ഛത്തീസ്‌ഗഢ്: ഭാര്യക്ക് 3.7 കോടി രൂപ ജീവനാംശം നൽകാമെന്ന ഉറപ്പിൽ വിവാഹമോചനം നേടി ഹരിയാനയിലെ വൃദ്ധ ദമ്പതികൾ. ഭൂമി വിറ്റാണ് ഭർത്താവ് ഭാര്യക്ക് ജീവനാംശം നൽകിയത്. കർണാൽ ജില്ലയിൽ നിന്നുള്ള വൃദ്ധ ദമ്പതികളാണ് 43 വർഷം നീണ്ട് നിന്ന ദാമ്പത്യ ജീവിതം അവസാനിപ്പിച്ചത്. ഹൈക്കോടതിയിൽ നടത്തിയ മധ്യസ്ഥ ചർച്ചയിലാണ് ധാരണയായത്. ഭർത്താവ് തൻ്റെ കൃഷിഭൂമിയും വിളകളും വിറ്റ് ഒത്തുതീർപ്പ് വ്യവസ്ഥകൾ പാലിക്കുകയായിരുന്നു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
69 കാരനായ ഭർത്താവ് 18 വർഷമായി 73 കാരിയായ ഭാര്യയുമായി വേർപിരിഞ്ഞ് കഴിയുകയായിരുന്നു. 1980 ഓഗസ്റ്റ് 27ന് ആണ് ഇരുവരും വിവാഹിതരാകുന്നത്. ഇവർക്ക് മൂന്ന് കുട്ടികളാണ് ഉണ്ടായിരുന്നത്. പിന്നീട് ഇവരുടെ ബന്ധം വഷളാവുകയായിരുന്നു. 2006 മെയ് 8ന് ഇവർ വേർപിരിഞ്ഞു. പിന്നീട് കർണാൽ കുടുംബ കോടതിയിൽ ഭർത്താവ് സമർപ്പിച്ച വിവാഹമോചന ഹർജിയിൽ കടുത്ത മാനസിക പീഡനം നേരിട്ടുവെന്ന് അദ്ദേഹം ആരോപിച്ചു.
എന്നാൽ 2013 ജനുവരിയിൽ വിവാഹമോചന ഹർജി കോടതി തള്ളി. പിന്നീട് ഈ കേസ് ഹൈക്കോടതിയിലെത്തി. അങ്ങനെ 2024 നവംബർ 4ന് മധ്യസ്ഥ ചർച്ചകൾ ആരംഭിച്ചു. കേസിനിടെ 3.7 കോടി രൂപ ജീവനാംശം നൽകാമെന്ന വ്യവസ്ഥയിൽ ഇരുകക്ഷികളും അവരുടെ കുട്ടികളും വിവാഹമോചനത്തിന് സമ്മതിക്കുകയായിരുന്നു. ഒത്തുതീർപ്പിൻ്റെ ഭാഗമായി 2.16 കോടി രൂപയ്ക്ക് ഭർത്താവ് തൻ്റെ കൃഷിഭൂമി വിറ്റ് ഡിമാൻഡ് ഡ്രാഫ്റ്റ് ഭാര്യയ്‌ക്ക് നൽകി. പിന്നീട് 50 ലക്ഷം രൂപയും നൽകി.
ഭർത്താവിൻ്റെ മരണത്തിന് ശേഷം ഭാര്യയ്ക്കും മക്കൾക്കും ഭർത്താവിൻ്റെ സ്വത്തിന്മേൽ അവകാശങ്ങളൊന്നും തന്നെയില്ലെന്ന് കരാറിൽ വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. ജസ്റ്റിസ് സുധീർ സിംഗ്, ജസ്റ്റിസ് ജഗ്‌ജിത് സിംഗ് ബേദി എന്നിവരടങ്ങിയ ഹൈക്കോടതി ബെഞ്ചിൻ്റേതാണ് ഉത്തരവ്.