അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതുവരെ ഇനി ഇന്ത്യയില്‍ ഷോകള്‍ അവതരിപ്പിക്കില്ലെന്ന് നടനും ഗായകനുമായ ദില്‍ജിത് ദോസാഞ്ജ്. തന്‍റെ ദില്‍ ലുമിനാറ്റി എന്ന് പേരിട്ടിരിക്കുന്ന സംഗീത പരിപാടി രാജ്യത്ത് നടന്നു വരികയാണ്. എന്നാല്‍ ഈ ഷോകളില്‍ ദില്‍ജിത് സന്തുഷ്‌ടനല്ല. ഇതിന്‍റെ അടിസ്ഥാനത്തിലാണ് അദ്ദേഹത്തിന്‍റെ ഈ കടുത്ത പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്.
'ദില്‍ ലുമിനാറ്റി' സംഗീത പരിപാടിയുമായി ചണ്ഡിഗഡിലെത്തിയപ്പോഴായിരുന്നു ദില്‍ജിത്തിന്‍റെ ഈ പ്രഖ്യാപനം. നിരവധി പേര്‍ക്ക് ജോലി ലഭിക്കുന്ന വലിയൊരു വരുമാന സ്രോതസാണ് ഇത്തരം ഷോകളെന്നും അതിന് അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലെന്നും ദില്‍ജിത് കുറ്റപ്പെടുത്തി.
പഞ്ചാബി ഭാഷയിലുള്ള ഒരു വീഡിയോയിലാണ് ദില്‍ജിത് ഇക്കാര്യം പറയുന്നത്. "ഞങ്ങള്‍ക്കിവിടെ ലൈവ് ഷോ ചെയ്യാനുള്ള അടിസ്ഥാന സൗകര്യങ്ങളില്ല. ദില്‍ ലുമിനാറ്റി എന്ന ഷോ ഡല്‍ഹില്‍ നിന്നാണ് ആരംഭിച്ചത്. ഇത്തരം പരിപാടികള്‍ വരുമാനത്തിന്‍റെ സ്രോതസാണ്.
നിരവധി ആളുകള്‍ക്ക് ജോലി ലഭിക്കുന്നു. ഇവിടെ അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുന്നുത് വരെ ഞാന്‍ ഇന്ത്യയില്‍ ഷോകള്‍ ചെയ്യില്ല. അത് ഉറപ്പാണ്". ദില്‍ജിത് പറഞ്ഞു. ഒപ്പം അല്ലു അര്‍ജുന്‍ നായകനായ ചിത്രം പുഷ്‌പയിലെ 'താഴത്തില്ലെടാ' എന്ന ഡയലോഗും പറഞ്ഞു.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ദില്‍ജിതിന്‍റെ പരിപാടികള്‍ക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്. ജയ്‌പൂര്‍, ഹൈദരാബാദ്, അഹമ്മദാബാദ്, ലഖ്നൗ, പൂനെ, കൊല്‍ക്കൊത്ത, ബെംഗളുരു എന്നിവിടങ്ങളിലെല്ലാം ദില്‍ജിത് പരിപാടി അവതരിപ്പിച്ചിരുന്നു. ഈ ഷോകളൊക്കെ വലിയ വിജയമായിരുന്നു.
അടുത്തിടെ ബെംഗളുരുവില്‍ നടത്തിയ പരിപാടിയില്‍ നടി ദീപിക പദുക്കോണും പങ്കെടുത്തിരുന്നു. ഇതിന്‍റെ വീഡിയോ സമൂഹമാധ്യമങ്ങളിലൊക്കെ വൈറലാവുകയും ചെയ്‌തിരുന്നു. ക്വീൻ എന്ന ക്യാപ്ഷനോടെ ദീപികയുടെ ഒരു വിഡിയോ ദിൽജിത്ത് ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചിരുന്നു.
സമീപകാലത്ത് ഇറങ്ങിയ കല്‍ക്കി, ഭൂല്‍ഭൂലയ്യ 3 പോലുള്ള ചിത്രങ്ങളില്‍ ദില്‍ജിത്ത് ഗാനങ്ങള്‍ ആലപിച്ചിരുന്നു. ഇതിന് പുറമേ ക്രൂ അടക്കം സിനിമകളിലും ഇദ്ദേഹം അഭിനയിച്ചിരുന്നു.
ദില്‍ജിത്തിന്‍റെ ചംകില എന്ന ചിത്രം ഒടിടിയില്‍ വന്‍ ഹിറ്റായിരുന്നു. നെറ്റ്ഫ്ലിക്സിലാണ് ഇംതിയാസ് അലി സംവിധാനം ചെയ്‌ത ചിത്രം റിലീസായിരുന്നത്. എആര്‍ റഹ്മാന്‍ ആയിരുന്നു ചിത്രത്തിന്‍റെ സംഗീതം.