ഫെബ്രുവരി 23 വെള്ളിയാഴ്‌ച മുതൽ പുതിയ മലയാള സിനിമകൾ തിയേറ്ററുകളിൽ റിലീസ് ചെയ്യില്ലെന്ന ഫിയോക് സംഘടനയുടെ തീരുമാനം അറിവില്ലായ്‌മ മാത്രമെന്ന് പ്രശസ്‌ത നിർമ്മാതാവ് സിയാദ് കോക്കർ. സിനിമയെ നശിപ്പിക്കുന്നവരെ കാലം വെളിച്ചത്ത് കൊണ്ടുവരുമെന്നും മലയാള സിനിമയിൽ 39 വർഷം പൂർത്തിയാക്കുന്ന കോക്കേഴ്‌സ് ഫിലിംസിന്‍റെ അമരക്കാരനായ സിയാദ് കോക്കർ പറഞ്ഞു (Film producer Siyad Koker).
ക്രിമിനൽ എന്ന പദപ്രയോഗവും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനെതിരെയുള്ള തുറന്ന യുദ്ധവും അറിവില്ലായ്‌മയാണ്. മലയാള സിനിമയ്‌ക്കും പ്രവർത്തകർക്കും ഒരു സാംസ്‌കാരിക ബോധ തലമുണ്ട്. അതിനു പുറത്തുനിന്ന് എയ്‌തുവിടുന്ന വാക്‌ശരങ്ങൾക്ക് താൻ ചെവി കൊടുക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു (Cinema Release Prohibition Of Feuok).
പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍റെ ഒരു ഭാരവാഹി എന്നുള്ള നിലയിൽ മലയാളം സിനിമ മേഖലയിൽ നടപ്പാക്കാൻ ഉദ്ദേശിക്കുന്ന കണ്ടന്‍റ് മാസ്റ്ററിംഗ് എന്ന ഉപകാരപ്രദമായ സംവിധാനത്തിന് താൻ നൽകിപ്പോന്ന പിന്തുണയാണ് ഇവിടെ പലരെയും ചൊടിപ്പിച്ചത്. കോക്കേഴ്‌സ് ഫിലിംസ് മലയാള സിനിമയിൽ സജീവമായിരുന്ന കാലത്ത് സിനിമ പ്രദർശനം നടത്തിയിരുന്നത് ഫിലിമുകൾ തന്നെ ഉപയോഗിച്ചാണ്. അക്കാലത്ത് വ്യാപകമായി ഫിലിം പ്രൊജക്‌ടറുകൾ ഉപയോഗിച്ചു പോന്നിരുന്നു.
എന്നാൽ രണ്ടായിരത്തിന്‍റെ പകുതിയോടെ സിനിമ ഡിജിറ്റലിലേക്ക് ചുവടുമാറി. യഥാർഥത്തിൽ അവിടം മുതൽ മലയാള സിനിമ വലിയ ചൂഷണത്തിന് ഇരയായി തുടങ്ങുകയായിരുന്നു. ക്യൂബ്, സോണി, യൂഫോ തുടങ്ങിയ സാറ്റ്‌ലൈറ്റ് ഡിജിറ്റൽ സിനിമാ ദാദാക്കൾ വിപണി പിടിച്ചെടുത്തതോടെ വലിയ സാമ്പത്തിക നഷ്‌ടം അനുഭവിക്കുന്നത് നിർമാതാക്കൾക്കാണ്.