ലണ്ടന്‍: ലോകത്തിലെ ഏറ്റവും പഴക്കമുള്ള ഞായറാഴ്‌ച ദിനപത്രമായ ഒബ്‌സര്‍വറിനെ ടോര്‍ടോയ്‌സ് മീഡിയ വാങ്ങിയതായി ബ്രിട്ടനിലെ ദ ഗാര്‍ഡിയന്‍ പത്രത്തിന്‍റെ ഉടമസ്ഥര്‍ അറിയിച്ചു. ഗാര്‍ഡിയന്‍ മാധ്യമ ശൃംഖലയുടെ ഉടമകളായ ദ സ്‌കോട്ട് ട്രസ്റ്റാണ് ഇക്കാര്യം പ്രസ്‌താവനയിലൂടെ അറിയിച്ചത്. പണവും ഓഹരികളും നൽകിയാണ് പത്രം വാങ്ങിയിരിക്കുന്നതെന്നും അവര്‍ വ്യക്തമാക്കി.
ഗാര്‍ഡിയന്‍ ദിനപത്രത്തിന്‍റെ സഹോദര പത്രമാണ് ഒബ്‌സര്‍വര്‍. ബ്രിട്ടനിലെ ഏറ്റവും പ്രചാരവും പഴക്കവുമുള്ള ഞായറാഴ്‌ച ദിനപ്പത്രമാണിത്. ലോകവാര്‍ത്തകളുടെയും രാഷ്‌ട്രീയത്തിന്‍റെയും ആഴത്തിലുള്ള വിശകലനമാണ് പത്രം നടത്തുന്നത്.
1791ല്‍ ആരംഭിച്ച ദ ഒബ്‌സര്‍വര്‍ 1993 ലാണ് ദ ഗാര്‍ഡിയന്‍ മാധ്യമശൃംഖലയുടെ ഭാഗമാകുന്നത്. ബ്രിട്ടനിലെ മാധ്യമ ലോകത്ത് ഉദാരമൂല്യങ്ങളുടെ കോട്ടയായി നില കൊണ്ട മാധ്യമസ്ഥാപനമാണിത്. പുതിയ മാറ്റങ്ങളെ ലോകമാധ്യമങ്ങള്‍ ഏറെ ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
2019 ലാണ് ടോര്‍ടോയ്‌സ് ആരംഭിച്ചത്. ലണ്ടന്‍ ടൈംസിന്‍റെ മുന്‍ പത്രാധിപരും ബിബിസിയില്‍ വാര്‍ത്താമേധാവിയും ആയിരുന്ന ജെയിംസ് ഹാര്‍ഡിങും ലണ്ടനിലെ മുന്‍ അമരിക്കന്‍ സ്ഥാപനപതി മാത്യു ബര്‍സൂണും ചേര്‍ന്നാണ് ടോര്‍ടോയ്‌സ് ആരംഭിച്ചത്.
ധാരണപ്രകാരം അഞ്ച് കൊല്ലത്തെ വാണിജ്യ കരാറാണ് ഗാര്‍ഡിയനുമായി ടോര്‍ടോയ്‌സിനുള്ളത്. അച്ചടിക്കും വിതരണത്തിനുമുള്ള ചെലവുകള്‍ ഇവര്‍ വഹിക്കും. വിപണനം ഗാര്‍ഡിയന്‍ വഴി തന്നെയാകും. ടോര്‍ടോയ്‌സില്‍ ഒന്‍പത് ശതമാനം ഓഹരികള്‍ ദ സ്‌കോട്ട് ട്രസ്റ്റിനുണ്ടാകും. ടോര്‍ടോയ്‌സിലെ 250 ലക്ഷം പൗണ്ടിന്‍റെ നിക്ഷേപത്തിന്‍റെ ഭാഗമായുള്ള 50 ലക്ഷം പൗണ്ട് നല്‍കാനും ധാരണയുണ്ട്.
പുതിയ കരാറുകള്‍ ഒബ്‌സര്‍വറിന് പുത്തന്‍ നിക്ഷേപങ്ങളും ആശയങ്ങളും നല്‍കുമെന്നും പുത്തന്‍ വായനക്കാര്‍ക്ക് പുതിയ അനുഭവങ്ങള്‍ നല്‍കുമെന്നും നമ്മുടെ സമൂഹത്തിലെ ഉദാര മാധ്യമപ്രവര്‍ത്തനത്തിന് സഹായകമാകുമെന്നും സ്‌കോട്ട് ട്രസ്റ്റിന്‍റെ അധ്യക്ഷ ഒലെ ജേക്കബ് സുണ്ടെ പറഞ്ഞു.
ലക്കി റോക്കിനെ ഒബ്‌സര്‍വറിന്‍റെ പുതിയ പത്രാധിപരായും പ്രഖ്യാപിച്ചിട്ടുണ്ട്. കഴിഞ്ഞ നൂറ് വര്‍ഷത്തിനിടെ ആദ്യമായാണ് പത്രാധിപ സ്ഥാനത്തേക്ക് ഒരു വനിത എത്തുന്നത് എന്ന പ്രത്യേകതയുമുണ്ട്. ഇവര്‍ക്കൊപ്പം ഒരു ഡിജിറ്റല്‍ എഡിറ്ററുമുണ്ടാകും. ഒബ്‌സര്‍വര്‍ സ്വന്തമായി ഒരു ഓണ്‍ലൈന്‍ ബ്രാന്‍ഡ് ഉണ്ടാക്കുന്ന പശ്ചാത്തലത്തിലാണിത്. മുഖ്യപത്രാധിപരായ ഹാര്‍ഡിങിന് കീഴിലാകും റോക്ക് പ്രവര്‍ത്തിക്കുക.
അതേസമയം നിര്‍ദിഷ്‌ട വില്‍ക്കല്‍, ഗാര്‍ഡിയന്‍ മാധ്യമ ശൃംഖലയിലെ മാധ്യമപ്രവര്‍ത്തകരെല്ലാം എതിര്‍ത്തതായാണ് വിവരം. ഈ മാസം ആദ്യം 48 മണിക്കൂര്‍ നീണ്ട പ്രക്ഷോഭം ഇവര്‍ സംഘടിപ്പിച്ചിരുന്നു.
Also Read: അന്‍പത് 'ഈനാടു' വര്‍ഷങ്ങള്‍; ജനാധിപത്യത്തെയും പത്രസ്വാതന്ത്ര്യത്തെയും ഉയര്‍ത്തിപ്പിടിച്ച പാരമ്പര്യം