ബോബി ഗ്രൂപ്പ് ഉടമ ബോബി ചെമ്മണ്ണൂരിനെതിരെ പരാതി നല്‍കി നടി ഹണി റോസ്. ഇക്കാര്യം നടി തന്‍റെ ഫേസ്‌ബുക്ക് പേജിലൂടെയാണ് അറിയിച്ചത്. താങ്കള്‍ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ താന്‍ പൊലീസില്‍ പരാതി കൊടുത്തിട്ടുണ്ടെന്നായിരുന്നു ഹണി റോസിന്‍റെ പ്രതികരണം.
"ബോബി ചെമ്മണ്ണൂര്‍, താങ്കള്‍ എനിക്കെതിരെ തുടര്‍ച്ചയായി നടത്തിയ അശ്ലീല അധിക്ഷേപങ്ങള്‍ക്കെതിരെ ഞാന്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് സ്‌റ്റേഷനില്‍ പരാതി കൊടുത്തിട്ടുണ്ട്. താങ്കളുടെ തന്നെ മാനസിക നിലയുള്ള താങ്കളുടെ കൂട്ടാളികള്‍ക്കെതിരെയുള്ള പരാതികള്‍ പുറകെ ഉണ്ടാവും. താങ്കള്‍ താങ്കളുടെ പണത്തിന്‍റെ ഹുങ്കില്‍ വിശ്വസിക്കൂ, ഞാന്‍ ഭാരത്തിലെ നിയമവ്യവസ്ഥയുടെ ശക്‌തിയില്‍ വിശ്വസിക്കുന്നു." -ഹണി റോസ് കുറിച്ചു.
എറണാകുളം സെന്‍ട്രല്‍ സ്‌റ്റേഷനിലാണ് ഹണി റോസ് പരാതി നല്‍കിയത്. പരാതിയില്‍ സെന്‍ട്രല്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ലൈംഗികച്ചുവയോടെയുള്ള അശ്ലീല ഭാഷണത്തിനെതിരെ 75(4) വകുപ്പ് പ്രകാരവും ഇലക്‌ട്രോണിക് മാധ്യമത്തിലൂടെ അശ്ലീല പരാമര്‍ശം നടത്തുന്നതിനെതിരെ ഐടി ആക്‌ടിലെ 67 വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്‌റ്റര്‍ ചെയ്‌തത്.
അതേസമയം വിഷയത്തില്‍ ബോബി ചെമ്മണ്ണൂര്‍ ഇടിവി ഭാരതിനോട് പ്രതികരിച്ചു. "തന്‍റെ ഭാഗത്ത് നിന്നും തെറ്റ് സംഭവിച്ചിട്ടുണ്ടെങ്കില്‍ ഞാനതില്‍ മാപ്പു ചേദിക്കുന്നു," -ഇപ്രകാരം ഒറ്റ വാചകത്തിലാണ് ബോബി ചെമ്മണ്ണൂര്‍ പ്രതികരിച്ചത്. അതേസമയം മറ്റ് കാര്യങ്ങളില്‍ പ്രതികരിക്കാന്‍ ബോബി ചെമ്മന്നൂര്‍ തയ്യാറായില്ല.
തന്‍റെ സ്‌ത്രീത്വത്തെ ഒരാള്‍ നിരന്തരം അപമാനിക്കുന്നുവെന്ന് കുറിച്ച് കൊണ്ട് ബോബി ചെമ്മണ്ണൂരിന്‍റെ പേര് പരാമര്‍ശിക്കാതെ അടുത്തിടെയാണ് ഹണി റോസ് ഫേസ്‌ബുക്കില്‍ ഒരു പോസ്‌റ്റ് പങ്കുവച്ചത്.