തലസ്ഥാന നഗരിയിൽ കലോത്സവാവേശം കൊട്ടിക്കയറുമ്പോള്‍ നാളെ മുതൽ അരങ്ങുണർത്താന്‍ പോകുന്ന പ്രകടനങ്ങളുടെ കാര്യത്തിൽ കലാകേരളത്തിന് പ്രതീക്ഷകള്‍ ഏറെയാണ്. കാരണം മുന്‍പത്തെ വർഷങ്ങളിൽ ഒന്നിനൊന്നു മികച്ച, ഒട്ടേറെ മികവാർന്ന പ്രകടനങ്ങളാണ് നമുക്ക് കലോത്സവങ്ങള്‍ സമ്മാനിച്ചിട്ടുള്ളത്. ഇക്കൂട്ടത്തിൽ വാശിയേറിയ മത്സരങ്ങള്‍ക്കപ്പുറത്തേക്ക് കൂട്ടായ്‌മയുടെയും അതിജീവനത്തിന്‍റേയും പോരാട്ടങ്ങള്‍ക്കും കലാവേദി സാക്ഷിയായ സന്ദർഭങ്ങള്‍ ഏറെയാണ്.
അച്ഛന്‍റെ ചിതയെരിയും മുമ്പ് ഒപ്പന കളിക്കേണ്ടി വന്ന സുകന്യ
കണ്ണൂരിൽ നടന്ന 57-ാമത് കേരള സ്‌കൂൾ കലോത്സവത്തിൽ ആലപ്പുഴ ബിഷപ് ഹോഡ്‌ജസ് ഹയർ സെക്കൻഡറി സ്‌കൂളിലെ പതിനൊന്നാം ക്ലാസ് വിദ്യാർഥിനി സുകന്യ സുഭാഷിന്‍റെ ഒപ്പന കാണികള്‍ക്ക് നൊമ്പരമായിരുന്നു. വേദന മറച്ചുവച്ചുള്ള സുകന്യയുടെ പ്രകടനം കണ്ടുനിന്നവരുടെ കണ്ണുകളെ ഈറനണിയിച്ചു.
ഒപ്പന മത്സരത്തിന് രണ്ട് ദിവസം മുമ്പാണ് സുകന്യയുടെ അച്ഛൻ സുഭാഷ് മരിച്ചത്. അച്ഛന്‍റെ ചിതയിലെ തീക്കനലുകൾ അണയുന്നതിന് മുമ്പ് തന്നെ സുകന്യക്ക് കലോത്സവ വേദിയിലേക്ക് തിരിക്കേണ്ടി വന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങള്‍ ബുദ്ധിമുട്ടിക്കുമ്പോഴും തന്‍റെ സ്വപ്‌നങ്ങള്‍ക്ക് വേണ്ടി കഷ്‌ടപ്പെട്ടിരുന്ന സ്‌നേഹനിധിയായിരുന്ന അച്ഛനും താന്‍ പോകണമെന്നാവും ആഗ്രഹിക്കുക എന്ന ഉറപ്പിൽ നിന്നായിരുന്നു സുകന്യയുടെ ആ കരുത്തുറ്റ തീരുമാനം.
സംസ്ഥാന തലത്തിൽ ആലപ്പുഴ ജില്ലയെ പ്രതിനിധീകരിച്ച് മകളുടെ ടീം തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ദിവസ വേതനക്കാരനായ സുഭാഷ് അത്യധികം ആഹ്ളാദിച്ചിരുന്നു. മാവേലിക്കര സ്വദേശിയും റെയിൽവേ കോളനിയിൽ താമസക്കാരനുമായ സുഭാഷ് തന്നെയാണ് മകളെ കലോത്സവ വേദിയിലേക്കയക്കാന്‍ മുന്‍കയ്യെടുത്തതും.
തന്‍റെ കുട്ടിയുടെ സ്വപ്‌നങ്ങള്‍ക്കും വിജയത്തിനും പണം ഒരു തടസമാകരുതെന്ന് സുഭാഷ് കരുതി കാണണം. ആരോഗ്യ സ്ഥിതി മോശമായിരുന്നിട്ടും സുഭാഷ് ജോലിക്കിറങ്ങി. പുറത്തിറങ്ങരുതെന്ന സുഹൃത്തുക്കളുടെ ഉപദേശം സുഭാഷ് ചെവികൊണ്ടില്ല. അദ്ദേഹത്തിന് എല്ലാത്തിലും വലുത് തന്‍റെ മകളായിരുന്നു. പക്ഷേ ദിവസം കഴിയും തോറും സുഭാഷിന്‍റെ ആരോഗ്യസ്ഥിതി മോശമായി തുടങ്ങി. കലോത്സവത്തിന്‍റെ രണ്ടു ദിവസം മുന്‍പേ സുഭാഷ് രക്തം ഛര്‍ദ്ദിച്ച ശേഷം കുഴഞ്ഞു വീണു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഏറെ മോഹിച്ച ആ കാഴ്‌ച കാണാന്‍ നിൽക്കാതെ സുഭാഷ് സുകന്യയെ തനിച്ചാക്കി പോയി. ഫെസ്റ്റിവലിലെ ആരവങ്ങള്‍ക്കിടയിലും സുകന്യയുടെ ഏങ്ങല്‍ കലോത്സവ നഗരിയില്‍ അലയടിച്ചു കാണണം. എന്നാല്‍ സംഘത്തിന്‍റെ ഊഴമെത്തിയതോടെ സുകന്യ ധൈര്യം സംഭരിച്ചു. ഹൃദയം നുറുങ്ങുന്ന വേദനയിലും അവൾ വേദിയിൽ പുഞ്ചിരിടോയെ ഒപ്പനക്ക് കൈത്താളം കൊട്ടി. അച്ഛന്‍റെ ആഗ്രഹം പോലെ സംസ്ഥാന കലോത്സവത്തില്‍ മികച്ച പ്രകടനം കാഴ്‌ചവെച്ചാണ് സുകന്യ മടങ്ങിയത്.
തായമ്പകയുടെ കുത്തക അവസാനിപ്പിച്ച രഹിത
സംസ്ഥാന സ്‌കൂൾ കലോത്സവ ചരിത്രത്തിലെ ഏറ്റവും മികച്ച വിജയങ്ങളിലൊന്നായിരുന്നു രഹിതയുടേത്. പരമ്പരാഗതമായി പുരുഷ മേധാവിത്വമുള്ള മത്സരമായിരുന്നു തായമ്പക. 2017 കലോത്സവത്തില്‍ തിരുവനന്തപുരത്തെ ഹോളി ഏഞ്ചൽസ് കോൺവെന്‍റ് എച്ച്എസ്എസിലെ പത്താം ക്ലാസ് വിദ്യാർത്ഥിനി രഹിത കൃഷ്‌ണദാസ് ഈ ആധിപത്യം അവസാനിപ്പിച്ചു.
ആദ്യമായായിരുന്നു ഒരു പെൺകുട്ടി തായമ്പകയില്‍ വിജയിയാകുന്നത്. ആ വർഷത്തെ മികച്ച യുവ തായമ്പക കലാകാരിക്കുള്ള കോട്ടക്കൽ കൃഷ്‌ണൻകുട്ടി എൻഡോവ്‌മെന്‍റ് ജേതാവായിരുന്നു രഹിത കൃഷ്‌ണദാസ്.
നാടോടി നൃത്തത്തിലെ മികവാർന്ന പ്രകടനം
61-ാമത് കേരള സ്‌കൂൾ കലോത്സവത്തിൽ ആൺകുട്ടികൾക്കുള്ള നാടോടി നൃത്തത്തിൽ വയനാട്ടിലെ കാട്ടുനായകൻ വിഭാഗത്തിലെ വിദ്യാർഥി ശരുൺ എം എ ഗ്രേഡ് നേടിയതും മികച്ച മുന്നേറ്റമായിരുന്നു. നൂൽപ്പുഴ പഞ്ചായത്തിലെ രാജീവ് ഗാന്ധി മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയായിരുന്നു ശരുണ്‍. ശരുണിന് നൃത്തത്തോടുള്ള അഭിനിവേശം സ്‌കൂളിന് മാത്രമല്ല, സമൂഹത്തിനു തന്നെ അഭിമാന നിമിഷമായിരുന്നു.
നവ്യ നായരുടെ കരച്ചില്‍
സംഭവം നടക്കുന്നത് 2001 കലോത്സവ കാലത്താണ്. അന്നത്തെ വിദ്യാഭ്യാസ മന്ത്രി പി ജെ ജോസഫിന്‍റെ ജന്മനാടായ തൊടുപുഴയിലായിരുന്നു കലോത്സവം. പതിവുപോലെ വാശിയേറിയ മത്സരത്തിനാണ് തൊടുപുഴ സാക്ഷ്യം വഹിച്ചത്. കലാപ്രതിഭ, കലാതിലകം എന്നീ പട്ടങ്ങള്‍ അന്നത്തെ കലോത്സവങ്ങൾക്ക് ഏറെ ഗ്ലാമർ നൽകിയിരുന്നു. പ്രതിഭ, തിലകം എന്നീ ടൈറ്റിലുകൾക്ക് വേണ്ടിയുള്ള മത്സരം ശക്തമായിരുന്നു. കലാപ്രതിഭകള്‍ക്കും കലാതിലകങ്ങള്‍ക്കും സിനിമയില്‍ എളുപ്പത്തില്‍ അവസരം ലഭിക്കുമായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
തൊടുപുഴ കലോത്സവത്തിൽ കലാതിലക പട്ടത്തിനായി, പിന്നീട് സിനിമകളിൽ തിളങ്ങിയ രണ്ട് കലാകാരികളാണ് നേർക്കുനേർ പോരാടിയത്. ഒരാൾ നവ്യാ നായരും മറ്റേയാൾ അമ്പിളി ദേവിയുമായിരുന്നു. കായംകുളം സ്വദേശി നവ്യാ നായരും കൊല്ലം സ്വദേശി അമ്പിളി ദേവിയും തമ്മിലായിരുന്നു ഇഞ്ചോടിഞ്ച് പോരാട്ടം. എങ്കിലും നേരിയ വ്യത്യാസത്തിൽ അമ്പിളി ദേവി കലാതിലക പട്ടം നേടി.
മൂന്ന് എ ഗ്രേഡ് ഒന്നാം സ്ഥാനങ്ങളോടെയാണ് അമ്പിളി ദേവി ജേതാവായത്. എന്നാൽ നവ്യ അമ്പിളി ദേവിക്കെതിരെ രൂക്ഷ വിമർശനവുമായി രംഗത്തെത്തി. മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് നവ്യ പൊട്ടിക്കരഞ്ഞത്. 'ആ കുട്ടി സ്റ്റേജിൽ ഒന്നും ചെയ്‌തില്ല, സിനിമാ താരമായത് കൊണ്ടാണ് കിട്ടിയത്'- നവ്യ വികാര ഭരിതയായി പറഞ്ഞു. മോണോ ആക്‌ടിൽ നവ്യക്ക് ബി ഗ്രേഡാണ് ലഭിച്ചത്.
വിനീതിന്‍റെ ഭരതനാട്യം പ്രകടനങ്ങൾ
നടനും ക്ലാസിക്കൽ നർത്തകനുമായ വിനീത് സ്‌കൂൾ യൂത്ത് ഫെസ്റ്റുകളിലൂടെ ചലച്ചിത്ര രംഗത്തേക്ക് കടന്ന വ്യക്തിയാണ്. 1980 കളിൽ സ്‌കൂൾ വിദ്യാർഥിയായിരിക്കുമ്പോൾ തന്നെ അദ്ദേഹം നടത്തിയ പിഴവുകളില്ലാത്ത ചുവടുകള്‍ വാർത്തകളിൽ ഇടം നേടിയിരുന്നു. തുടർച്ചയായി നാല് വർഷം കേരള സംസ്ഥാന യുവജനോത്സവത്തിൽ വിനീത് ഒന്നാം സമ്മാനം നേടിയിരുന്നു. മികച്ച പ്രകടനത്തിനുള്ള പുരുഷ 'കലാപ്രതിഭ' അവാർഡും അദ്ദേഹത്തിന് ലഭിച്ചു.
യേശുദാസും ജയചന്ദ്രനും വിജയികളായ കലോത്സവം
1957 ലെ രണ്ടാമത്തെ കലോത്സവത്തിന് പാട്ടില്‍ ജേതാവായത് സാക്ഷാല്‍ ഗാന ഗന്ധര്‍വന്‍ യേശുദാസാണ്. ജയചന്ദ്രന്‍ അന്ന് മൃദംഗത്തിലും ജേതാവായി. അന്നത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്ന ജോസഫ് മുണ്ടശ്ശേരിയുടെ മേൽനോട്ടത്തിലായിരുന്നു കലോത്സവം. തിരുവനന്തപുരത്തെ ഗവൺമെന്‍റ് ഗേൾസ് മോഡൽ സ്‌കൂളിലായിരുന്നു രണ്ടാം കലോത്സവം നടന്നത്. 600ല്‍ അധികം പേർ അന്ന് കലോത്സവത്തില്‍ പങ്കെടുത്തിരുന്നു.
അമ്പരപ്പിച്ച് ഒപ്പനക്കാണികള്‍
2013ൽ മലപ്പുറത്ത് നടന്ന സ്‌കൂള്‍ കലോത്സവത്തില്‍ ഒപ്പന കാണാൻ എത്തിയവര്‍ സംസ്ഥാനത്തെയാകെ ഞെട്ടിച്ചു. അന്ന് 30,000 പേരാണ് ഒപ്പന മത്സരം കാണാനെത്തിയത്.
Also Read: അറബന താളം കൊട്ടി, അരയും തലയും മുറുക്കി; കലോത്സവ വേദി കീഴടക്കാന്‍ പട്ടം സെന്‍റ് മേരീസ് ടീം