ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം പ്രത്യേക അന്വേഷണ സംഘത്തിന് സര്‍ക്കാര്‍ കൈമാറി. ഹൈക്കോടതിയുടെ നിര്‍ദേശ പ്രകാരമാണ് റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം സര്‍ക്കാര്‍ അന്വേഷണ സംഘത്തിന് കൈമാറിയത്. ക്രൈംബ്രാഞ്ച് മേധാവി എച്ച്.വെങ്കിടേഷിനാണ് ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍റെ പൂര്‍ണ രൂപം സര്‍ക്കാര്‍ കൈമാറിയത്.
അതേസമയം കേസുകള്‍ അന്വേഷിക്കുന്ന പ്രത്യേക സംഘത്തിന്‍റെ യോഗം ഇന്ന് പൊലീസ് ആസ്ഥാനത്ത് ചേരും. റിപ്പോര്‍ട്ടിലുള്ള മൊഴികള്‍ അടക്കമുള്ളവ യോഗം പരിശോധിക്കും. റിപ്പോര്‍ട്ടില്‍ എസ്.ഐ.ടി എന്ത് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കി സര്‍ക്കാര്‍ സത്യവാങ്‌മൂലം നല്‍കണമെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം.
റിപ്പോര്‍ട്ടിന്‍മേല്‍ കര്‍ശനമായ വ്യവസ്ഥകള്‍ ഉള്‍പ്പെടുത്തിയാകും സര്‍ക്കാരിന്‍റെ തുടര്‍ നടപടികളെന്ന് സൂചനയുണ്ട്. മൊഴി നല്‍കിയവരുടെ സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കും. അടുത്ത തവണ കോടതി കേസ് പരിഗണിക്കുമ്പോള്‍ ഡബ്ല്യൂസിസി ഉന്നയിച്ച ആവശ്യം സര്‍ക്കാര്‍ കോടതിക്ക് മുന്നില്‍ വയ്‌ക്കും.
ഏറെ രസഹ്യമായി സൂക്ഷിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കൂടുതല്‍ പേരിലേയ്‌ക്ക് എത്തിയാല്‍ ഉണ്ടായേക്കാവുന്ന സാഹചര്യത്തെ പറ്റി സര്‍ക്കാരിന് ബോധ്യമുണ്ട്. അതുകൊണ്ട് തന്നെ വേണ്ടത്ര ഗൃഹപാഠം ചെയ്‌തായിരിക്കും നടപടികള്‍. സിനിമാ നയം രൂപപ്പെടുത്താനുള്ള കോണ്‍ക്ലേവിന്‍റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും കോടതിയെ ബോധ്യപ്പെടുത്തും.