മലയാള സിനിമയെ സംബന്ധിച്ച് മികച്ചൊരു വര്‍ഷമായിരുന്നു 2024. നിരവധി മികച്ച മലയാള സിനിമകളാണ് ഈ വര്‍ഷം പ്രേക്ഷകര്‍ക്ക് മുന്‍പിലെത്തിയത്. ബോക്‌സ് ഓഫീസ് ഹിറ്റുകള്‍ മാത്രമല്ല, ദേശീയ അന്താരാഷ്‌ട്ര അവാര്‍ഡുകള്‍ വരെ ഈ വര്‍ഷം മലയാള സിനിമകള്‍ സ്വന്തമാക്കി.
2024ലെ മികച്ച മലയാള ചിത്രങ്ങള്‍ -
1. മഞ്ഞുമ്മല്‍ ബോയ്‌സ്
ചിദംബരം സംവിധാനം ചെയ്‌ത മഞ്ഞുമ്മല്‍ ബോയ്‌സിന് ലഭിച്ച പ്രേക്ഷക പിന്തുണ മറ്റൊരു മലയാള സിനിമയ്‌ക്കും ലഭിച്ചില്ല എന്ന് തന്നെ പറയാം. 2006ല്‍ കൊടൈക്കനാല്‍ രക്ഷാപ്രവര്‍ത്തനത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ഈ സര്‍വൈവല്‍ ത്രില്ലര്‍. കൊച്ചിയിലെ ചെറിയൊരു ഗ്രാമത്തില്‍ നിന്നും ഒരു കൂട്ടം സുഹൃത്തുക്കൾ കൊടൈക്കനാലിൽ അവധിക്കാലം ആഘോഷിക്കാൻ പോകുന്നതാണ് ചിത്രപശ്ചാത്തലം. സുഹൃത്തുക്കളില്‍ ഒരാള്‍ ഗുണ കേവില്‍ കുടുങ്ങിപ്പോവുകയും അയാള്‍ക്ക് വേണ്ടിയുള്ള രക്ഷാപ്രവര്‍ത്തനവുമാണ് മഞ്ഞുമ്മല്‍ ബോയ്‌സ്.
2. ആടുജീവിതം : ദി ഗോട്ട് ലൈഫ്
മറ്റൊരു സര്‍വൈവല്‍ ഡ്രാമയാണ് ബ്ലെസ്സിയുടെ സംവിധാനത്തില്‍ പൃഥ്വിരാജ് നായകനായ ആടുജീവിതം: ദി ഗോട്ട് ലൈഫ്. മുമ്പൊരിക്കലും കാണാത്ത പ്രകടനമാണ് ചിത്രത്തില്‍ പൃഥ്വിരാജ് കാഴ്‌ച്ചവച്ചത്. വിഖ്യാത സാഹിത്യകാരന്‍ ബെന്യാമിന്‍റെ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെട്ട മലയാള നോവലായ ആടുജീവിതത്തിന്‍റെ സിനിമ ആവിഷ്‌കാരമാണ് അതേ പേരില്‍ പുറത്തിറങ്ങിയ ചിത്രം. ജോലി തേടി സൗദി അറേബ്യയിലേക്ക് പോകുകയും തുടര്‍ന്നുണ്ടാകുന്ന പ്രതികൂല സാഹചര്യത്തില്‍ ജീവിക്കുന്ന ഒരു യുവാവിന്‍റെ കഥായാണ് ചിത്രം പറയുന്നത്.