മധ്യപ്രദേശ്: അന്തർ സംസ്ഥാന ബൈക്ക് കവർച്ച കേസുകളിൽ ഉൾപ്പെട്ട 18 പേരെ അറസ്‌റ്റ് ചെയ്‌ത് മധ്യപ്രദേശ് പൊലീസ്. പ്രതികളുടെ താമസ സ്ഥലത്ത് നിന്ന് 162 ബൈക്കുകളും കണ്ടെത്തി. സംസ്ഥാനത്തെ വാഹന മോഷണങ്ങൾ കണക്കിലെടുത്ത് കഴിഞ്ഞ മാസം നടത്തിയ കർശന വാഹന പരിശോധനക്കിടെയാണ് ബൈക്കുകൾ പിടിച്ചെടുത്തതെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
'കഴിഞ്ഞ ഒരു മാസമായി വാഹന മോഷണവുമായി ബന്ധപ്പെട്ട് നിരവധി പരാതികൾ ലഭിച്ചിരുന്നു. അതിന്‍റെ അടിസ്ഥാനത്തിൽ വിവിധ സ്ഥലങ്ങളിൽ ഞങ്ങൾ പരിശോധന നടത്തി. പരിശോധനയിൽ 18 പേർ അറസ്‌റ്റിലാവുകയും അവരുടെ താമസ സ്ഥലങ്ങളിൽ നിന്ന് 150 ലധികം ബൈക്കുകൾ കണ്ടെടുക്കുകയും ചെയ്‌തതായി' ഉജ്ജയിൻ പൊലീസ് സൂപ്രണ്ട് (എസ്‌പി) പ്രദീപ് ശർമ്മ മാധ്യമങ്ങളോട് പറഞ്ഞു.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
കണ്ടുകെട്ടിയ ബൈക്കുകളിൽ ഭൂരിഭാഗവും തിരിച്ചറിഞ്ഞിട്ടില്ലെന്ന് എസ്‌പി വ്യക്തമാക്കി. മാത്രമല്ല അവ തിരിച്ച് ഉടമകൾക്ക് നൽകാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടത്തുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതേസമയം പൊലീസ് സ്‌റ്റേഷനുകളിൽ ബൈക്കുകൾ പാർക്ക് ചെയ്യുന്നതിനുപകരം, അവ പൊലീസ് ലൈനിലാണ് പാർക്ക് ചെയ്‌തിരിക്കുന്നത്. അതിനാൽ ആളുകൾക്ക് ബൈക്കുകൾ കാണാനാകുമെന്നും അത് തന്‍റേതാണോ അല്ലയോ എന്ന് തിരിച്ചറിയാൻ സാധിക്കുമെന്നും പ്രദീപ് ശർമ്മ അറിയിച്ചു.

സംഭവവുമായി ബന്ധപ്പെട്ട് ജില്ലയിലെ വിവിധ പൊലീസ് സ്‌റ്റേഷനുകളിലായി 18 പേരെ പൊലീസ് ഇതിനകം അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്ന് എസ്‌പി പ്രദീപ് ശർമ്മ പറഞ്ഞു. ഏതാനും പ്രതികൾ ഒളിവിലായതിനാൽ അവരെയും പിടികൂടാനുള്ള ശ്രമം തുടരുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
