മയുടെ ആദ്യ ജനറല്‍ സെക്രട്ടറിയായിരുന്നു. 1994 മുതല്‍ 1997 വരെയാണ് അമ്മയുടെ ജനറല്‍ സെക്രട്ടറി സ്ഥാനം വഹിച്ചത്. 2000 മുതല്‍ 2006 വരെ അമ്മയുടെ ജോയിന്‍റ് സെക്രട്ടറിയും ആയിരുന്നു.