ഭാവനയെ കേന്ദ്ര കഥാപാത്രമാക്കി ഷാജി കൈലാസ് ഒരുക്കിയ ഹൊറർ ത്രില്ലർ 'ഹണ്ട്' ഓഗസ്റ്റ് 9ന് പ്രേക്ഷകരിലെത്തും. ചിത്രത്തിന്‍റെ പ്രമോഷന്‍റെ ഭാഗമായി കേരളത്തിലെ ഏതാനും കോളജുകളിൽ എത്തിയ ഭാവനയ്‌ക്കും സംഘത്തിനും ലഭിച്ചത് വമ്പൻ സ്വീകരണം. ആലുവ യുസി കോളജ്, സെന്‍റ് ജോസഫ്‌സ് കോളജ് ഇരിങ്ങാലക്കുട, ക്രൈസ്റ്റ് കോളജ് ഇരിങ്ങാലക്കുട എന്നിവിടങ്ങളിൽ എത്തിയ ഭാവന, അദിതി രവി, ഡെയ്ൻ ഡേവിഡ്, രാഹുൽ മാധവ്, നന്ദു, സുരേഷ് കുമാർ, ദിവ്യ നായർ, രചയിതാവ് നിഖിൽ ആനന്ദ്, നിർമാതാവ് കെ രാധാകൃഷ്‌ണൻ എന്നിവർ അക്ഷരാർഥത്തിൽ കോളജ് ക്യാമ്പസിനെ ഇളക്കി മറിച്ചു.
കോളജ് വിദ്യാർഥികൾക്കൊപ്പമുള്ള ഇവരുടെ ചിത്രങ്ങളും വീഡിയോകളും ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. മെഡിക്കൽ ക്യാമ്പസ് പശ്ചാത്തലത്തിൽ ഒരുക്കിയ ഈ ഹൊറർ ത്രില്ലർ ചിത്രത്തിൽ അജ്‌മൽ അമീർ, അനുമോഹൻ, ചന്തുനാഥ്, നന്ദു, ബിജു പപ്പൻ, കോട്ടയം നസീർ, ജി. സുരേഷ് കുമാർ, കൊല്ലം തുളസി, സുധി പാലക്കാട്, കിജൻ രാഘവൻ, ദിവ്യാ നായർ, സോനു എന്നിവരും നിർണായക വേഷങ്ങൾ ചെയ്‌തിരിക്കുന്നു.