സാമൂഹിക നിരീക്ഷകന്‍ രാഹുല്‍ ഈശ്വറിനെതിരെ പരാതി നല്‍കി നടി ഹണി റോസ്. ചാനല്‍ പരിപാടികളില്‍ ഹണി റോസിന്‍റെ വസ്‌ത്രധാരണത്തെ കുറിച്ച് രാഹുല്‍ ഈശ്വര്‍ നടത്തിയ പരാമര്‍ശങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ സൃഷ്‌ടിച്ചിരുന്നു. ബോബി ചെമ്മണ്ണൂരിനെതിരെ ഹണി റോസ് നല്‍കിയ പരാതി ചര്‍ച്ചയായ സാഹചര്യത്തിലാണ് രാഹുല്‍ ഇശ്വറിന്‍റെ പരാമര്‍ശം ഉയര്‍ന്നത്.
രാഹുല്‍ ഈശ്വറിന് തുറന്ന കത്തുമായി ഫേസ്‌ബുക്കില്‍ എത്തുകയായിരുന്നു താരം. രാഹുലിന്‍റെ പരാമര്‍ശങ്ങള്‍ തനിക്കും കുടുംബത്തിനും സൃഷ്‌ടിച്ച മാനസിക സമ്മര്‍ദ്ദം വളരെ ഏറെയാണെന്നാണ് നടി പറയുന്നത്.
"രാഹുല്‍ ഈശ്വര്‍, ഞാനും എന്‍റെ കുടുംബവും കടുത്ത മാനസിക സമ്മര്‍ദ്ദത്തിലൂടെയാണ് കടന്നുപോകുന്നത്. അതിന് പ്രധാന കാരണക്കാരില്‍ ഒരാള്‍ ഇപ്പോള്‍ താങ്കളാണ്. ഞാന്‍ എനിക്കെതിരെ പബ്ലിക് പ്ലാറ്റ്ഫോമില്‍ നടന്ന പകല്‍ പോലെ വ്യക്‌തമായ അധിക്ഷേപത്തിന് എതിരെ പരാതി കൊടുത്തു.
പൊലീസ് എന്‍റെ പരാതിയില്‍ കാര്യം ഉണ്ടെന്ന് കണ്ട് കേസെടുക്കുകയും കോടതി ഞാന്‍ പരാതി കൊടുത്ത വ്യക്‌തിയെ റിമാന്‍ഡില്‍ ആക്കുകയും ചെയ്‌തു. പരാതി കൊടുക്കുക എന്നതാണ് ഞാന്‍ ചെയ്യേണ്ട കാര്യം. ബാക്കി ചെയ്യേണ്ടത് ഭരണകൂടവും പൊലീസും കോടതിയുമാണ്.
ഞാന്‍ കൊടുത്ത പരാതിയുടെ ഗൗരവം ചോര്‍ത്തിക്കളയാനും ജനങ്ങളുടെ പൊതുബോധം എന്‍റെ നേരെ തിരിയാനും എന്ന ഉദ്ദേശത്തോടെ സൈബര്‍ ഇടത്തില്‍ ഒരു ഓര്‍ഗനൈസ്‌ഡ് ക്രൈം ആസൂത്രണം ചെയ്യുകയും ആണ് രാഹുല്‍ ഇശ്വര്‍ ചെയ്യുന്നത്.
ഇന്ത്യന്‍ നിയമ വ്യവസ്ഥയില്‍, ഇന്ത്യന്‍ ഭരണ ഘടന വസ്ത്രധാരണത്തില്‍ ഒരു വ്യക്‌തിക്ക് തെരഞ്ഞെടുപ്പ് നടത്താനുള്ള സ്വാതന്ത്ര്യം ഉറപ്പ് വരുത്തിയിട്ടുണ്ട്. ഇന്ത്യന്‍ ഭരണഘടന ഒരു വ്യക്‌തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശവും നല്‍കിയിട്ടുണ്ട്. ഇതിനെ നിയന്ത്രിക്കുന്ന നിബന്ധനകളൊന്നും ഇന്ത്യന്‍ പീനല്‍ കോഡില്‍ ഇല്ല.
ഇങ്ങനെ ആണെന്നിരിക്കെ തുടര്‍ച്ചയായി മാധ്യമങ്ങളിലൂടെ എനിക്കെതിരെ, എന്‍റെ മൗലികാവകാശങ്ങള്‍ക്കെതിരെ നിയന്ത്രണം ഏര്‍പ്പെടുത്താനും എനിക്കെതിരെ ഒരു പൊതുബോധം സൃഷ്‌ടിച്ച് എന്നെ ആക്രമിക്കാനും താങ്കള്‍ കഴിഞ്ഞ ദിവസങ്ങളായി നടത്തിയ ശ്രമഫലമായി എനിക്കെതിരെ വരുന്ന, എന്‍റെ തൊഴിലിന് നേരെ വരുന്ന ഭീഷണികള്‍, തൊഴില്‍ നിഷേധ ഭീഷണികള്‍, അപായ ഭീഷണികള്‍, അശ്ലീല, ദ്വയാര്‍ഥ, അപമാനക്കുറിപ്പുകള്‍ തുടങ്ങിയ എല്ലാ സൈബര്‍ ബുള്ളീയിംഗിനും പ്രധാന കാരണക്കാരന്‍ താങ്കള്‍ ആണ്.