ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമയെ വിവാദങ്ങള്‍ കൊണ്ട് മൂടിയിരിക്കുകയാണ്. മലയാള സിനിമ വിവാദങ്ങളില്‍ പുകയുമ്പോള്‍ തന്‍റെ വേറിട്ട നിലപാട് വ്യക്തമാക്കി പൃഥ്വിരാജും രംഗത്തെത്തിയിരുന്നു. പൃഥ്വിരാജിന്‍റെ വാര്‍ത്ത സമ്മേളനത്തിന് പിന്നാലെ നടനെ അനുകൂലിച്ചും വിമര്‍ശിച്ചും നിരവധി പേരാണ് സോഷ്യല്‍ മീഡിയയില്‍ എത്തിയിരിക്കുന്നത്. ഇപ്പോഴിതാ അഡ്വക്കേറ്റ് ഹരീഷ് വാസുദേവനും നടനെ വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ്. ഫേസ്‌ബുക്കിലൂടെയാണ് ഹരീഷിന്‍റെ പ്രതികരണം.
'പൃഥ്വിരാജിനെ ഈ ഹോൾ എപ്പിസോഡിൽ ഇതിന് മുമ്പ് ഡയലോഗുമായി കാണുന്നത് ദിലീപിനെ പുറത്താക്കുമോ ഇല്ലയോ എന്ന അമ്മയുടെ മീറ്റിംഗിന് വെളിയിലാണ്. "ഞങ്ങൾ അകത്ത് ചിലത് പറഞ്ഞിട്ടുണ്ട്, അത് നടന്നില്ലെങ്കിൽ കാണാം" എന്ന മട്ടിൽ. അതു കഴിഞ്ഞ് അതിജീവിതയുടെ കേസ് വന്നു, അത് അട്ടിമറിക്കാൻ ശ്രമം ഉണ്ടായി, അമ്മയിൽ നിന്ന് അവർക്ക് കടുത്ത ഒറ്റപ്പെടല്‍ ഉണ്ടായി. "ഉറ്റ സുഹൃത്ത്" എന്നവകാശപ്പെട്ട പൃഥ്വിരാജ് ഒരക്ഷരം മിണ്ടിയില്ല.
അങ്ങേര് ഇതിലെ വേട്ടക്കാർക്കൊപ്പം സിനിമ ഉണ്ടാക്കി കരിയർ മെച്ചപ്പെടുത്തുന്ന തിരക്കിലായിരുന്നു.. ദിലീപിന്‍റെ അഭാവം ഏറ്റവും ഗുണം ഉണ്ടാക്കിയ ആൾ പൃഥ്വിരാജ് ആണല്ലോ. ഈ ആളുകൾ എല്ലാം കേസിൽ മൊഴിമാറ്റി കൂറുമാറി.. ഉറ്റ സുഹൃത്തിന്‍റെ കേസിന് എന്തു സംഭവിക്കുന്നു എന്നു പോലും പൃഥ്വിരാജിന് അറിയില്ല.. ഇന്ന് വൈകിട്ട് വരെ അമ്മയിലെ ആളുകൾ കൂറുമാറിയത് പൃഥ്വിരാജ് അറിഞ്ഞിട്ടുപോലുമില്ല.. ഹോ !!