കോട്ടയം: സംഗീതവും ചിത്രകലയും കൊണ്ട് ഒരുപോലെ അനുഗ്രഹിക്കപ്പെട്ട ഒരു കലാകാരനുണ്ട് കോട്ടയത്ത്. ചാലുകുന്ന് സ്വദേശിയായ വിനോദ് ഫ്രാന്‍സിസ്. വിനോദിന്‍റെ തൂലികത്തുമ്പിൽ ആരെയും ആകർഷിക്കുന്ന ചിത്രങ്ങള്‍ വിരിയുമ്പോള്‍ പശ്ചാത്തല സംഗീതമായി അദ്ദേഹത്തിന്‍റെ സംഗീതവുമുണ്ടാകും.
പാട്ട് പാടിക്കൊണ്ട് ചിത്രം വരയ്ക്കുന്നതാണ് വിനോദിനെ വ്യത്യസ്‌തനാക്കുന്നത്. ചിത്രകലയ്ക്ക് ഒപ്പം സംഗീതവും പഠിച്ച വിനോദ്, കർണാടക സംഗീത കീർത്തനം പാടിയാണ് തന്‍റെ കാന്‍വാസ് മനോഹരമാക്കുന്നത്. പ്രകൃതിദൃശ്യങ്ങളാണ് വിനോദിൻ്റെ സൃഷ്‌ടികളിലധികവും.
കോട്ടയത്തും പരിസര പ്രദേശത്തും കണ്ട നയന മനോഹര കാഴ്‌ചകള്‍ പെൻസിൽ ഡ്രോയിങിലൂടെ വിനോദ് കാന്‍വാസിൽ പകർത്തും. ഒപ്പം പാലക്കാടൻ ഗ്രാമീണ ദൃശ്യങ്ങളും ചിത്രീകരിച്ചിട്ടുണ്ട്. പെൻസിൽ ഡ്രോയിങിന് പുറമെ വാട്ടർകളർ പെയിന്‍റിങിലും പരീക്ഷണം നടത്തയിട്ടുണ്ട് ഈ കലാകാരന്‍.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
മികച്ച ചിത്രകാരനുള്ള ആത്മയുടെ 2018 ലെ അവാർഡ് നേടിയ വിനോദിന്‍റെ ചിത്രങ്ങളുടെ പ്രദർശനം കഴിഞ്ഞ ദിവസം കോട്ടയം ഡിസി ആർട്ട് ഗ്യാലറിയിൽ നടന്നിരുന്നു. കോട്ടയത്തെ പ്രമുഖ ചിത്രകാരൻമാർ ചേർന്നാണ് പ്രദർശനം ഉദ്ഘാടനം ചെയ്‌തത്. ലൈവ് വാട്ടർകളർ ഡെമോൻസ്‌ട്രേഷനുള്‍പ്പെടെ ആയിരുന്നു പ്രദർശനം.
വിനോദിൻ്റെ അഞ്ചാമത്തെ ഏകാംഗ ചിത്രപ്രദർശനം ആയിരുന്നു ഇത്. നിരവധി ഗ്രൂപ്പ് ഷോകളിലും പങ്കെടുത്തിട്ടുണ്ട്. സംഗീതത്തോട് അഭിനിവേശമുള്ള വിനോദ് കച്ചേരിയും നടത്തിവരുന്നുണ്ട്. ചിത്രകലയിലും സംഗീതത്തിലുമായി നിരവധി ശിഷ്യഗണങ്ങളും ഉണ്ട്.
Also Read:ഭക്തിയുടെ നിറവിൽ ഉറഞ്ഞാടി 'നാൽപ്പത്തി രണ്ടര വെള്ളാട്ട്'; മുത്താച്ചി കാവിലെ അപൂർവ തോറ്റം